
വീട്ടുകാരെയും ബന്ധുക്കളെയും നടുക്കിയ ഒരു സംഭവമാണ് ഇന്നലെ കോഴിക്കോട്ട് നടന്നത്., മംഗളൂരുവില്‍ പഠിക്കുകയായിരുന്ന, ഓണാവധിക്ക് നാട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഇപ്പോഴും ചുരുളഴിഞ്ഞിട്ടില്ല. മരിച്ചത് അത്തോളി സ്വദേശിനിയായ 21കാരി ആയിഷ റഷ. ആണ്‍സുഹൃത്തായ ബഷീറുദ്ദീന് മുഹമ്മദിന്റെ എരഞ്ഞിപ്പാലത്തെ വീട്ടില്‍ ആയിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിനു പിന്നില്‍ ബഷീറുദ്ദീനാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിട്ടുണ്ട്. ആയിഷയുടെ വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് ഇയാള്‍, പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ബഷീറുദ്ദീന് ആയിഷയുമായി സ്ഥിരം വഴക്കിട്ടിരുന്നതായി ഈ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാണ്. ബഷീറുദ്ദീന് ആയിഷയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളില്‍ നിന്ന് മനസ്സിലായി. സുഹൃത്തുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണ് നീക്കം. അതിനിടെ ആയിഷയെ ഭീഷണിപ്പെടുത്തിയാകാം ബഷീറുദ്ദീന് വീട്ടിലേക്ക് കൊണ്ടുപോയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
മംഗളൂരുവില്‍ ഫിസിയോ തെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ആയിഷ ഓണാവധിക്ക് നാട്ടിലെത്തിയതാണെന്നും എന്നാല്‍, വീട്ടിലേക്ക് പോയിരുന്നില്ലെന്നും പൊലീസ് പറയുന്നുണ്ട്. കോഴിക്കോട് ജിം പരിശീലകനായ ബഷീറുദ്ദീന് എരഞ്ഞിപ്പാലത്ത് വാടകവീട്ടിലാണ് താമസം. ഈ വീട്ടിലാണ് ആയിഷ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബഷീറുദ്ദീന് കൊലപ്പെടുത്തിയതാകാം ആയിഷയെ എന്നാണ് ബന്ധുക്കളുടെ ആരോപണം. ആഗസ്ത് 24നാണ് ആയിഷ കോഴിക്കോടെത്തിയതെന്നും പറയപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം ബഷീറുദ്ദീന്റെ മൊഴിയിലും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷമായി ആയിഷയുമായി അടുപ്പമുണ്ടെന്ന് ബഷീറുദ്ദീന് മൊഴി നല്കി. സംഭവത്തെ കുറിച്ച് ബഷീറുദ്ദീന് പറയുന്നത് ഇങ്ങനെ.

ആഗസ്ത് 24ന് ആയിഷ മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെത്തി. വരുന്ന വിവരം ബന്ധുക്കള്‍ക്കോ വീട്ടുകാര്‍ക്കോ അറിയില്ല. സംഭവദിവസം അതായത് ഞായറാഴ്ച രാവിലെ ജിമ്മിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനെ ആയിഷ എതിര്‍ത്തു. എതിര്‍പ്പ് വകവയ്ക്കാതെ ജിമ്മിലേക്ക് പോയി രാത്രി 8.50 ഓടെ തിരിച്ചെത്തിയപ്പോള്‍ വാതില്‍ അടച്ചിരുന്നു, ചവിട്ടിത്തുറന്നപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നാണ് ബഷീറുദ്ദീന്റെ മൊഴി. ഇക്കാര്യത്തില്‍ പൊലീസ് മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. അത് ഇങ്ങനെയാണ്. തര്‍ക്കത്തിനൊടുവില്‍ ജിമ്മിലേക്ക് പോയ ബഷീറുദ്ദീന് ആയിഷ ഉച്ചയോടെ വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും’ എന്നായിരുന്നു സന്ദേശം. ഒപ്പം ദുരൂഹതയുണര്‍ത്തുന്ന മറ്റൊരു കാര്യം ആയിഷയെ ആശുപത്രിയിലെത്തിച്ച ബഷീറുദ്ദീന് ആയിഷ തന്റെ ഭാര്യയാണെന്നാണ് ആദ്യം ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് സുഹൃത്തെന്നും മാറ്റിപ്പറഞ്ഞു. ഇതാണ് ആശുപത്രി അധികൃതരില്‍ സംശയം ജനിപ്പിച്ചതും പൊലീസിനെ അറിയിക്കാന്‍ ഇടയാക്കിയതും.
ആയിഷയെ ബഷീറുദ്ദീന് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആയിഷ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നു. പെണ്‍കുട്ടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ഞെട്ടലിലാണ് ബന്ധുക്കള്‍. ബഷീറുദ്ദീന് ഭീഷണിപ്പെടുത്തിയാകാം ആയിഷയെ നാട്ടിലെത്തിച്ചതെന്നും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു. രണ്ടുവര്‍ഷം മുന്‍പ് ബന്ധുക്കള്‍ ഇടപെട്ട് ഇരുവരെയും താക്കീത് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ബഷീറുദ്ദീന് പെണ്‍കുട്ടിയെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി. അത് മോര്‍ഫ് ചെയ്തതാകാമെന്നും അത്തരം ഫോട്ടോ കാണിച്ചാല്‍ അവള് അവന്റെ വഴിക്ക് വരുമെന്ന് ബോധ്യമുള്ളതിനാലാകാം അങ്ങനെ ചെയ്തതെന്നും ആയിഷയുടെ ബന്ധു പറഞ്ഞു. പെണ്‍കുട്ടിക്ക് അതിനെ എതിര്‍ക്കാനുള്ള കഴിവില്ലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ആഗസ്ത് 24ന് പെണ്‍കുട്ടി കോഴിക്കോട്ടെത്തിയത് ബന്ധുക്കള്‍ അറിഞ്ഞിട്ടില്ലെന്ന് കുടുംബം ഉറപ്പിച്ച് പറയുന്നു. മരിക്കുന്നതിന് നാലുമണിക്കൂര്‍ മുന്‍പുവരെ ആയിഷ ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നെന്ന് മറ്റൊരു ബന്ധുവും പറയുന്നു. ഈസമയം തന്റെ ഭാര്യയ്ക്ക് ആയിഷ മെസേജ് അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ബന്ധുവിന്റെ മൊഴി. ബഷീറുദ്ദീന് ആയിഷയെ ചിരവ കൊണ്ടടിച്ചെന്ന് സുഹൃത്തുക്കളും പറയുന്നു.

ആയിഷയുടെ മരണം കൊലപാതകമെന്ന തരത്തിലുള്ള സൂചനകളൊന്നും പ്രാഥമിക ഘട്ടത്തില്‍ പൊലീസിന് ലഭിച്ചിട്ടില്ല. കഴുത്തില്‍ കയര്‍ മുറുകിയ പാടുള്ളതിനാല്‍ ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലല്ലാതെ ഇക്കാര്യത്തില്‍ പൊലീസിന് ഒരു അന്തിമനിഗമനത്തിലെത്താന്‍ സാധിക്കില്ല. നിര്‍ധന കുടുംബാംഗമായ ആയിഷ പഠനത്തില്‍ മിടുക്കിയായിരുന്നു. ബാങ്ക് വായ്പയെടുത്താണ് മംഗളൂരു ശ്രീദേവി കോളജില്‍ ഫിസിയോ തെറപ്പി കോഴ്സിനു ചേര്‍ത്തത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിച്ചതിനാല്‍ 2 മാസം മുന്‍പ് കൂലിപ്പണിക്കാരനായ ആയിഷയുടെ പിതാവ് അബ്ദുല്‍ റഷീദ് സൗദി അറേബ്യയിലേക്ക് തൊഴില്‍ തേടി പോയിരുന്നു. ഓണത്തിന് അവധിയില്ലെന്നും വീട്ടിലേക്ക് വരുന്നില്ലെന്നും പറഞ്ഞ ആയിഷ എങ്ങനെ ഒരാഴ്ച മുന്‍പ് കോഴിക്കോടെത്തി എന്നതാണ് ബന്ധുക്കളില്‍ ദുരൂഹത സൃഷ്ടിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങളിലൂടെ അല്ലാതെ ആയിഷയ്ക്ക് എന്ത് സംഭവിച്ചു എന്നതിലെ ദുരൂഹത വെളിച്ചത്ത് വരില്ല. ആയിഷയെ ആശുപത്രിയിലെത്തിച്ച ബഷീറുദ്ദീന് ആശുപത്രി അധികൃതരോട് മുബഷിര്‍ എന്ന് പേര് മാറ്റിപ്പറഞ്ഞതിലും ദുരൂഹതയുണ്ട്.



