സുഡാനിലെ അതിക്രൂര വംശഹത്യ; കൊല്ലുന്നതും കൊല്ലപ്പെടുന്നതും സ്വന്തം വര്‍ഗക്കാര്‍; എന്താണ് സുഡാനില്‍ സംഭവിക്കുന്നത്..?

ലോകത്ത് യുദ്ധങ്ങള്‍ പലതരമുണ്ട്, അധിനിവേശങ്ങളിലൂടെയും ഏകപക്ഷീയമായും നടക്കുന്ന പോരാട്ടങ്ങള്‍, സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍. രാജ്യം പിടിച്ചടയ്ക്കാന്‍ ശത്രുരാജ്യങ്ങള്‍ നടത്തുന്നതാണ് യുദ്ധങ്ങള്‍. ഗാസയില്‍ പിഞ്ചുമക്കളെ അടക്കം കൊന്നൊടുക്കി ഇസ്രായേല്‍ നടത്തുന്ന വംശഹത്യ അതിന് ഇപ്പോള്‍ ചൂണ്ടിക്കാണിക്കാവുന്ന ഏറ്റവും വലിയ ഉദാഹരണമാണ്. ആഭ്യന്തര കലാപങ്ങളും ധാരാളം നടന്നിട്ടുണ്ട്. സിറിയയിലടക്കം നടന്നത് അതിനുദാഹരണങ്ങളാണ്. എന്നാല്‍, എന്തിനു വേണ്ടി കൊല്ലപ്പെടുന്നു എന്നു പോലും അറിയാതെ അതിക്രൂരമായ വംശഹത്യയ്ക്ക് വിധേയമാകുന്നവരാണ് സുഡാനിലുള്ളത്. സ്വന്തം വര്‍ഗക്കാരുടെ കൈകളാല്‍ മരണം വരിക്കാനാണ് ഇവിടത്തെ സ്ത്രീകളും കുട്ടികളും അടക്കം വിധിക്കപ്പെട്ടിരിക്കുന്നത്. പട്ടിണിയുടെ അങ്ങേയറ്റം അനുഭവിക്കുന്ന സ്വന്തം ജനതയ്ക്ക് ഇവിടത്തെ വിമതസേന, ബോംബുകളും വെടിയുണ്ടകളും കൊണ്ടാണ് അത്താഴമൊരുക്കുന്നത്. എന്നാല്‍, ഈ കൊല്ലുന്നവര്‍ക്ക് നിയതമായ ഒരു ലക്ഷ്യമുണ്ട്. അവര്‍ ബാഹ്യശത്രുവിനു വേണ്ടിയാണ് കൃത്യമായി പണിയെടുക്കുന്നത്. എന്നാല്‍ അത് എന്തിനു വേണ്ടിയെന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമില്ല. കൊല്ലപ്പെടുന്ന പാവങ്ങള്‍ക്കും അതറിയില്ല.

കഴിഞ്ഞ രണ്ടരവര്‍ഷമായി ആഭ്യന്തരയുദ്ധം സുഡാനില്‍ മരണവ്യാപാരം നടത്താന്‍ തുടങ്ങിയിട്ട്. സ്വന്തം വര്‍ഗക്കാര്‍ തന്നെ ബോംബുകളും യുദ്ധടാങ്കുകളുമായി എത്തി പാവം ജനതയെ കൊന്നു തള്ളുന്നു. വീടുകള്‍ തീവച്ച് നശിപ്പിക്കുന്നു. രാജ്യം തന്നെ കിഴക്കെന്നും പടിഞ്ഞാറെന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് എന്ന് വിളിക്കുന്ന ആര്‍എസ്എഫ് എന്ന വിമത സൈന്യമാണ് ആഭ്യന്തര കലാപങ്ങള്‍ നടത്തുന്നതും വംശഹത്യ നടത്തുന്നതും. അവര്‍ സ്വന്തം ജനതയ്ക്ക് വെടിയുണ്ടകള്‍ കൊണ്ട് അത്താഴമൊരുക്കുന്നു. മരുന്നോ ഭക്ഷണമോ തങ്ങളുടെ അധീശത്വത്തിലുള്ള പ്രദേശത്തേക്ക് ഈ വിമതസൈന്യം എത്തിക്കുന്നില്ല. ാെക്ടോബര്‍ 26ന് കൃത്യമായി പറഞ്ഞാല്‍ ഒരാഴ്ച മുന്‍പ് എല്‍ ഫാഷര്‍ നഗരം പിടിച്ചെടുത്തതോടെ ആയിരക്കണക്കിനാളുകളാണ് അതിനിഷ്ഠൂരമായി കൂട്ടക്കൊലയ്ക്ക് ഇരയായത്.

രണ്ടായി വിഭജിക്കപ്പെട്ട സുഡാന്റെ കിഴക്കന്‍ പ്രദേശം ഇപ്പോള്‍ സുഡാന്‍ സൈന്യമായ എസ്എഎഫിന്റെ അധീശത്വത്തിലാണ്. പടിഞ്ഞാറന്‍ സുഡാന്‍ ആര്‍എസ്എഫ് എന്ന വിമതസേനയും കൈവശം വച്ചിരിക്കുന്നു. പടിഞ്ഞാറന്‍ സുഡാനിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമായ ദാര്‍ഫുറിന്റെ തലസ്ഥാനമായ എല്‍ ഫാഷര്‍ രണ്ടു വര്‍ഷത്തോളമായി ആര്‍എസ്എഫിന്റെ ഉപരോധത്തിലായിരുന്നു. ഒടുവില്‍ കഴിഞ്ഞയാഴ്ച ഒക്ടോബര്‍ 26ന് എല്‍ ഫാഷര്‍ വിമതസൈന്യം പിടിച്ചെടുത്തു. എല്‍ ഫാഷര്‍ സിറ്റിക്കകത്ത് കുടുങ്ങിയ ആളുകളെ പട്ടിണിക്കിട്ടും ആക്രമിച്ചും കൊല്ലുുന്ന ഭയാനകമായ കാഴ്ചയാണ് പിന്നീട് അവിടെ നിന്ന് കണ്ടത്. ലക്ഷക്കണക്കിന് ആളുകളാണ് എല്‍ ഫാഷറില്‍ കുടുങ്ങിയിരിക്കുന്നത്. ഈ ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്ന വഴികള്‍ ആര്‍എസ്എഫ് അടച്ചു. ഇത് കഠിനമായ പട്ടിണിയും മരണങ്ങളും കൂട്ടക്കൊലകളും സംബന്ധിച്ച ആശങ്കയേറ്റിയിരിക്കുകയാണ്.

12 ലക്ഷത്തോളമാണ് എല്‍ ഫാഷര്‍ നഗരത്തിലെ ജനസംഖ്യ. രണ്ടര വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമായി എല്‍ ഫാഷറിന്റെ നിയന്ത്രണം ആര്‍എസ്എഫ് ഏറ്റെടുത്തു. രണ്ടുവര്‍ഷത്തോളം ആര്‍എസ്എഫിന്റെ ഉപരോധത്തിലായിരുന്നു എല്‍ ഫാഷര്‍. ഇതോടെ ഇവിടേക്ക് ഭക്ഷണവും അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കുന്നത് 56 കിലോമീറ്റര്‍ ദൂരപരിധി വരെ പാതകള്‍ അടച്ച് നിര്‍ത്തലാക്കിച്ചു. അങ്ങനെ സ്വന്തം ജനങ്ങളെ പട്ടിണിക്കിട്ടു. എല്‍ ഫാഷര്‍ പിടിച്ചെടുത്തതിന്റ തലേദിവസം ദാര്‍ഫുറിന്റെ അയല്‍ സംസ്ഥാനമായ നോര്‍ത്ത് കോര്‍ദോഫാനും പിടിച്ചെടുത്തതായി ആര്‍എസ്എഫ് പ്രഖ്യാപിക്കുകയും ഇതിനു തൊട്ടുപിന്നാലെ നോര്‍ത്ത് കോര്‍ദോഫാനിലെ ബാരയില്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി.

ഇവിടെയും വിമത സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത് സാധാരണക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണെന്നതാണ് വസ്തുത. ബാരയോട് ചേര്‍ന്നുള്ള എല്‍ ഒബൈദ് പട്ടണം നിലവില്‍ സുഡാന്‍ സൈന്യമായ എഎസ്എഫിന്റെ നിയന്ത്രണത്തിലാണെങ്കിലും ഇതും പിടിച്ചെടുക്കാനുള്ള മുന്നേറ്റമാണ് ആര്‍എസ്എഫ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതും പിടിച്ചെടുത്താല്‍ സുഡാനില്‍ പിന്നീട് സംഭവിക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സമാനതകളില്ലാത്ത ക്രൂരമായ മനുഷ്യവേട്ടയായിരിക്കും.

എല്‍ ഫാഷറിലും എല്‍ ഒബൈദിലും ആര്‍എസ്എഫ് നടത്തുന്ന ക്രൂരമായ മനുഷ്യവേട്ട പടിഞ്ഞാറന്‍ സുഡാനെ രക്തപങ്കിലമാക്കിയിരിക്കുന്നു. അവസാന നിമിഷം വരെ കീഴടങ്ങാതെ പിടിച്ചുനിന്ന എല്‍ ഫാഷറും പിടിച്ചെടുത്തതോടെ പടിഞ്ഞാറന്‍ സുഡാന്‍ പൂര്‍ണമായും ഇപ്പോള്‍ വിമതസൈന്യത്തിന് കീഴിലായിരിക്കുന്നു. ദാര്‍ഫുര്‍ സംസ്ഥാനത്തുടനീളം ആര്‍എസ്എഫ് സമാന്തര ഭരണവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കാല്‍ലക്ഷത്തിലധികം ആളുകളാണ് എല്‍ ഫാഷറില്‍ നിന്ന് പലായനം ചെയ്തത്. 70 കിലോമീറ്ററോളം പടിഞ്ഞാറേക്ക് യാത്ര ചെയ്ത് തവില എന്ന സ്ഥലത്ത് അഭയാര്‍ത്ഥികളായി ഇവരെത്തി. എന്നാല്‍, തവിലയാകട്ടെ അഭയാര്‍ത്ഥികളെ താങ്ങാനാകാതെ നിറഞ്ഞു കവിയാന്‍ തുടങ്ങി. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കു പ്രകാരം 1,77,000 സിവിലിയന്മാര്‍ നിലവില്‍ എല്‍ ഫാഷറില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ക്രൂരമായി കൊലപ്പെടുത്തിയും പീഡിപ്പിച്ചും ആളുകളെ ഉപദ്രവിക്കുന്ന ആര്‍എസ്എഫിന്റെ വീഡിയോ അവിടെ നടക്കുന്ന ക്രൂരതയുടെ തെളിഞ്ഞ ഉദാഹരണമാണ്. ജീവനുംകൊണ്ട് പലായനം ചെയ്യുന്നവരെ പോലും വെറുതെ വിടാത്ത അത്ര ക്രൂരതയാണ് ആര്‍എസ്എഫ് പടിഞ്ഞാറന്‍ സുഡാനില്‍ നടക്കുന്നത്.

സ്വര്‍ണവും എണ്ണയുമാണ് ഈ ആഭ്യന്തര യുദ്ധത്തിന്റെ കാതലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ വിമത സൈന്യം പിടിച്ചെടുത്ത ദാര്‍ഫുര്‍ സ്വര്‍ണത്തിന്റെ ഒരു പ്രധാന ഉറവിടമാണ്. 2024-ലെ ഒരു ഇറ്റാലിയന്‍ പൊളിറ്റിക്കല്‍ സ്റ്റഡി റിപ്പോര്‍ട്ട് അനുസരിച്ച് സുഡാനിലെ സ്വര്‍ണത്തിനായുള്ള പോരാട്ടമാണ് ഈ യുദ്ധത്തിന്റെ ഒരു പ്രേരകശക്തി. എല്‍ ഫാഷര്‍ പിടിച്ചെടുത്തതോടെ ദക്ഷിണ സുഡാന്‍, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളിലെ തന്ത്രപരവും വിശാലവുമായ അതിര്‍ത്തി പ്രദേശത്തിന്റെ മുഴുവന്‍ നിയന്ത്രണവും ആര്‍.എസ്.എഫിന് ലഭിച്ചുകഴിഞ്ഞു. ഇനി മറ്റൊരു ആര്‍എസ്എഫ് അധിനിവേശ സ്ഥലമായ നോര്‍ത്ത് കോര്‍ദോഫാന്‍ സംസ്ഥാനത്തിന്റെ എണ്ണ സമ്പന്നമായ തലസ്ഥാനമാണ് അല്‍ ഒബൈദ്. ദാര്‍ഫുറിനും സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിനും ഇടയിലെ തന്ത്രപരമായ കണ്ണി കൂടിയാണ് ഒബൈദ് എന്നു പറയാം. ആര്‍എസ്എഫിന് അല്‍ ഒബൈദില്‍ നിയന്ത്രണം ഇല്ലെങ്കിലും ഇതും പിടിച്ചെടുക്കാന്‍ ആര്‍എസ്എഫ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സുഡാന്‍ സൈന്യത്തിന് ഒരു സുപ്രധാനമായ നഷ്ടം തന്നെയാകും ഇത്. എല്‍ ഒബൈദില്‍ നിന്ന് വെറും 59 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബാര പിടിച്ചെടുത്തതായുള്ള ആര്‍.എസ്.എഫ് പ്രഖ്യാപനത്തോടെ ഇതിനുള്ള സാധ്യത ഏറി വരുകയും ചെയ്യുന്നു.

നോര്‍ത്ത് ദാര്‍ഫുറിലെ സംസം അഭയാര്‍ത്ഥി ക്യാംപില്‍ കഴിഞ്ഞ ഏപ്രില്‍ 11നാണ് ആര്‍എസ്എഫ് ഇരച്ചുകയറി കുടിലുകളും കടകളും കത്തിക്കുകയും പലായനം ചെയ്യാന്‍ ശ്രമിച്ചജനതയെ കൊലപ്പെടുത്തിയതും. 500 പേരെങ്കിലും അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്ക്. ലക്ഷക്കണക്കിന് ആളുകളെ നിര്‍ബന്ധിതമായി കുടിയിറക്കുകയും ചെയ്തു. ഈ സംഭവത്തിനു മുന്‍പ് വരെ സംസം ഒരു സൈനിക ബാരക്കാണെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. അങ്ങനെ സൈനിക മേഖലയായി മുദ്രകുത്തി, ഇന്ന് ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതേ വംശഹത്യയാണ് ഇവിടെ ആര്‍എസ്എഫും ആസൂത്രണം ചെയ്യുന്നത്. യുദ്ധസമയത്ത് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി നിര്‍മിച്ച അന്താരാഷ്ട്ര മാനുഷിക നിയമത്തില്‍ നിന്നുള്ള പദപ്രയോഗങ്ങളാണ് ഇവിടെ ആഭ്യന്തര യുദ്ധത്തിലും ആര്‍എസ്എഫ് തിരിച്ചു പ്രയോഗിക്കുന്നത്.

വര്‍ഷങ്ങളായി പലസ്തീനികളെ വംശഹത്യ ചെയ്യുന്നതിനു ഇസ്രായേല്‍ സ്വീകരിച്ച, തുടര്‍ന്നു പോരുന്ന വംശഹത്യയെ ന്യായീകരിക്കാന്‍ ഇസ്രായേലും ഇതേ രീതിയാണ് ഫോളോ ചെയ്യുന്നത്. ഗാസയിലെ ആശുപത്രികള്‍ ഹമാസിന്റെ ‘നിയന്ത്രണ-ആജ്ഞാ കേന്ദ്രങ്ങള്‍’ ആണെന്നാണ് ഇസ്രായേല്‍ പ്രചാരണങ്ങളില്‍ ഒന്ന്. മറ്റൊന്ന് ഹമാസ് പലസ്തീനികളെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നു എന്നും.

അതേസമയം, യെമനിലെ ഹൂതികളുടെ ഉപരോധം മൂലം ചെങ്കടലിലെ ഇസ്രായേല്‍ കപ്പല്‍പാതകള്‍ക്ക് തിരിച്ചടിയുണ്ടാകുന്നത് തടയാന്‍ സുഡാനെ ബദല്‍ പാതയായി ഉപയോഗിക്കാന്‍ പദ്ധതിയുണ്ടെന്ന് കരുതപ്പെടുന്നു. സുഡാനിലെ തുറമുഖം ഇസ്രായേലിലേക്കുള്ള ചരക്കുകളുടെ ഒരു പ്രധാന പാതയായി മാറിയിരിക്കുന്നു എന്നതാണതിന് കാരണം. ഹൂതി നേതാവ് അന്‍സാറുല്ലയുടെ ഉപരോധം മറികടന്ന് തെക്കന്‍ ഇസ്രായേലിലെ തുറമുഖമായ എയ്‌ലാത്തിലേക്ക് കപ്പലുകള്‍ക്ക് പോവാന്‍ സുഡാന്‍ തുറമുഖം ഉപയോഗിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആര് രാജ്യത്തെ നയിക്കും എന്നതിനെച്ചൊല്ലി സുഡാന്‍ സൈന്യവും വിമത സൈന്യമായ ആര്‍എസ്എഫും തമ്മിലുണ്ടായ സംഘര്‍ഷം വളര്‍ന്നാണ് ഇന്നത്തെ നിലയിലേക്ക് രൂപാന്തരം പ്രാപിച്ചത്. ഇത് 2023 ഏപ്രില്‍ 15 ന് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കാരണമായി. സംഘര്‍ഷത്തില്‍ ഇരുവിഭാഗവും അതിക്രമങ്ങള്‍ നടത്തിയതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. എന്നാല്‍, ആര്‍.എസ്.എഫ് പിടിച്ചെടുക്കുന്ന ഏത് സ്ഥലത്തും കൂടുതല്‍ കൂട്ടക്കൊലകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

Scroll to Top