
മലയാളികളുടെ ഉള്ളുലച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇക്കഴിഞ്ഞ ജൂലൈ 30നാണ് ഒരു വർഷം തികഞ്ഞത്. 2024 ജൂലൈ 30ന് രാത്രി ആണ് മുണ്ടക്കൈ ചൂരൽമല മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ശക്തമായ മഴയിൽ ചെളിയും മണ്ണും കല്ലും വെള്ളവുമടക്കം പ്രളയജലം താഴേക്ക് ഇരച്ചുവന്നതിനിടയിൽ കുറെ മനുഷ്യർ കുടുങ്ങിപ്പോവുകയായിരുന്നു.
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ജീവൻ മുറുകെപ്പിടിച്ച് ഇറങ്ങി ഓടിയവർ ഉൾപ്പടെ മഴവെള്ളപാച്ചിലിൽ കുടുങ്ങി. രക്ഷപ്പെട്ടവർക്ക് പലർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പുഞ്ചിരിമുട്ടം മുതൽ ചൂരൽമല വരെ 8600 ചതുരശ്ര കിലോമീറ്ററായിരുന്നു ദുരന്ത വ്യാപനം. ദുരന്തത്തിൽ സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 298 മരണങ്ങളാണ്.
സമാനതകളില്ലാത്ത മനുഷ്യസ്നേഹമാണ് അന്ന് അവിടെ കാണാനായത്. ഉറ്റവരെയും ഉടയവരെയും വീടും കുടുംബവും എല്ലാം നഷ്ടപ്പെട്ടവരോടൊപ്പം കേരളം കൂടെനിന്നു. ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനും സമാനതകളില്ലാത്ത നന്മ നമ്മൾ കണ്ടു. അതിന്റെ പ്രതിഫലനമാണ് ദുരന്തത്തിന് പിന്നാലെ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 772 കോടി രൂപ. മുണ്ടക്കൈ-ചൂരല്‍ മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിർമ്മാണ പദ്ധതികൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 27നാണ് ഇതിന് തറക്കല്ലിട്ടത്.
1000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന 410 വീടുകൾ പടുത്തുയർത്തുകയാണ് ലക്ഷ്യം. കൂടാതെ റോഡുകള്‍, പൊതുകെട്ടിടങ്ങള്‍, ജലവിതരണ സംവിധാനം, വൈദ്യുതി, ലാന്‍ഡ് സ്‌കേപ്പിംങ് മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടൗണ്‍ഷിപ്പ്.
എന്നാൽ ഇപ്പോൾ ടൗണ്‍ഷിപ്പില്‍ നിര്‍മിച്ച മാതൃകാവീടിന്റെ നിര്‍മാണ ചെലവിനെ ചൊല്ലി വിവാദങ്ങള്‍ കടുക്കുകയാണ്. വീടൊന്നിന് 30 ലക്ഷം ചെലവായെന്ന ഊരാളുങ്കൽ കണക്കുകളാണ് വിവാദത്തിന് വഴിവെച്ചത്.
ടൗണ്‍ഷിപ്പില്‍ പണി പൂര്‍ത്തിയായ മാതൃകാ വീടിന് 30 ലക്ഷം രൂപ ചെലവ് വരില്ലെന്നും നിര്‍മാണത്തിന് ചുമതലപ്പെടുത്തിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. 253 കോടി രൂപയ്ക്കാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ടൗണ്‍ ഷിപ്പിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ മാതൃകാ വീടിന് ടാക്‌സ് ഉള്‍പ്പടെ 30 ലക്ഷം രൂപ ചെലവ് വരുമെന്നും ഗുണനിലവാരത്തില്‍ വിട്ടു വീഴ്ചയില്ലാതെയാണ് വീട് നിര്‍മിക്കുന്നത് എന്നുമാണ് ഊരാളുങ്കലിന്റെ മറുപടി.
എന്നാല്‍ ഈ മാതൃകയില്‍ ഒരു വീട് നിര്‍മിക്കാന്‍ 30 ലക്ഷം രൂപ എന്തിനെന്നാണ് സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉയരുന്ന ചോദ്യം.
നാട്ടില്‍ പലയിടത്തും സ്വകാര്യ വ്യക്തികൾ വീട് വെക്കുന്നുണ്ട്. വിവിധ ഏജന്‍സികളും സംഘടനകളും സഹകരിച്ച് ദുരിതബാധിതര്‍ക്കായി വീട് വെച്ച് നല്‍കുന്നുണ്ട്.1000 സ്‌ക്വയര്‍ ഫീറ്റില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന വീടിന്റെ സ്‌ക്വയര്‍ ഫീറ്റ് നിരക്കും അതില്‍ ഒരുക്കിയ സൗകര്യങ്ങളും മറ്റുവീടുകളുമായി താരതമ്യം ചെയ്താല്‍ കാര്യങ്ങളുടെ കിടപ്പുവശം മനസിലാകുമെന്ന് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ഒരു പദ്ധതിയാവുമ്പോള്‍ പിഡബ്ല്യൂഡി റേറ്റ് അനുസരിച്ച് ഒരു എസ്റ്റിമേറ്റ് വേണം. ഈ പദ്ധതിക്ക് അപ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ എന്നും എംഎല്‍എ ചോദിച്ചു.
സര്‍ക്കാര്‍ മോഡൽ വീട് പൂര്‍ത്തിയാക്കിയത് ദുരിതബാധിതര്‍ക്ക് ആശ്വാസം പകരുന്ന കാര്യമാണ് എന്നാല്‍ 15 ലക്ഷം രൂപയോളം ചെലവ് വരുന്ന വീട് നിര്‍മിക്കാന്‍ മുപ്പത് ലക്ഷം നല്‍കി ദുരന്തത്തിന്റെ ഗുണഭോക്താവായി ഊരാളുങ്കലിനെ മാറ്റുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയും ആരോപിച്ചു.
ദുരിത ബാധിതനായ നൗഫലിന് മസ്‌ക്കറ്റ് കെഎംസിസി നിര്‍മിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. 1200 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ ആകെ ചിലവ് 20 ലക്ഷം രൂപയാണ്. ക്വാറി അസോസിയേഷന്‍ പൂത്തൂര്‍ വയലില്‍ പണിത് നല്‍കുന്ന വീടുകളുടെ നിര്‍മാണം പകുതിയോളം പൂര്‍ത്തിയായി.1250 സ്‌ക്വയര്‍ഫീറ്റ് വീടിന് 17 ലക്ഷം രൂപയാണ് നിര്‍മാണ ചിലവ് വരുന്നത്. അതേ സ്ഥാനത്ത് 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന് 30 ലക്ഷം രൂപ നിര്‍മാണ ചിലവ് വരുന്നത് ഊരാളുങ്കലിനെ സഹായിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് എന്നാണ് കെ എം ഷാജി ചോദിക്കുന്നത്.
ദുരിതബാധിതരായ മനുഷ്യര്‍ക്ക് കിട്ടുന്നത് എന്തും അവര്‍ക്ക് ആശ്വാസം പകരുന്നതാണ്. അവര്‍ക്ക് വീടുകള്‍ കിട്ടുന്നതില്‍ സന്തോഷവുമുണ്ട്. എന്നാല്‍ ഒരാള്‍ മാരുതി സ്വിഫ്റ്റുമായി വന്ന് ആ കാറിന് 50 ലക്ഷം രൂപയാണ് വില എന്ന് പറയുന്നത് പോലെയാണ് വീടിന്റെ ചെലവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ സ്‌മൈല്‍ ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചിങ്ങം ഒന്നിന് നടക്കും. എട്ട് ലക്ഷം രൂപയാണ് വീടൊന്നിന് ചെലവാകുക. പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍മിച്ചു നല്‍കുന്ന വീടിനും 10 ലക്ഷത്തില്‍ താഴെയാണ് ചിലവ് വരുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
‘നാട്ടു നടപ്പനുസരിച്ച് സാമാന്യം നല്ല രീതിയില്‍ ചെയ്യാന്‍ സ്‌ക്വയര്‍ഫീറ്റിന് 1700 മുതൽ1800 രൂപയാണ് കോണ്‍ട്രാക്ടര്‍മാര്‍ ഈടാക്കുന്നത്. 1000 സ്‌ക്വ.ഫീറ്റ് വീടിന് 17 മുതൽ 18 ലക്ഷം ചിലവ്ന്നേക്കും. കുറച്ചുകൂടി നന്നാക്കി ച്യ്താല്‍ 20 ലക്ഷം വരെ ആവാം. സര്‍ക്കാരിനും ഊരാളുങ്കലിനും ഇത് 30 ലക്ഷം ആവുന്നതെങ്ങനെയെന്ന് അവര്‍ തന്നെ ആധികാരികമായി വിശദീകരിക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
വീടൊന്നിന് 25 ലക്ഷം രൂപ വെച്ച് 299 കോടി ഊരാളുങ്കലിനു സര്‍ക്കാര്‍ കൈമാറി കഴിഞ്ഞു. എന്നാല്‍ രണ്ട് മുറിയുള്ള ഒരു വീടിന് എങ്ങനെ ഇത്ര നിര്‍മാണ ചിലവാകുമെന്ന സംശയം ജനങ്ങള്‍ക്ക് ഉണ്ട്. പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം ഇതിന്റെ ചിലവ് സംബന്ധിച്ചു ഒരു വിലയിരുത്തല്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കല്പറ്റ എംഎല്‍ എ ടി.സിദ്ദിഖ് പറയുന്നു
എന്നാല്‍ പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന രീതിയില്‍ ഗുണമേന്‍മ ഉറപ്പുവരുത്തിയാണ് വീട് പണിയുന്നത് എന്നാണ് സര്‍ക്കാരും വീട് നിര്‍മിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി അധികൃതരും പറയുന്നത്. പിസിസി പില്ലര്‍ ഉപയോഗിച്ച് ഫൗണ്ടേഷന്‍ കെട്ടി ഗുണനിലവാരമുള്ള പെയിന്റും വയറിംങ് സംവിധാനങ്ങളും ജനലുകളും വാതിലുകളും ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് വീടെന്നും ചുറ്റുമതില്‍ ഉള്‍പ്പടെ കെട്ടിയാണ് വീട് പൂര്‍ത്തിയാക്കുന്നത് എന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
ഊരാളുങ്കല്‍ ഈ കൊള്ള കണക്ക് ന്യായീകരിക്കുന്നത് ഇങ്ങനെയാണ്. നേരത്തെ തേയിലത്തോട്ടമായിരുന്ന ഭൂമി ആയതിനാല്‍ മൂന്ന് മീറ്റര്‍ വരെ ആഴത്തില്‍ ഫൗണ്ടേഷനിട്ട് പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ പാകത്തിനാണ് വീടിന്റെ നിര്‍മാണം. പെയിന്റും സിമന്റും സ്റ്റീലും ഉള്‍പ്പടെ ഉയര്‍ന്ന ഗുണനിലവാരമുളള വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. വാതിലും ജനലും കിച്ചണ്‍ കബോഡും ഉള്‍പ്പടെയുള്ളവ ഏറെക്കാലം നിലനില്‍ക്കുന്നതുമാണെന്നും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി അധികൃതര്‍ പറയുന്നത്.
105 ദിവസം കൊണ്ടാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു വീട് നിര്‍മിച്ച് കഴിഞ്ഞാല്‍ ഗുണഭോക്താക്കള്‍ക്കും അധികൃതര്‍ക്കും അതിന്റെ ക്വാളിറ്റി എങ്ങനെയെന്നും മനസ്സിലാവും. നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ആവശ്യമായ മാറ്റം വരുത്തിയാണ് വീട് പൂര്‍ത്തിയാക്കിയത്. മുകള്‍നില പണിയാന്‍ പാകത്തിന് താത്കാലിക സ്റ്റീല്‍ സ്റ്റെയര്‍കേസ് ഉള്‍പ്പടെയാണ് വീടിന്റെ നിര്‍മാണം. ഡിസംബര്‍ 31-നകം മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും ഊരാളുങ്കല്‍ അവകാശപ്പെടുന്നു.
വീടുകളുടെ നിർമ്മാണ വുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ് 9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പ പ്രതിരോധത്തിനുള്ള ഷിയർ ഭിത്തികൾ, പ്ലീത്ത് ബിം, റൂഫ് ബിം, ലിന്റലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചുവരുകൾക്ക് സോളിഡ് ബ്ലോക്ക് ഉപയോഗിച്ചുള്ള പ്രവൃത്തിയാണ് നടത്തിയത്.
അടുക്കളയുടെ മേൽഭാഗത്തെ സ്റ്റോറേജിന് ലാമിനേറ്റഡ് മറൈൻ പ്ലൈവുഡും, കബോർഡുകൾക്ക് പിയു പെയിന്റ് ചെയ്ത ഹൈ ഡെൻസിറ്റി മൾട്ടിവുഡുമാണ് ഉപയോഗിച്ചിട്ടുള്ളത്. 20 വർഷം വാറന്റിയുള്ള യുപിവിസി ജനലുകളാണ് വീടിനുള്ളത്. അടുക്കളയിലും വർക്ക് ഏരിയയിലും കറുത്ത പോളിഷ് ചെയ്ത ഗ്രാനൈറ്റും സിറ്റ്ഔട്ടിലും പടികളിലും ഗ്രാനൈറ്റും പാകിയിട്ടുണ്ട്.
തീയും ചൂടും പ്രതിരോധിക്കുന്ന എഫ്ആർപി വാതിലിന് 10 വർഷത്തെ വാറന്റിയുണ്ട്. ശുചിമുറിയിൽ കജാരിയ കമ്പനിയുടെ ടൈലുകൾ, ട്രസ് പ്രവൃത്തിയ്ക്ക് ടാറ്റയുടെ സ്റ്റീൽ ട്യൂബുകൾ, ഏഷ്യൻ പെയിന്റ്, ഗോദ്‌റെജിന്റെ പൂട്ട്, ടാറ്റ പ്രവേശിന്റെ സ്റ്റീൽ വാതിൽ , സെറയുടെ ഉത്പന്നങ്ങൾ, വി-ഗാർഡ് വയറിംഗ് കേബിളുകൾ, എം.കെ. സ്വിച്ചുകൾ, ഹാവൽസിന്റെ ഫാനുകൾ, എൽ & ടിയുടെ സർക്യൂട്ട് ബ്രേക്കറുകൾ, ഫിലിപ്സിന്റെ ലൈറ്റുകൾ, ഹെൻസലിന്റെ മീറ്റർ ബോർഡ് എന്നിങ്ങനെ മുഴുവനും ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
മുകളിൽ നിരത്തിയ ക്വാളിറ്റി സാധനങ്ങളാണ് തങ്ങളുടെ മോഡൽ വീടിന്റെ പ്രത്യേകതയെന്ന് ഊരാളുങ്കൽ അടിവരയിടുമ്പോഴും കണക്കങ്ങോട്ട് ശരിയാവുന്നില്ലല്ലോ എന്ന് തന്നെയാണ് പ്രതിപക്ഷവും സോഷ്യൽ മീഡിയയും വിലയിരുത്തുന്നത്.



