ലോക്‌സഭയില്‍ രാഹുലും ഭരണപക്ഷവും ഏറ്റുമുട്ടിയ നരവനെയുടെ പുസ്തകത്തില്‍ എന്ത്.? ഇനിയും പുസ്തകം വെളിച്ചം കാണാത്തത് എന്തുകൊണ്ട്.?

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്ന് വലിയ വാദപ്രതിവാദങ്ങള്‍ക്കിടയാക്കിയ മുന്‍ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകമാണ് ഇപ്പോഴത്തെ ചര്‍ച്ച. നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്‌സഭയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. 2020-ലെ ഇന്ത്യ-ചൈന സംഘര്‍ഷം ഉന്നയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെയ്ക്കേണ്ടി വരികയും ചെയ്തു.

മനോജ് നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തെ ആധാരമാക്കി ‘ദി കാരവന്‍’ പ്രസിദ്ധീകരിച്ച കുറിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുല്‍ പ്രസംഗിച്ചത്. പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഈ പുസ്തകത്തിന് അനുമതി നല്‍കേണ്ടതുണ്ട്. 2024-ലായിരുന്നു പുസ്തകം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ഈ പുസ്തകം. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കും ഭരണപക്ഷത്തിന്റെ പ്രതിരോധശ്രമങ്ങള്‍ക്കുമിടെ പുസ്തകത്തില്‍ എന്തൊക്കെ വെളിപ്പെടുത്തലാകും ഉണ്ടാകുക എന്ന ചര്‍ച്ചകളും സജീവമായി.

2019 മുതല്‍ 2022 വരെ കരസേനയുടെ 28-ാം മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ. 2020ലെ ഇന്ത്യ-ചൈന സംഘര്‍ഷം, അഗ്‌നിവീര്‍ പ്രക്രിയ തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് നരവനെയുടെ കാലത്താണ്. ഇവയെ സംബന്ധിച്ച് ചില കുറിപ്പുകള്‍ നരവനെയുടെ പുസ്തകത്തില്‍ ഉണ്ട് എന്നാണ് ‘ദി ഫെഡറല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നും അറിയുന്നു. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ രാജ്നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്‌തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

ഏറെ വിവാദമായ അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്‌നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Scroll to Top