
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മച്ചാൻ മച്ചാനാണെന്നാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത് അഥവാ കരുതിയിരുന്നത്. എന്നാൽ അത് വെറും തോന്നൽ മാത്രമാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പണി തന്നപ്പോഴാണ് നമ്മുടെ മോദിക്ക് മനസിലായത്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ ചുമത്തിയാണ് താൻ അത്ര നല്ല സുഹൃത്തൊന്നുമല്ലെന്ന് ട്രംപ് അറിയിച്ചത്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് പിഴയും ചുമത്തുമെന്ന് ട്രംപ് പറഞ്ഞെങ്കിലും അതെന്തായിരിക്കുമെന്ന് വ്യക്തമാക്കിയില്ല.
ഇന്ത്യ ലോകത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമാണെന്നും ഇന്ത്യയുമായി യുഎസിനുള്ളത് വൻ വ്യാപാരക്കമ്മിയാണെന്നും വ്യക്തമാക്കിയാണ് കനത്ത ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ട്രംപ് നേരത്തെ ഇന്ത്യയെ ‘നികുതി രാജാവ്’ എന്നും വിളിച്ചിരുന്നു.യുക്രെയ്നിൽ യുദ്ധം തുടരുന്ന റഷ്യയിൽ നിന്നും എണ്ണ വൻതോതിൽ വാങ്ങി ഇന്ത്യ സാമ്പത്തികമായി പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചാണ് ട്രംപ് പിഴ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നതും ട്രംപ് ചൂണ്ടിക്കാട്ടി.
എന്നാൽ ട്രംപ് ഇന്ത്യയെ പരസ്യമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന ശക്തമായ നിലപാട് ഇന്ത്യ ആവർത്തിച്ചിരുന്നു. ഇന്ത്യയെ സമ്മർദത്തിലാക്കി, അമേരിക്കൻ നിലപാടുകൾക്ക് മുന്നിൽ കീഴടങ്ങാനുള്ള കൗശലമാണ് ട്രംപ് പയറ്റിയത്. എന്നാലിപ്പോൾ ട്രംപിന്റെ ഭീഷണിക്കു വഴങ്ങുകയാണ് മോദി. റഷ്യയുമായി വ്യാപാരബന്ധം പുലർത്തിയാൽ 100% ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇത് ഭയന്നാണ് റഷ്യയെ കൈവിടാൻ ഇന്ത്യ തയ്യാറായത്.
യുക്രെയ്നുമായി 50 ദിവസത്തിനകം സമാധാന ഉടമ്പടിയുണ്ടാക്കണമെന്ന് റഷ്യയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലാത്തപക്ഷം റഷ്യയ്ക്കുമേൽ ‘രണ്ടാംഘട്ട’ ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഈ സമയപരിധി ട്രംപ് കഴിഞ്ഞയാഴ്ച വെറും 12 ദിവസമായി ചുരുക്കിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പൊതുമേഖലാ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ), മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽസ് (എംആർപിഎൽ) എന്നിവയാണ് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയത്.
അതേസമയം, മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്, റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള നയാര എനർജി എന്നിവയ്ക്ക് റഷ്യയുമായി വാർഷിക കരാർ ഉണ്ട്. കരാർ ഉള്ളതു കൊണ്ടുതന്നെ ഇറക്കുമതി സംബന്ധിച്ച നിലപാട് ഈ കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. പ്രതിദിനം 5 ലക്ഷം ബാരൽ വീതം വാങ്ങാനുള്ള 10 വർഷത്തെ കരാറിനാണ് റോസ്നെഫ്റ്റുമായി റിലയൻസ് ധാരണയിലെത്തിയത്. 13 ബില്യൻ ഡോളറിന്റെ (1.1 ലക്ഷം കോടി രൂപ) കരാറാണിത്.
റഷ്യയുമായി വ്യാപാരബന്ധം പുലർത്തിയാൽ 100% ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച 2022 മുതലാണ് ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങിത്തുടങ്ങിയത്. യൂറോപ്യൻ യൂണിയനും യുഎസും മറ്റും റഷ്യയ്ക്കുമേൽ ഉപരോധം പ്രഖ്യാപിക്കുകയും റഷ്യൻ എണ്ണ വാങ്ങുന്നത് ചുരുക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു അത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യ വിപണി വിലയേക്കാൾ വൻതോതിൽ ഇളവ് വാഗ്ദാനം ചെയ്യുകയായിരുന്നു. കുറഞ്ഞവിലയ്ക്ക് എണ്ണ കിട്ടുമെന്നതിനാൽ ഓഫർ ഇന്ത്യ സ്വീകരിക്കുകയും ചെയ്തു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 0.2% മാത്രമായിരുന്നു റഷ്യയുടെ പങ്ക്. നിലവിൽ അതു 35-40 ശതമാനമാണ്. മാത്രമല്ല, ഇന്ത്യയുടെ പരമ്പരാഗത എണ്ണ സ്രോതസ്സുകളായ ഗൾഫ് രാഷ്ട്രങ്ങളെ ബഹുദൂരം പിന്തള്ളി റഷ്യ ഒന്നാംസ്ഥാനവും പിടിച്ചെടുത്തു.
അതേസമയം, ∙ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധം ഭയന്ന് റഷ്യയുമായുള്ള വ്യാപാരബന്ധം നിർത്തുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. ലോകത്ത് എണ്ണ ഇറക്കുമതിയിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യ, മൊത്തം ഉപഭോഗത്തിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഫലത്തിൽ, കുറഞ്ഞവിലയ്ക്ക് എണ്ണ കിട്ടേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യവുമാണ്.



