തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു കുറ്റക്കാരനായി തുടരും; ശിക്ഷാവിധി തത്കാലത്തേക്ക് മരവിപ്പിച്ചു

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് സെഷന്‍സ് കോടതിയില്‍ താത്കാലിക ആശ്വാസം. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തത്കാലത്തേക്ക് മരവിപ്പിച്ചു. അന്തിമവിധി വരും വരെ താത്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. അതേസമയം, ആന്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനില്‍ക്കും. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി.

ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ ഇക്കഴിഞ്ഞ മൂന്നാം തിയ്യതിയാണ് മുന്‍മന്ത്രി ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മൂന്നുവര്‍ഷം തടവ് ശിക്ഷയാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നത്. വിധി ചോദ്യം ചെയ്ത് ആന്റണി രാജു തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയായിരുന്നു കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചതെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. ആദ്യഘട്ടത്തില്‍ മൂന്ന് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. അക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്നും ആന്റണി രാജു വാദിച്ചു. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിക്കുകയാണുണ്ടായത്.

അതേസമയം, ശിക്ഷാവിധി മാത്രമാണ് മരവിപ്പിച്ചിട്ടുള്ളത്. കുറ്റക്കാരനായി കണ്ടെത്തിയ കോടതി വിധി അതേപടി നിലനില്‍ക്കും. ശിക്ഷാവിധി മരവിപ്പിച്ചു എന്നത് കൊണ്ട് ആന്റണി രാജുവിന്റെ അയോഗ്യത റദ്ദാക്കപ്പെടുകയുമില്ല. കോടതിയുടെ അന്തിമ വിധിക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയാണ് പിടിയിലായത്. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്നു സര്‍വലിയുടെ അടിവസ്ത്രം. കേസില്‍ ആന്റണി രാജുവിന് പുറമേ കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു കോടതി ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ആന്റണി രാജുവിനുള്ള ശിക്ഷയും കോടതി വിധിച്ചിരുന്നു. മൂന്ന് വര്‍ഷം തടവിന് പുറമേ പതിനായിരം രൂപ പിഴയും അടയ്ക്കാനാണ് കോടതി വിധി.

Scroll to Top