
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം കൈകാര്യം ചെയ്ത രീതി കോണ്‍ഗ്രസിന് നല്ല രീതിയില്‍ മൈലേജ് നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി മുതല്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നുള്ള സസ്പെന്ഷന് വരെ രാഹുലിനെതിരായ നടപടി പാര്‍ട്ടിക്ക് നല്ല രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മറ്റു പാര്‍ട്ടികള്‍ക്ക് എടുക്കാന്‍ പറ്റാത്ത തരത്തിലുള്ള അത്രയും ശക്തമായ നടപടി ആരോപണം വന്നയുടന്‍ അത്ര വേഗത്തില്‍ എടുത്തത് രാഷ്ട്രീയ സമൂഹത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ നേടിക്കൊടുത്തിട്ടുണ്ട്. നടപടിയുടെ ഓരോ ഘട്ടത്തിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലും ഉണ്ടായിരുന്നു. അതാണ് ഇത്ര കര്‍ക്കശമായ ഒരു നടപടിയിലേക്ക് എത്തിച്ചത്., വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് സമ്മതിക്കുമ്പോഴും അത് കൈകാര്യം ചെയ്ത രീതി മറ്റേത് പാര്‍ട്ടിക്ക് സാധിക്കുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് രാഹുലിനെതിരെ സ്വീകരിച്ച നടപടി ഉയര്‍ത്തുന്നത്. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളേക്കാള്‍ ഗൗരവമുള്ള ആരോപണം നേരിടുന്ന നേതാക്കള്‍ സിപിഐഎമ്മില്‍ ഉണ്ടായിട്ടും അവരൊന്നും രാജിവച്ചില്ല എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. അവര്‍ക്കെതിരെ ഒരു നടപടി പോലും എടുക്കാതിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് രാഹുലിനെ സസ്പെന്‍ഡ് ചെയ്യുന്നിടം വരെ എത്തിയത്.
രാഹുല്‍ വിഷയം വന്നപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ നേരിട്ട് ഇടപെടുന്നുണ്ട്. എന്ത് നടപടിയായാലും അത് സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് അനുമതിയും നല്കി. നടപടി ജനപക്ഷത്ത് നിന്ന് വേണമെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയം അറിഞ്ഞ ഉടന്‍ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് ഉചിതവും ശക്തവുമായ നടപടി എടുക്കാന്‍ നിര്‍ദേശവും നല്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിയുടെ അല്ല, മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കാണ് കളങ്കമേറ്റതെന്നും ശക്തമായ നടപടി എടുത്തേ തീരു എന്നുമായിരുന്നു കെ.സി വേണുഗോപാലിന്റെ നിര്‍ദേശം. നടപടി എന്തായാലും കൂട്ടായ ചര്‍ച്ചകളിലൂടെ വേണമെന്നും അക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ പിന്നീട് ഭിന്നതയുണ്ടാകരുതെന്നും മാത്രമായിരുന്നു ഹൈക്കമാന്‍ഡിന് നിര്‍ബന്ധം. ഒപ്പം മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ തിടുക്കപ്പെട്ട് ഒരു തീരുമാനം എടുക്കരുതെന്നും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. അങ്ങനെയാണ് എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജിക്കു പകരം രാഹുലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാമെന്നുള്ള നിലപാട് സംസ്ഥാന നേതൃത്വം എടുക്കുന്നതും അക്കാര്യത്തോട് ഹൈക്കമാന്‍ഡും യോചിക്കുന്നതും. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മാതൃകാപരമാണെന്നും മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത മാതൃകയാണെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തിയിട്ടുണ്ട്.
ഒപ്പം രാഹുല്‍ വിഷയത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ സ്വീകരിച്ച നിലപാടാണ്. രാഹുലിനെതിരായ ആദ്യ ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ വനിതാ നേതൃത്വം നടപടി വേണമെന്ന ഉറച്ച നിലപാടിലേക്ക് എത്തിയിരുന്നു. ഉമാ തോമസ് എംഎല്‍എയും, ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും അടക്കമുള്ള മുതിര്‍ന്ന വനിതാ നേതാക്കള്‍ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാഹുലിന്റെ രാജി ആവശ്യപ്പെടുന്ന ഘട്ടം വരെയുണ്ടായി. ഒരു നിമിഷം മുന്നേ രാഹുല്‍ രാജിവച്ചാല്‍ അത്രയും നല്ലതാണെന്ന നിലപാടാണ് ഉമാ തോമസ് സ്വീകരിച്ചത്. ശക്തമായ നിലപാട് എടുത്തതിന്റെ പേരില്‍ ഉമാ തോമസ് സൈബര്‍ ആക്രമണം വരെ നേരിടേണ്ടിയും വന്നു. അതുമാത്രമല്ല, വനിതാ നേതാക്കള്‍ ഇത്തരത്തില്‍ നിലപാട് എടുക്കുന്നതും മറ്റു പാര്‍ട്ടികള്‍ വിശിഷ്യാ സിപിഐഎമ്മില്‍ കാണാന്‍ പറ്റാത്ത ഒരു സ്ഥിതി വിശേഷമാണ്. പ്രത്യേകിച്ചും പി.കെ ശശി അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്ന സമയത്ത് ശ്രീമതി ടീച്ചറെ പോലുള്ള മുതിര്‍ന്ന സിപിഐഎം വനിതാ നേതാക്കള്‍ തന്നെ അന്വേഷണം നടത്തി ശശിക്ക് അനുകൂല നിലപാട് എടുത്ത സാഹചര്യം പോലും മുന്നിലുള്ളപ്പോള്‍. അവിടെയാണ് കോണ്‍ഗ്രസിന്റെ വനിതാ നേതൃത്വം, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരായ ലൈംഗികാരോപണം അടക്കമുള്ള വിഷയങ്ങളില്‍ എടുത്ത നിലപാട് മാതൃകാപരമാകുന്നത്.
ഇനി ഇക്കാര്യത്തില്‍ സിപിഐഎം നയം കൂടി പരിശോധിക്കണം. തുടക്കത്തില്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയ സിപിഐഎം ഇക്കാര്യത്തില്‍ ശകതമായ സമരങ്ങളും നടത്തിയിരുന്നതാണ്. എന്നാല്‍, രാഹുലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ സിപിഐഎം സമരങ്ങളും ആറിത്തണുത്തു. പതിയെ സിപിഐഎം സമരങ്ങളില്‍ നിന്ന് പിന്നോക്കം പോകാന്‍ തുടങ്ങി. തങ്ങളുടെ സമരം ഭയന്നാണ് രാഹുലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതെന്ന് വേണമെങ്കില്‍ സിപിഐഎമ്മിന് പറയാമെങ്കില്‍ പോലും അതൊക്കെ വെറും ന്യായങ്ങള്‍ മാത്രമാകും. പാലക്കാട്, പീരുമേട് ഉപതെരഞ്ഞെടുപ്പുകള്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുള്ളത് കൊണ്ടാണ് സിപിഐഎം സമരം മരവിപ്പിച്ചതെന്ന വിലയിരുത്തല്‍ ഒരു വശത്തുണ്ട്. രാഹുലിനെതിരെ ഉയര്‍ന്നതിലും ഗൗരവമായ ആരോപണം സിപിഐഎം നേതാക്കള്‍ നേരിടുന്നുണ്ടെന്നതും സമരത്തില്‍ നിന്ന് പിന്നോക്കം പോകാന്‍ സിപിഐഎമ്മിന് സമ്മര്ദ്ദമായിട്ടുണ്ടാകാമെന്നും ഒരു വാദം നിലനില്‍ക്കുന്നുണ്ട്. സസ്പെന്‍ഡ് ചെയ്ത് കോംപ്രമൈസ് ചെയ്തെന്നാണ് സിപിഐഎം നേതാക്കള്‍ രാഹുലിനെതിരായ നടപടിയെ വിമര്‍ശിച്ചത്. രാഹുലിനെ വിമര്‍ശിച്ച ഉമ തോമസ് എംഎല്‍എക്കെതിരായ സൈബര്‍ ആക്രമണത്തെയും സിപിഐഎം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ സിപിഐഎം എന്ത് അടവുനയം സ്വീകരിക്കുന്നു എന്നറിയാവുന്നത് ഇപ്പോള്‍ സിപിഐഎമ്മിന് മാത്രമാണ്.
നിലവില്‍ രാഹുല്‍ പ്രശ്നം പ്രതിപക്ഷം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്നത് കോണ്‍ഗ്രസിനെ മാത്രം ബാധിക്കുന്ന വിഷയമാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കൂടി വിജയിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ച കോണ്‍ഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും ആരംഭിച്ചിരുന്നു. വലിയ രീതിയിലുള്ള പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്കി വരുന്നതിനിടയിലാണ് കുപ്പിയില്‍ നിന്ന് തുറന്നുവിട്ട ഭൂതം കണക്ക് രാഹുല്‍ വിഷയം പാര്‍ട്ടിയെ ചൂഴ്ന്നത്. ഇത് പാര്‍ട്ടിയെ ചെറുതല്ലാത്ത രീതിയില്‍ തന്നെ ബാധിക്കുകയും ചെയ്തിരുന്നു. ഇനി ഇതില്‍ കൂടുതല്‍ എന്ത് വരാന്‍ എന്ന ഒരു നിലപാട് വരെ യുവജനനേതാക്കളില്‍ നിന്നടക്കം ഉണ്ടാകുകയും ചെയ്തു. എന്നാല്‍, യുവജന വിഭാഗം തളര്‍ന്നപ്പോള്‍ മുതിര്‍ന്ന വിഭാഗം കരുത്താര്‍ജിച്ചതാണ് വേഗത്തിലും ശക്തവുമായ നടപടിയിലേക്ക് എത്തിച്ചത്. മറ്റേത് പാര്‍ട്ടിക്കാണ് ഇത്ര ശക്തമായ നടപടി എടുക്കാന്‍ സാധിക്കുക എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. കുറ്റപത്രം ലഭിച്ചിട്ടു പോലും നേതാക്കളെ സംരക്ഷിക്കുന്ന സിപിഐഎമ്മിനെ അടിക്കാനുള്ള വടിയായി രാഹുലിനെതിരായ സസ്പെന്ഷന് നടപടിയെ ഉപയോഗിക്കാനാകും കോണ്‍ഗ്രസിന്. അതായത് എതിര്‍പക്ഷത്തു നിന്നുള്ള വിമര്‍ശനം നേരിടാനുള്ള ധാര്‍മിക ശക്തി ഇതുവഴി പാര്‍ട്ടിക്കു ലഭിച്ചുവെന്ന് കോണ്‍ഗ്രസ് കരുതുന്നു.
സസ്െപന്‍ഡ് ചെയ്യപ്പെടുകയും എംഎല്‍എ സ്ഥാനം തുടരുകയും ചെയ്യുന്നത് രാഹുലിന് ഒരര്‍ത്ഥത്തില്‍ ഊരുവിലക്കാണ്. സസ്പെന്‍ഷനോടെ നിയമസഭയില്‍ കോണ്‍ഗ്രസ് നിരയിലോ പ്രതിപക്ഷ നിരയിലോ സ്ഥാനമില്ലാതാകും. ഇത്തരം മാറ്റിയിരുത്തലിന് രാഹുല്‍ എത്രത്തോളം വിധേയനാകുമെന്ന് അറിയില്ല. ഉപതെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം എംഎല്‍എ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഈ ഊരുവിലക്ക് ചെറിയ കാര്യമല്ല. രാഹുല്‍ അവധിക്ക് അപേക്ഷിക്കാനാകും സാധ്യത. പാര്‍ട്ടി പരിപാടികളില്‍ പോലും രാഹുലിന് പങ്കെടുക്കാന്‍ സാധിക്കാത്തതും പാലക്കാട് മണ്ഡലത്തില്‍ പോകാനാകാത്തതും കോണ്‍ഗ്രസിനും ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കും. നിഴല്‍ എംഎല്‍എയെ പാലക്കാട്ട് സിപിഐഎം പുറത്തിറക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.



