പ്രേംനസീര്‍ സുഹൃത് സമിതി പ്രേം സ്മൃതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മന്ത്രിമാരായ കെ.മുരളീധരനും സി.പി ജോണിനും പുരസ്‌കാരം

 

തിരുവനന്തപുരം: അനശ്വരനടന്‍ പ്രേം നസീറിന്റെ നൂറാം ജന്‍മദിനാഘോഷം പ്രേം സ്മൃതി 2026 എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പ്രേംനസീര്‍ സുഹൃത് സമിതിയും ഉദയസമുദ്ര ഗ്രൂപ്പും സംയുക്തമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് പ്രേംസ്മൃതി 2026 രാഷ്ട്രീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമാണ് പുരസ്‌കാരം. മന്ത്രിമാരായ കെ.മുരളീധരന്‍, സി.പി ജോണ്‍, എം.എല്‍.എമാരായ വി.ജോയ്, എം.വിന്‍സെന്റ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ആരോഗ്യമന്ത്രി കെ.മുരളീധരന്‍ (രാഷ്ട്രീയ കര്‍മ ശ്രേഷ്ഠ), ഗതാഗതമന്ത്രി സി.പി.ജോണ്‍ (രാഷ്ട്രീയ കര്‍മ മുഖ്യ), എം.എല്‍.എമാരായ വി.ജോയ് (രാഷ്ട്രീയ കര്‍മ തേജസ്, എം.വിന്‍സെന്റ് (രാഷ്ട്രീയ കര്‍മ ജനസേവ), മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി (രാഷ്ടീയ കര്‍മ ജ്യോതിസ്) എന്നീ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് ജൂറി ചെയര്‍മാനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മേയ് 30ന് കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന പ്രേംസ്മൃതി ഉദ്ഘാടനച്ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വി.മുരളീധരന്‍ എം.എല്‍.എക്ക് സ്വീകരണവും ഒരുക്കുന്നുണ്ട്. എട്ടാമത് പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌കാര വിതരണവും ഇതേ വേദിയില്‍ നടക്കും. ഉദയ സമുദ്ര ഗ്രൂപ്പ് സി.എം.ഡി എസ്.രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ജൂറി അംഗങ്ങളായ വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, ജോളി മസ്, കമലാ ലക്ഷ്മി, പനച്ചമൂട് ഷാജഹാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Scroll to Top