കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ

ചിത്രം: സ്ക്രീൻഗ്രാബ്

ദില്ലി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റു ചെയ്ത സംഭവം ലോക്സഭയിൽ ഉന്നയിച്ച് ആലപ്പുഴ എം പി കെ.സി വേണുഗോപാൽ. വിഷയത്തിൽ കേന്ദ്രം ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭയിലെ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു എം പി.

കഴിഞ്ഞ ക്രിസ്മസിന് പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനത്തു പോകുകയും ക്രിസ്ത്യൻ, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് വലിയ പ്രസംഗം നടത്തുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ അഞ്ചു ദിവസമായി, രണ്ടു കന്യാസ്ത്രീകൾ ഒരു കാരണവുമില്ലാതെ ജയിലിൽ കഴിയുകയാണ് എന്നും കെ.സി വേണുഗോപാൽ സഭയിൽ പറഞ്ഞു. കാൻസർ രോഗികളെ സഹായിക്കുക, പാലിയേറ്റീവ് കെയർ സേവനങ്ങൾ നൽകുക തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കന്യാസ്ത്രീകളെയാണ് ബജ്രംഗ് ദളിന്‍റെ ആളുകൾ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് എംപിമാർ കഴിഞ്ഞ ദിവസം കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ബജ്രംഗ് ദളിന്റെ അതേ പതിപ്പ് തന്നെയാണ് അവിടത്തെ മുഖ്യമന്ത്രിയും ആവർത്തിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. ഇത് എങ്ങനെ അനുവദിക്കാൻ കഴിയുമെന്നും സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും കെ സി വേണുഗോപാൽ മുന്നറിയിപ്പു നൽകി.

കേരളത്തിലെ കന്യാസ്ത്രീകൾ പ്രതിഷേധത്തിലേക്ക് കടന്നിട്ടുണ്ട്. സംഭവത്തിൽ വ്യക്തമായ ഉത്തരം വേണമെന്നും സർക്കാർ ഇടപെട്ട് രണ്ടു കന്യാസ്ത്രീകളെയും ഉടൻ വിട്ടയക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

 

Scroll to Top