
റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് അധികതീരുവ ചുമത്തുകയും ഇതേകാര്യം ചെയ്യുന്ന ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്യുന്നതില്‍ വിചിത്രവാദവുമായി യുഎസ്. റഷ്യന്‍ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ വന്‍ ലാഭംകൊയ്യുകയും അതുവഴി ശതകോടികള്‍ സമ്പാദിക്കുകയും ചെയ്യുന്നതിനാലാണ് ഇന്ത്യയ്ക്കുമേല്‍ പിഴ തീരുവകൂടി ചുമത്തിയതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്‍റിന്‍റെ വാദം. ചൊവ്വാഴ്ച ടിവി അഭിമുഖത്തിലായിരുന്നു ബെസെന്റിന്റെ പ്രതികരണം.
യുക്രൈനിലെ യുദ്ധകാലത്തും അതിനുശേഷവും റഷ്യന്‍ എണ്ണ വില്‍പ്പന നടത്തി ഇന്ത്യ വലിയ ലാഭം നേടിയെന്ന് അദ്ദേഹം സിഎന്‍ബിസിയോട് പറഞ്ഞു. റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങലിന് ചൈനയെ ശിക്ഷിക്കേണ്ടതില്ലെന്ന ട്രംപിന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടാണ് യുഎസ് ഉദ്യോഗസ്ഥന്റെ ഈ പരാമര്‍ശം.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് മുമ്പുതന്നെ ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 13 ശതമാനവും റഷ്യയില്‍നിന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇത് 16 ശതമാനമാണ്. ചൈന തങ്ങളുടെ എണ്ണ ഇറക്കുമതി വൈവിധ്യവത്കരിച്ചിട്ടുണ്ട്. എന്നാല്‍, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി മുമ്പ് ഒരുശതമാനത്തില്‍ താഴെ മാത്രമായിരുന്നു. എന്നാല്‍, ഇപ്പോഴത് 42 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്നും ബെസെന്റ് പറഞ്ഞു.



