
തിരുവനന്തപുരം: കേരളത്തില്‍ നഴ്‌സുമാരുടേത് ആധുനിക അടിമപ്പണിയെന്ന് വിശേഷിപ്പിച്ച് കെ.സി വേണുഗോപാല്‍ എം.പി. കരാര്‍ അടിസ്ഥാനത്തില്‍ പന്ത്രണ്ട് മണിക്കൂറിലധികമാണ് വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത്. ഇത് ആധുനിക കാലത്തെ അടിമപ്പണിയാണെന്നും തൊഴില്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും കെ.സി വേണുഗോപാല്‍ എംപി ആരോപിച്ചു. സുപ്രീം കോടതി നിര്‍ദേശിച്ച 40,000 രൂപ അടിസ്ഥാന ശമ്പളം കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും എം.പി ആരോപിച്ചു.
വേതന വര്‍ധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) സംഘടിപ്പിച്ച മാനവീയം വീഥിയിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി വേണുഗോപാല്‍ എം.പി. 40,000 രൂപ അടിസ്ഥാന ശമ്പളമെന്ന ന്യായമായ ആവശ്യം പോലും പരിഗണിക്കാത്ത ഭരണകൂടം ഉത്തരവാദിത്തങ്ങളില്‍ നിന്ന് മുഖം തിരിക്കുകയാണെന്ന് എം.പി വിമര്‍ശിച്ചു. സ്വന്തം അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന നഴ്സുമാരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍, ആരോഗ്യ മേഖലയിലെ നിര്‍ണായക തൊഴിലാളികളായ നഴ്സുമാര്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി ശമ്പള വര്‍ധനവ് നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ കോടികള്‍ ലാഭം കൊയ്യുന്ന സാഹചര്യത്തില്‍ നഴ്സുമാര്‍ക്ക് യോജിച്ച വേതനം നല്‍കാത്തത് ഗുരുതരമായ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഴ്സുമാരുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ അതിന് കാലം കണക്കുപറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നഴ്സുമാരുടെ സമരത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും, നിലവിലെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അധികാരത്തിലെത്തുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അവ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.



