കേരള ടൂറിസം വീണ്ടും പുരസ്‌കാര നിറവില്‍….

കേരള ടൂറിസം വീണ്ടും പുരസ്‌കാര നിറവില്‍. സുസ്ഥിര വിനോദസഞ്ചാര മേഖലയില്‍ നടത്തുന്ന നൂതനമായ പദ്ധതികള്‍ക്കുള്ള അംഗീകാരമായി ടിഓഎഫ് ടൈഗേര്‍സിന്റെ സാങ്ച്വറി ഏഷ്യ അവാര്‍ഡാണ് കേരള ടൂറിസത്തിന് ലഭിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിന്റെ ആശയങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികള്‍ എന്നീ ഘടകങ്ങളാണ് കേരളത്തെ നേട്ടത്തിനു അര്‍ഹമാക്കിയത്. ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി.

കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികള്‍ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. കേരളം അന്താരാഷ്ട്ര തലത്തില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡാനന്തര കാലഘട്ടത്തില്‍ സുസ്ഥിര ജനകീയ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം നല്‍കുന്ന പ്രാധാന്യം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കുകയാണ്. കഴിഞ്ഞ മൂന്നര വര്‍ഷക്കാലത്തിനിടയില്‍ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തന്‍ പദ്ധതികള്‍ക്ക് ലണ്ടന്‍ ട്രാവല്‍ മാര്‍ട്ടില്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്‌കാരങ്ങള്‍ കേരളത്തെ തേടിയെത്തിയിട്ടുണ്ട്.

Scroll to Top