ഞാൻ ഒരാളെ കെട്ടിപ്പിടിച്ച്‌ വീടുവച്ചു തരാമെന്നു പറഞ്ഞാല്‍ മതി, മന്ത്രിമാര്‍ ഓടിയെത്തിക്കോളും: പരിഹാസവുമായി സുരേഷ് ഗോപി

പാലക്കാട്: താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച്‌ നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാല്‍, ഞങ്ങള്‍ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണതയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

പാലക്കാട് പട്ടികജാതിക്കാർക്കു വേണ്ടി സ്ഥാപിച്ച മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ കാര്യങ്ങള്‍ സംസ്ഥാന സർക്കാർ ചെയ്‌തില്ലെങ്കില്‍, അതിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാൻ താൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചു പാലക്കാട്ട് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ബിജെപി നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാര്യം കൂടി. ഞാൻ ശ്രീ രാധാകൃഷ്‌ണൻ എംപി അവർകളെ പാർലമെന്റിന്റെ ഫ്ലോറില്‍വച്ച്‌ കണ്ടപ്പോള്‍ പറഞ്ഞു. ഇവിടെ ഒരു മെഡിക്കല്‍ കോളജ് പട്ടികജാതിക്കാർക്കു വേണ്ടി സ്‌ഥാപിച്ചിട്ടുണ്ട്. അതിന്റെ അവസ്‌ഥ എന്താണെന്ന് ഇപ്പോള്‍ അറിയില്ലെങ്കില്‍, ഇന്നു മുതല്‍ അറിയാൻ വളരെ ആഴത്തില്‍ ഒരു ശ്രമം നടത്തണം. കരുവന്നൂർ പോലെ, ഈ വിഷയത്തിലുള്ള ഇടപെടല്‍ നമ്മുടെ വിജയത്തിലേക്കുള്ള വഴിയായിരിക്കും.

അവിടേക്ക് കേരള സർക്കാർ ചെയ്‌തില്ലെങ്കില്‍, ഉറപ്പായിട്ടും അതിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും, അവിടെ മെഡിസിനു പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടി ചെയ്യാനുള്ള ഏർപ്പാട് ഞാൻ ആക്കിയിട്ടുണ്ട്. പക്ഷേ, ഞാൻ കുറച്ചു കാലമായി കാണുന്ന ഒരു പ്രവണത, ഞാൻ ആരെയെങ്കിലും ഒന്നു കെട്ടിപ്പിടിച്ച്‌ നാലു ലക്ഷം രൂപയ്ക്ക് ഒരു വീടു വച്ചു തരുമെന്ന് പറഞ്ഞാല്‍ മതി, ചെയ്യേണ്ട. അപ്പോഴേക്കും മന്ത്രിമാർ എല്ലാവരും ഓടി അവിടെയെത്തും ഞങ്ങള്‍ ചെയ്തോളാമെന്നു പറയും.

“ഇത് അങ്ങനെ പറഞ്ഞതല്ല. അത് ചെയ്യാനുള്ള വഴി ഞാൻ ഒരുക്കിയിട്ടുണ്ട്. പല വീടുകളിലും പോയ മന്ത്രിമാരെ അറിയാമല്ലോ അല്ലേ ഗുരുവായൂരില്‍ ആരെയോ അവഹേളിച്ചെന്ന് പറഞ്ഞ് ചാടിപ്പോയ മന്ത്രിമാരെയും അറിയാമല്ലോ അവരെല്ലാം ഇനിയങ്ങോട്ട് വീടുകള്‍ കയറിയിറങ്ങട്ടെ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ അടുത്തു ചെന്നും വാഗ്ദാനം കൊടുക്കട്ടെ അങ്ങനെ സംഭവിച്ചാലും സന്തോഷം. നമ്മള്‍ ഇതു നല്‍കി വിജയിക്കണമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല.

പക്ഷേ ലഭ്യത, അതു പട്ടികജാതിക്കാർക്കു നിഷേധിച്ചെങ്കില്‍ പിന്നെ ഇവർക്കൊന്നും മറ്റേ നേതാവിൻ്റെ താങ്ങി അവിടെവന്ന് പാർലമെന്റില്‍ ഈ സർക്കസ് കാണിക്കാൻ ഒരു അവകാശവുമില്ല. വളരെ വ്യക്തമായി പറയുകയാണ്. വെറുതേ ഭരണഘടനയെടുത്ത് ഉയർത്തിക്കാണിച്ചതുകൊണ്ടായില്ല. ഹൃദയത്തില്‍ അതുണ്ടാകണം. പാർലമെന്റില്‍ ടിവിയില്‍ വരുന്നതുകൊണ്ട് ലോകം മുഴുവൻ കാണും, കുറച്ചു കയ്യടി നേടാമെന്നല്ല. ഹൃദയത്തിലുണ്ടെങ്കില്‍, അത് ജനങ്ങള്‍ നിങ്ങള്‍ കാട്ടാതെ തന്നെ മനസ്സിലാക്കും.” – സുരേഷ് ഗോപി പറഞ്ഞു.

Scroll to Top