‘ഉപകരണങ്ങളെല്ലാം അവിടെത്തന്നെ ഉണ്ട്’, ആരോ​ഗ്യമന്ത്രിയെ തള്ളി ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണങ്ങൾ കാണാനില്ലെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ആരോപണം തള്ളി ഡോ.ഹാരിസ് ചിറക്കൽ. എല്ലാവര്‍ഷവും ഓഡിറ്റ് നടക്കുന്നതാണെന്നും ഉപകരണങ്ങൾ കാണാതായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കാണാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്.

ഓസിലോസ്‌കോപ്പിന് 20 ലക്ഷം രൂപയില്ല. ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് എടുത്തതാണ്. 14 ലക്ഷം രൂപയുടെതാണത്. കളക്ടറുടെ ഓഫീസില്‍ അതിന്റെ ഫോട്ടോ എടുത്ത് കൊടുത്തതാണ്. ഒരുപാട് ഉപകരണങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധസമിതിക്ക് മുഴുവനായി പരിശോധിക്കാന്‍ സമയം കിട്ടിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപിയുടെ ഫണ്ടിൽനിന്ന് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഡോ. ഹാരിസ് ചിറക്കലിനോട് വിശദീകരണം തേടി എന്നത് സ്വാഭാവിക നടപടിയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായി എന്നുള്ള കണ്ടെത്തലുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമം മാത്രമാണത്. എംപിയുടെ ഫണ്ടിൽനിന്ന് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയെന്നും ഇതിന് മുമ്പ് ഇത് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചത്.

എന്നാൽ ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് അത്തരത്തില്‍ പ്രതികരിച്ചതെന്ന് അറിയില്ലെന്ന് ഹാരിസ് പറഞ്ഞു. ഉപകരണങ്ങള്‍ കാണാനില്ലെന്ന് വിദഗ്ധസമിതി പറയാനുള്ള ഒരു സാധ്യതയുമില്ലെന്നും എന്നാൽ എല്ലാ ഉപകരണങ്ങൾക്കും തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

Scroll to Top