
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ കവചം സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് അഴിച്ചു നല്കുന്നതിനു മുന്‍പ് വരെ സ്വര്‍ണമായിരുന്നെന്ന് തെളിഞ്ഞു. 2019 ജൂലായിലാണ് കവചങ്ങള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് അഴിച്ചു നല്‍കിയത്. അതിനു മൂന്നുമാസം മുന്‍പ് വരെ അതായത് 2019 മാര്‍ച്ച് വരെ കവചം സ്വര്ണമായിരുന്നെന്നതിനാണ് തെളിവ് ലഭിച്ചത്. മാര്‍ച്ചിലെ ദ്വാരപാലക ശില്പങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. മാര്‍ച്ചില്‍ സ്വര്‍ണ്ണ വാതിലുകള്‍ സ്ഥാപിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രങ്ങളിലെ ദ്വാരപാലക കവചങ്ങള്‍ സ്വര്‍ണ്ണത്തിലാണ്.
ജൂലായില്‍ ചെമ്പെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കിയ പാളികള്‍ ചെമ്പ് തന്നെയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും, കവചങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വര്‍ണം പൊതിഞ്ഞവ തന്നെയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍. ശ്രീകോവിലില്‍ സ്വര്‍ണം പൂശിയ വാതില്‍ സ്ഥാപിക്കുന്ന സമയത്തെടുത്ത ചിത്രങ്ങളില്‍ ശ്രീകോവിലിന്റെ വാതിലിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന ദ്വാരപാലക ശില്പ്പങ്ങള് സ്വര്‍ണം പൊതിഞ്ഞതായി കാണാം. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിച്ച അതേ കവചമാണ് 2019 മാര്‍ച്ചിലും അതേ പ്രഭയോടെ അവിടെ ഉണ്ടായിരുന്നത് എന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്.
മാര്‍ച്ചില്‍ സ്വര്‍ണമായി കണ്ട ഈ കവചങ്ങള്‍, നാല് മാസം കഴിഞ്ഞതോടെ എങ്ങനെ ചെമ്പായി മാറി എന്നാണ് സംശയം. ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കിയ അനുമതി കത്തിലും ഇത് ’12 കോപ്പര്‍ പ്ലേറ്റ്സ്’ അഥവാ ചെമ്പുപാളികള്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഉണ്ണികൃഷ്ണന് പോറ്റി 39 ദിവസത്തിനു ശേഷമാണ് പാളികളുമായി സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയില്‍ എത്തുന്നത്. കിട്ടിയത് ഒറിജിനല്‍ ചെമ്പ് തന്നെയായിരുന്നു എന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് പ്രതിനിധികളും ഉറപ്പിക്കുന്നു. കാരണം, പഴയതോ, സ്വര്‍ണം പൂശിയതോ, ക്ലാവ് പിടിച്ചതോ ആയ ചെമ്പ് അവരുടെ ഇലക്ട്രോപ്ലേറ്റിങ് മെഷീനില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. തനി ചെമ്പിലാണ് ഇലക്ട്രോപ്ലേറ്റ് ചെയ്ത് സന്നിധാനത്തേക്ക് അയച്ചതെന്ന് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കുന്നു.



