
ദില്ലി: വയനാട് ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ധനസഹായത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി വയനാട് എം പി പ്രിയങ്ക ഗാന്ധി. കേന്ദ്രസർക്കാർ ദുരന്തബാധിതർക്കുള്ള സഹായം വായ്പയായി നൽകിയത് അത്ഭുതകരവും നീതിരഹിതവുമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേരളം കണ്ട മഹാ ദുരന്തം ഏറ്റുവാങ്ങിയ വയനാടിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ സന്നദ്ധത കാണിക്കണം. കേന്ദ്രത്തിന്റെ പരിമിതമായ ധനസഹായ നടപടികൾ നിരാശയുണ്ടാക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ദുരിതാശ്വാസമായി വായ്പയ്ക്ക് പകരം ധനസഹായമാണ് നൽകേണ്ടതെന്നും വായ്പ സമയപരിധി നീട്ടണമെന്നും വയനാട് എം പി ആവശ്യപ്പെട്ടു. വിഷയം ലോക്സഭയിൽ അവതരിപ്പിക്കാൻ അനുവാദം തേടി പ്രിയങ്ക നോട്ടീസും നൽകി.
പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് ഡൽഹിയിലാണെങ്കിലും തന്റെ ഹൃദയം ദുരന്തബാധിതർക്കൊപ്പമാണെന്ന് പ്രിയങ്കഗാന്ധി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ഇന്ന് മാത്രമല്ല, എപ്പോഴും ഞാൻ നിങ്ങളോടൊപ്പമാണ്. വയനാട് ദുരന്തബാധിതരുടെ പേരെടുത്ത് പരാമർശിച്ച പ്രിയങ്ക ഗാന്ധി മുഴുവൻ രാജ്യത്തിനും അവർ തിളക്കമാർന്ന മാതൃകയാണെന്നും കുറിപ്പിൽ പറഞ്ഞു.
My appeal for Wayanad in Lok Sabha today. pic.twitter.com/Znsg6JYf7v
— Priyanka Gandhi Vadra (@priyankagandhi) July 30, 2025
അതിനിടെ വയനാട് ദുരന്തത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനീതി കാട്ടിയെന്ന് ആരോപിച്ചുകൊണ്ട് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇരകളോടുള്ള കുറ്റകരമായ അവഗണന ഉയർത്തിക്കാട്ടിക്കൊണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
350-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും 200 പേരെ കാണാതായിട്ടും നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കാര്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകിയില്ല. അതിജീവിച്ചവരിൽ പലരും അടിസ്ഥാന സൗകര്യങ്ങളില്ലാതെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുകയാണ്. നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നും പ്രത്യേക പുനരധിവാസ പാക്കേജ് നൽകണമെന്നും സാഹചര്യം വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി നോട്ടീസിൽ ആവശ്യപ്പെട്ടു.



