
തൃശ്ശൂര്‍: ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപെട്ട സനൂപിനു രാജ്യത്തെ തന്നെ ഏറ്റവും മികച്ച കണ്ണാശുപത്രിയായ കോവൈ അരവിന്ദ് ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്ക് വഴിയൊരുങ്ങുന്നു. സനൂപിന്റെ ചികിത്സയുടെ മുഴുവന്‍ ചിലവും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി വഹിക്കും. സനൂപിന് കാഴ്ച പൂര്‍ണമായും തിരികെ ലഭിക്കാനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് കെ.സി വേണുഗോപാല്‍ ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് രണ്ടിനാണ് സനൂപിനെ അരവിന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് സനൂപിന് സ്മാര്‍ട്ട് ഗ്ലാസ് വച്ച് കാഴ്ച പരിമിതിയെ മറികടക്കാനുള്ള പരിശീലനമാകും ആദ്യഘട്ടത്തില്‍ നല്‍കുക. ഇതിനു ശേഷമായിരിക്കും കാഴ്ച പൂര്‍ണമായും തിരികെ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുക. നിലവില്‍ കണ്ണ് പൂര്‍ണമായും മാറ്റിവയ്ക്കുന്നതിനുള്ള ചികിത്സ ലഭ്യമല്ല. എന്നിരുന്നാലും സാധ്യമായ എല്ലാ സാധ്യതകളും പരിശോധിക്കും.
തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കണ്ണ് ചികിത്സാ വിഭാഗം മേധാവിയുടെ ശുപാര്‍ശയനുസരിച്ചാണ് സനൂപിന് അടിയന്തിര പ്രധാന്യത്തോടെ അരവിന്ദ് ആശുപത്രിയില്‍ മാര്‍ച്ച് 2ന് ചികിത്സയ്ക്ക് സൗകര്യം ഒരുക്കിയത്. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ രണ്ടിന് സനൂപിനെ അരവിന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. സനൂപിന്റെ ചികിത്സാ ചിലവ് കെ.സി വേണുഗോപാല്‍ എംപി ഏറ്റെടുത്തതായി കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എ.പി അനില്‍ കുമാര്‍ എം.എല്‍.എ തന്നെ അറിയിക്കുകയായിരുന്നു എന്നും അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.



