കാത്തിരിപ്പുകള്‍ക്ക് അവസാനം; വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു

തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് അവസാനം. പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം കപ്പലിനെ വരവേറ്റു.

നാളെയാണ് ട്രയല്‍ റണ്‍ നടക്കുക. മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോര്‍ട്ട് അധികൃതരും, വിസില്‍ അധികൃതരും ചേര്‍ന്ന് കപ്പലിനെ സ്വാഗതം ചെയ്യും. 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്.

ട്രയല്‍ റണ്‍ പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായെന്ന് പറയാം. ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും 23 യാര്‍ഡ് ക്രെയ്‌നുകളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാന്‍ കഴിയും. കൂറ്റന്‍ ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍ ഉപയോഗിച്ച് കണ്ട്യെനറുകള്‍ കപ്പില്‍ നിന്ന് ഇറക്കും.ശേഷം കപ്പലില്‍ നിന്ന് കണ്ടെയ്‌നുകള്‍ ടെര്‍മിനല്‍ ട്രക്കുകളിലേക്ക് മാറ്റും. യാര്‍ഡ് ക്രെയ്‌നുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ യാര്‍ഡില്‍ അടുക്കിവയ്ക്കും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്‌നുകള്‍ അതനുസരിച്ചാകും ക്രമീകരിക്കുക.

 

 

Scroll to Top