
പല വിഷയങ്ങളാലും കലുഷിതമാകാന്‍ പോകുന്ന നിയമസഭാ സമ്മേളനമാണ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്നത്. പൊലീസിന്റെ കാടത്തവും ആരോഗ്യരംഗത്തെ വീഴ്ചകളും ഒക്കെ കൊണ്ട് സംഘര്‍ഷഭരിതമാകാന്‍ പോകുന്ന നിയമസഭാ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം പ്രതിപക്ഷ നിരയില്‍ നിന്നുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാകും. ലൈംഗികാരോപണത്തില്‍ പെട്ട് പാര്‍ട്ടി നടപടി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ ഇനിയും സംശയമാണ്. രാഹുല്‍ അവധി എടുക്കുന്നതാകും ഉചിതമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമല്ലെന്ന് ഇതിനോടകം സതീശന്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആക്രമണത്തിന്റെ മൂര്‍ച്ച കുറയാതിരിക്കാന്‍ രാഹുല്‍ സഭയില്‍ ഇല്ലാതിരിക്കുന്നതാണ് അഭികാമ്യമെന്നാണ് വി.ഡി സതീശനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വാദിക്കുന്നത്. അതേസമയം, രാഹുലിന് സഭയിലെത്താനുള്ള അവകാശമുണ്ടെന്നും അയാള്‍ വന്നാലും രാഷ്ട്രീയമായി നേരിടണമെന്ന് വാദിക്കുന്ന ഒരു വിഭാഗവും കോണ്‍ഗ്രസിനകത്തുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടപടി എടുത്തെന്ന വിവരം വി.ഡി സതീശന്‍ നിയമസഭാ സ്പീക്കറെ അറിയിച്ചതോടെ ഇത് ഔദ്യോഗികമാകുകയാണ്. ഇതോടെ രാഹുല്‍ ഇനി സഭയിലെത്തിയാലും സഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കേണ്ടി വരും. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇത് രണ്ടാമത്തെ എംഎല്‍എയാണ് സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത്. മുന്‍പ് പി.വി അന്‍വര്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തു പോകുകയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്ത ഘട്ടത്തിലും ഇതുപോലൊരു പ്രത്യേക ബ്ലോക്ക് ഉണ്ടായിരുന്നു. അന്ന് അന്‍വര്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുകയാണ് ചെയ്തത്. ഇനി രാഹുല്‍ സഭയിലെത്തിയാലും പ്രത്യേക ബ്ലോക്ക് ആയിത്തന്നെ ഇരിക്കേണ്ടിവരും. പ്രത്യേക ബ്ലോക്ക് ആകുന്നതോടെ രാഹുല്‍ ഒരു സ്വതന്ത്ര എംഎല്‍എ എന്ന ലേബല്‍ മാത്രമാകും. ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് അനുവദിക്കുന്ന അത്രയും സമയം രാഹുലിന് ലഭിച്ചെന്നും വരില്ല. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് പരിമിതികളുണ്ടാകും. പ്രത്യേകവിഷയങ്ങളിലെ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ സമയം അനുവദിച്ചാല്‍ മാത്രമാണ് രാഹുലിന് സംസാരിക്കാനാകുക. അങ്ങനെ ലഭിച്ചാല്‍ത്തന്നെ ഒന്നോ, രണ്ടോ മിനിറ്റാകും കിട്ടുക.

ഇനി രാഹുല്‍ നിയമസഭയിലെത്തിയാല്‍ ലൈംഗികാരോപണം ഉന്നയിച്ച് രാഹുലിനെ നേരിടാനാകും ഭരണപക്ഷത്തിന്റെ ശ്രമം. ഈ ആക്രമണം ഒരുപക്ഷേ പ്രതിപക്ഷത്തിനു നേര്‍ക്കും നീളും. അതുകൊണ്ട് തന്നെ അത്തരം ആക്രമണം സര്‍ക്കാരിനെതിരെ പ്രതിപക്ഷം മൂര്‍ച്ച കൂട്ടുന്ന ആയുധത്തിന്റെ മൂര്‍ച്ചയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിന് നന്നായറിയാം. അതുകൊണ്ട് തന്നെ അത്തരം ആക്രമണത്തെ നേരിടാന്‍ തന്നെയാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമല്ലെന്നും രാഹുലിനെതിരെ നടപടി എടുത്തതാണെന്നും സ്പീക്കറെ പ്രതിപക്ഷ നേതാവ് കത്ത് നല്‍കി അറിയിച്ചത്. ഇതോടെ ഈ ആക്രമണത്തെ ഭരണപക്ഷത്തുള്ള സമാന ആരോപണം നേരിടുന്ന എംഎല്‍എമാരുടെ വിഷയം വച്ച് പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കും. സര്‍ക്കാരിനെതിരായ ആക്രമണങ്ങള്‍ക്ക് ശക്തിപകരുന്നതിന് രാഹുല്‍ സഭയില്‍ എത്താതിരിക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തീരുമാനിക്കാനുള്ള കാരണം അതാണ്. സഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് രാഹുലിനെ ഉപദേശിക്കാനും കോണ്‍ഗ്രസില്‍ ആലോചനയുണ്ട്.
അതേസമയം, രാഹുല്‍ നിയമസഭയില്‍ എത്തുന്നതില്‍ കോണ്‍ഗ്രസിലും രണ്ടഭിപ്രായമുണ്ട്. ആരോപണത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് സതീശന്‍, രാഹുലിനോട് സഭയില്‍ വരാതെ അവധി എടുക്കാന്‍ ഉപദേശിച്ചത്. എന്നാല്‍, എംഎല്‍എ എന്നനിലയില്‍ രാഹുലിന് സഭയില്‍വരുന്നതിന് സാങ്കേതികമായി തടസ്സമില്ല. അതിനാല്‍ അദ്ദേഹം സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളത്. പാര്‍ട്ടി എന്ന നിലയില്‍ രാഹുലിന് പിന്തുണയൊന്നും നല്‍കേണ്ടെന്ന നിലപാടിനോട് പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും യോജിപ്പുണ്ടെങ്കിലും എല്ലാവരും യോജിക്കുമ്പോഴും ഭരണപക്ഷത്തുനിന്ന് രാഹുലിനെതിരേ കടന്നാക്രമണം ഉണ്ടായാല്‍ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഭരണപക്ഷാംഗങ്ങള്‍ക്കെതിരേ പ്രതിപക്ഷത്തിന് ശബ്ദമുയര്‍ത്തേണ്ടിവരും. അതേസമയം, രാഹുലിനെ കൈകാര്യം ചെയ്ത രീതിയുടെപേരില്‍ വി.ഡി. സതീശനെതിരേ മറ്റുവിഭാഗങ്ങള്‍ സംഘടിക്കുന്ന സ്ഥിതിയും പാര്‍ട്ടിക്കുള്ളിലുണ്ട്. എ ഗ്രൂപ്പില്‍ നിന്ന് പലരും രാഹുല്‍ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ വിമര്‍ശിക്കുന്നുണ്ട്. രാഹുലിന് സഭയില്‍ വരാനുള്ള അവകാശമുണ്ടെന്നും അങ്ങനെ അദ്ദേഹം വന്നാലും ആക്രമണമുണ്ടായാല്‍ രാഷ്ട്രീയമായി നേരിടണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.

പതിവുപോലെ ഇക്കുറിയും സര്‍ക്കാരിനെതിരെ നിറയെ ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. സ്വാഭാവികമായും പൊലീസിന്റെ കാടന്‍ രീതി തന്നെയാകും ഇത്തവണത്തെ പ്രധാന ചര്‍ച്ചാ വിഷയം. യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതു മുതല്‍ അത്തരത്തില്‍ നടന്ന പല പൊലീസ് മര്‍ദ്ദനങ്ങളും പിന്നാലെ പിന്നാലെ ചര്‍ച്ചയായിരുന്നു. സ്വാഭാവികമായും കയറൂരിവിട്ടനിലയില്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ തന്നെയാകും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. അക്രമങ്ങള്‍ക്ക് തെളിവായി സ്റ്റേഷനിലെ തന്നെ സിസിടിവി ദൃശ്യങ്ങള്‍ സംസാരിക്കുന്ന തെളിവ് ആകുമ്പോള്‍ ഭരണപക്ഷം കുറേ വിയര്‍ക്കേണ്ടി വരും. പൊലീസിന്റെ മര്‍ദ്ദനവിഷയങ്ങളില്‍ മുഖ്യമന്ത്രി ഇപ്പോഴും മൗനം ഭുജിക്കുകയാണ്. ഈ മൗനം മുറിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ഉന്നം. ഒന്നിനു പിന്നാലെ ഒന്നായി വെളിപ്പെടുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ മുന്‍നിര്‍ത്തി ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സ്ഥാപിക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ഉന്നം. സ്വന്തം ഘടകകക്ഷിയായ സിപിഐയില്‍ നിന്നു പോലും ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും പ്രതിപക്ഷം ആയുധമാക്കാന്‍ സാധ്യതയുണ്ട്.

ആരോഗ്യവകുപ്പിനെതിരായ വിമര്‍ശനങ്ങളും അമീബിക് മസ്തിഷ്‌കജ്വരം തടയുന്നതിലെ ആരോഗ്യവകുപ്പിന്റെ പരാജയവും എല്ലാം ഇത്തവണത്തെ ചര്‍ച്ചാവിഷയമാകും. പതിവുപോലെ വന്യജീവി ആക്രമണങ്ങള്‍ ഇത്തവണയും ചര്‍ച്ച ചെയ്യപ്പെടും. ഇതിനെല്ലാം പുറമേ നിലമ്പൂര്‍ തിരികെ പിടിച്ചതിന്റെ ആവേശവും ഇത്തവണ യുഡിഎഫ് ക്യാംപിലുണ്ട്. എന്നാല്‍, അപ്പോഴും നിയമസഭയ്ക്കകത്തും പുറത്തും പാര്‍ട്ടിയുടെ കുന്തമുന ആയിരുന്ന, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രധആന ആവേശമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ എംഎല്‍എ സഭയില്‍ ഇല്ല എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിരോധം തന്നെയാണ്. പന്ത്രണ്ട് ദിവസത്തെ സഭാ സമ്മേളനം ഇക്കുറി പലവിഷയങ്ങളാല്‍ സമ്പന്നമാകും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ആരോപണ പ്രത്യാരോപണങ്ങളും പ്രതിഷേധങ്ങളും ഏതറ്റം വരെ പോകുമെന്ന് മാത്രമാണ് ഇനി കണ്ടറിയേണ്ടത്.



