വോട്ട് ചോരി അങ്ങനൊന്നും തീരില്ല; പിക്ചര്‍ അഭി ബാക്കി ഹേ ഭായ്…! രാഹുലിന്റെ പ്ലാന്‍ ഇതാണ്..!

ജനാധിപത്യം കവര്‍ച്ച ചെയ്യപ്പെട്ടിടത്ത് പോരാളികളാകേണ്ടത് ജനങ്ങളാണ്. രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന വോട്ട് കൊള്ള ആരോപണങ്ങളെ ഒറ്റവാക്യത്തില്‍ ഇങ്ങനെ ചുരുക്കാം. ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ശക്തമായ പ്രഹരങ്ങളുമായി രണ്ടുതവണയാണ് രാഹുല്‍ഗാന്ധി വോട്ട് കൊള്ള ആരോപണം ഉയര്‍ത്തി വാര്‍ത്താസമ്മേളനം നടത്തിയത്. രണ്ടുതവണയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും കണക്കിന് കിട്ടുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ പറഞ്ഞതെല്ലാം കണ്ണുമടച്ച് നിഷേധിക്കുകയാണെങ്കില്‍ ബിജെപി തങ്ങളുടെ പതിവ് ശൈലിയില്‍ രാഹുലിനെ അധിക്ഷേപിച്ചും ആക്ഷേപിച്ചും പരിഹസിച്ചും കാലം കഴിക്കുകയാണ്. വസ്തുതാപരമായി ഒരു കാര്യത്തിന് പോലും രാഹുലിന്റെ ഈ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ ഇവരാരും തയ്യാറായിട്ടില്ല. എന്തായാലും ഈ വോട്ട് കൊള്ളയുടെ യഥാര്‍ത്ഥ സൂത്രധാരന്‍മാരെ അറിയാമെന്നും തെളിവ് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ തെളിവുകള്‍ പുറത്തുവിടുന്ന സമയത്തിനായി കാത്തിരിക്കൂ എന്ന രാഹുലിന്റെ വാക്കുകളില്‍ വലുതെന്തോ വരാനുള്ളതിന്റെ സൂചനയുണ്ട്.

ആദ്യത്തെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ തെളിവുകളുമായി കേട്ടാല്‍ അതിശയം തോന്നുന്ന ചില കാര്യങ്ങളുമായാണ് ഇന്നലെ രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. സ്വാഭാവികമായും രണ്ട് ചോദ്യങ്ങള്‍ രാഹുലിന്റെ ഈ വാര്‍ത്താസമ്മേളനങ്ങള്‍ എല്ലാം കാണുന്നവരില്‍ ഉണ്ടാകുക സ്വാഭാവികം. ഒന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യമിടുന്ന രാഹുലിന്റെ ലക്ഷ്യത്തില്‍ മറ്റാരെങ്കിലുമുണ്ടോ, രണ്ട് ഈ ആരോപണങ്ങളല്ലാതെ അതിന് തുടര്‍ നടപടികള്‍ എന്തെങ്കിലും ഉണ്ടോ. ആദ്യത്തെ ചോദ്യത്തിന് മറുപടി ഒരു ചിരിയിലൊതുക്കി സസ്‌പെന്‍സ് നിലനിര്‍ത്തി., രണ്ടാമത്തെ ചോദ്യത്തിന് ഒറ്റവാക്കില്‍ ജനത എന്ന് ഉത്തരം. അവിടെയാണ് ജനാധിപത്യം കവര്‍ച്ച ചെയ്യപ്പെട്ടിടത്ത് പോരാളികളാകേണ്ടത് ജനങ്ങളാണെന്ന നരേറ്റീവ് ഉണ്ടാകുന്നത്.

രാഹുല്‍ഗാന്ധി ഈ ആരോപണങ്ങളെല്ലാം ഉന്നയിക്കുമ്പോഴും സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ് രാഹുല്‍ എന്തുകൊണ്ട് നിയമത്തിന്റെ വഴിയിലേക്ക് നീങ്ങുന്നില്ല എന്നത്. അതിനുള്ള മറുപടിയായാണ് കവര്‍ച്ച ചെയ്യപ്പെട്ട ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന രാഹുലിന്റെ വാക്കുകള്‍. കോടതി അടക്കം ഭരണഘടനാ സംവിധാനങ്ങള്‍ ഇടപെടണമെന്നും ആരോപണങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുല്‍ പറയുന്നത് എല്ലാം ജനങ്ങള്‍ക്ക് വിടുന്നു എന്നാണ്. നിയമപോരാട്ടം എന്നതിനപ്പുറം ജനങ്ങള്‍ക്കിടയില്‍ ആരോപണങ്ങള്‍ ലൈവായി നിര്‍ത്തുക എന്നാണ് ഇവിടെ രാഹുല്‍ അര്‍ത്ഥമാക്കുന്നത്. സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാക്കി നിര്‍ത്തുന്നതോടെ ആളുകളുടെ മനസ്സില്‍ ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയരും. അതുവഴി ജനങ്ങള്‍ക്കിടയില്‍ ഇക്കാര്യങ്ങളെല്ലാം എപ്പോഴും ചര്‍ച്ചയാക്കി നിര്‍ത്താനും സാധിക്കാം. ഒപ്പം മറ്റൊരു വഴിയിലൂടെ നിയമപരമായി നീങ്ങുകയുമാകാം. അതുതന്നെയാണ് രാഹുലിന്റെ സ്ട്രാറ്റജിക്കല്‍ തന്ത്രം. വര്‍ഷങ്ങളായി നടക്കുന്ന വോട്ട് കൊള്ളയെന്ന ദുരാചാരത്തിനെതിരെ ജനകീയ പോരാട്ടത്തിനാണ് താന്‍ അടിത്തറയിടുന്നതെന്ന് രാഹുല്‍ പറയുന്നു. രാഷ്ട്രീയവും ഭരണഘടനയും കവര്‍ച്ച ചെയ്യപ്പെടുന്നുവെന്നു ജനത തിരിച്ചറിയുന്ന കാലത്തേ എല്ലാം ശരിയാകൂ എന്ന രാഹുലിന്റെ വാക്കുകള്‍ ജനങ്ങളിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് അടിവരയിടുന്നതാണ്.

ഇന്നലത്തെ വാര്‍ത്താസമ്മേളനം കൂടി കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വച്ചുള്ള അടികളെല്ലാം ഭരണപ്പാര്‍ട്ടിയായ ബിജെപിയിലും അസ്വസ്ഥത നിറയ്ക്കുന്നുണ്ട്. രാഹുല്‍ തന്റെ ആരോപണങ്ങളിലൂടെ നേരിട്ട് ആക്രമിക്കുന്നത് കമ്മീഷനെ ആണെങ്കിലും അതിന്റെയെല്ലാം അനുരണനങ്ങള്‍ എത്തുന്നത് ബിജെപിയിലാണെന്നതാണ് വസ്തുത. ആരെയാണ് രാഹുല്‍ ലക്ഷ്യമിടുന്നതെന്ന ചോദ്യത്തിന് അദ്ദേഹം ചിരിച്ചു കാണിച്ചെങ്കിലും കോമണ്‍സെന്‍സ് ഉപയോഗിച്ച് ചിന്തിച്ചാല്‍ ആ ചിരിയുടെ അര്‍ത്ഥം പിടികിട്ടും. സ്വാഭാവികമായും ഈ വോട്ട് ചോര്‍ച്ച ഗുണം ചെയ്യുന്നത് ബിജെപിക്കാണെന്ന് അറിയാത്തവരല്ലല്ലോ നമ്മളൊന്നും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും അറിയാം. അങ്ങനെ വരുമ്പോള്‍ വോട്ട് കൊള്ളയുടെ പ്രയോജനം ലഭിക്കുന്നത് ബിജെപിക്കായിരിക്കുമെന്ന് ഊഹിക്കാം. ഇതോടെ തന്റെ ആരോപണങ്ങളെ അവഗണിച്ചു തള്ളാനാകാത്ത വിധം രാഹുല്‍ ബിജെപിയെ തന്റെ കുറ്റിയില്‍ കെട്ടിയിരിക്കുകയാണ്. ശരിക്കും ചക്രവ്യൂഹത്തില്‍ അകപ്പെട്ട അവസ്ഥയാണ് ബിജെപിക്ക്., പുറത്തു കടക്കാനും വയ്യ, പ്രതിരോധിച്ചു നില്‍ക്കാനും വയ്യ.

പ്രധാനമന്ത്രിയുടെയും എന്‍ഡിഎ സര്‍ക്കാരിന്റെയും ജനാധിപത്യ സാധുതയെയാണ് രാഹുല്‍ ലക്ഷ്യം വെക്കുന്നത്. ജനാധിപത്യം കവര്‍ച്ച ചെയ്യപ്പെട്ടെന്നും ജനങ്ങളിലൂടെ മാത്രമേ തിരിച്ചു പിടിക്കാനൊക്കൂ എന്നും രാഹുല്‍ പറയുമ്പോള്‍ അര്‍ത്ഥമാകുന്നത് തെരഞ്ഞെടുപ്പ് ക്രമക്കേടുകളിലൂടെയാണ് ബിജെപി പല വിജയങ്ങളും സ്വന്തമാക്കുന്നത് എന്നു തന്നെയാണ്. വോട്ട് കൊള്ള നടന്നു എന്ന ആരോപണം ബിജെപിക്കെതിരെ വലിയ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുക്കിക്കഴിഞ്ഞു. അതിന്റെ തെളിവാണ് വോട്ടര്‍ അധികാര്‍ യാത്രയിലെ ജനപങ്കാളിത്തവും. ഇത് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരേ രാജ്യവ്യാപക പ്രക്ഷോഭമുഖം തുറക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം പകര്‍ന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കടന്നാക്രമിച്ചുള്ള രാഹുലിന്റെ വാര്‍ത്താസമ്മേളനം ആര്‍ക്കൊക്കെ നേരെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകുകയും ചെയ്യും.

ഇത്തരത്തില്‍ ആരോപണ ശരങ്ങള്‍ കൊണ്ട് രാഹുല്‍ പോരാട്ടത്തിനിറങ്ങിയാല്‍ അവയെ പ്രതിരോധിക്കാന്‍ ബിജെപി നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും. ഇപ്പോഴും രാഹുലിന്റെ ആരോപണങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി മറുപടി നല്‍കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഒരല്‍പം വംശീയതയും രാജ്യവിരുദ്ധതയും ചേര്‍ത്തുള്ള സ്ഥിരം വാചകക്കസര്‍ത്ത് മാത്രമാണ് ബിജെപി നടത്തുന്നത്. ആരോപണത്തിനു മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയാണെന്നും കമ്മിഷനില്‍ സത്യവാങ്മൂലം നല്‍കാതെ വ്യാജ ആരോപണങ്ങളുന്നയിച്ച് പിന്നീട് ഓടിയൊളിക്കുകയും ചെയ്യുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെന്നും പറഞ്ഞ് കൈ കഴുകുകയാണ് ബിജെപി. ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിനാണ് രാഹുല്‍ മുന്‍ഗണന നല്‍കുന്നതെന്ന മറിച്ചൊരു ആരോപണമുയര്‍ത്തി രാഹുലിന്റെ ആരോപണങ്ങള്‍ വഴിതിരിച്ചു വിടാന്‍ കൂടി ബിജെപി ശ്രമിക്കുന്നു. ഈ ആരോപണങ്ങളിലൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നുകൂടി മനസ്സിലാക്കണം.

ഒരു ബിഎല്‍ഒയുടെ അമ്മാവന്റെ വോട്ട് അയല്‍വാസി നീക്കം ചെയ്‌തെന്ന കണ്ടെത്തലില്‍ നിന്നാണ് ഇതിന്റെ എല്ലാം തുടക്കം. അതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അയല്‍വാസി ഇത്തരത്തില്‍ വോട്ട് നീക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് മനസ്സിലായി. ആ സംശയമാണ് വ്യാജ ലോഗിന്‍ ഐഡി ഉപയോഗിച്ച് വ്യാപകമായി വോട്ടുകള്‍ നീക്കം ചെയ്യുന്നതെന്ന കണ്ടെത്തലിലേക്ക് നയിച്ചത്. കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തവിധം അജ്ഞാതമായ കേന്ദ്രങ്ങളില്‍നിന്ന് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നിയന്ത്രിക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് ‘വോട്ടു കൊ ള്ള ഫാക്ടറി’യെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്., കൃത്യമായ വേതന വ്യവസ്ഥകളോടെ ‘കോള്‍സെന്ററുകള്‍ മാതൃകയിലായിരിക്കും ഇവയുടെ പ്രവര്‍ത്തനമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വോട്ട് നീക്കല്‍ മാത്രമല്ല., കള്ളവോട്ട് കൂട്ടിച്ചേര്‍ക്കലുകളും ഇത്തരത്തില്‍ വ്യാപകമായി നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പഴയ ശക്തികേന്ദ്രമായ മഹാരാഷ്ട്രയിലെ രജൗര മണ്ഡലത്തില്‍ 6850 വോട്ടര്‍മാരെ വ്യാജമായി ഓണ്‍ലൈന്‍വഴി കൂട്ടിച്ചേര്‍ത്തതായാണ് ആരോപണം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കിടയിലുള്ള ആറുമാസകാലയളവില്‍ രജുര മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 55,000 വര്‍ധിച്ചിരുന്നതായും കണ്ടെത്തി.

വോട്ട് ചോരി ആരോപണത്തില്‍ നിയമവഴിയില്‍ നീങ്ങുമോ എന്ന ചോദ്യത്തിന് രാഹുല്‍ പറഞ്ഞ മറുപടി, രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങള്‍ ഉണ്ട് അവ ഇടപെടട്ടെ എന്നാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ദൗത്യം താന്‍ നിറവേറ്റുന്നു ബാക്കി കോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ നടത്തട്ടെ എന്നാണ് രാഹുല്‍ പറയുന്നത്. സത്യം ജനങ്ങളോട് പറഞ്ഞു കഴിഞ്ഞു. ജനം വേണ്ടത് ചെയ്യുമെന്ന് രാഹുല്‍ ഓര്‍മിപ്പിക്കുന്നുമുണ്ട്. സെപ്തംബര്‍ ഒന്നിന് രാഹുല്‍ഗാന്ധി പറഞ്ഞത് ആദ്യത്തെ വോട്ട് ചോരി ആരോപണം ആറ്റംബോംബ് ആയിരുന്നെങ്കില്‍ ഇനി വരാനുള്ളത് ഹൈഡ്രജന്‍ ബോംബ് ആണെന്നായിരുന്നു. എന്നാല്‍, ഇന്നലെ വാര്‍ത്താസമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ രാഹുല്‍ പറഞ്ഞത്, ഇത് ഹൈഡ്രജന്‍ ബോംബ് അല്ലെന്നും ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേ ഉള്‌ളൂ എന്നുമായിരുന്നു. അതായത് ടീസര്‍ കഴിഞ്ഞതേ ഉള്ളൂ, പിക്ചര്‍ അഭി ബാക്കി ഹേ ഭായ്…!

Scroll to Top