
കൊല്ലപ്പെട്ട പഹൽഗാം ഭീകരരിൽ ഒരാളായ താഹിർ ഹബീബിന്റെ സംസ്കാരം പാക് അധിനിവേശ കശ്മീരിൽ നടന്നതായുള്ള റിപ്പോർട്ടുകളും വിഷ്വൽസും പുറത്ത് വരുകയാണ്. ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരരിൽ ഒരാളാണ് താഹിർ ഹബീബ്. സംസ്കാര ചടങ്ങിൽ ലഷ്കർ ഭീകരൻ പങ്കെടുത്തെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇത് ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന് നേരിട്ട് പങ്കുണ്ടെന്ന് കൂടുതൽ സ്ഥിരീകരണമാണെന്നതാണ് പ്രധാനകാര്യം. പഹൽഗാം ഭീകരാക്രമണത്തിൽ തീവ്രവാദികളുടെ പാക് ബന്ധത്തിന് തെളിവാണ് ഇതെന്നാണ് ഇപ്പോൾ അധികൃതരുടെയും നിലപാട്.
ഈ മയ്യത്ത് നമസ്കാര ചടങ്ങിനിടെ വലിയ സംഘർഷവുമുണ്ടായിരുന്നു. പ്രാദേശിക ലഷ്കർ കമാൻഡറായ റിസ്വാൻ ഹനീഫ് ചടങ്ങിൽ പങ്കെടുക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർമുണ്ടായത്. താഹിറിന്റെ കുടുംബം ലഷ്കർ അംഗങ്ങളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു, പക്ഷേ ഹനീഫ് എത്തുകയും ഇത് ഒരു ഏറ്റുമുട്ടലിലേക്ക് പോവുകയും ചെയ്തു. ചടങ്ങിനിടെ ലഷ്കർ പ്രവർത്തകർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതാണ് സംഘർഷത്തിൽ എത്തിയത്.
കൊല്ലപ്പെട്ട താഹിറിനെ പിടികിട്ടാപ്പുള്ളികളായ ‘എ’ കാറ്റഗറി ഭീകര പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. ലഷ്കർ-ഇ-ത്വയ്ബയുമായുള്ള ബന്ധവും പഹൽഗാം ആക്രമണത്തിലെ പങ്കും വ്യക്തമായപ്പോഴാണ് ഈ കാറ്റഗറിയിൽപ്പെട്ടത്.
കഴിഞ്ഞയാഴ്ചയാണ് ശ്രീനഗറിൽ ഓപ്പറേഷൻ മഹാദേവ് നടക്കുന്നത്. ഇതിൽ മറ്റ് രണ്ട് ഭീകരർക്ക്ക്കൊപ്പം താഹിറും കൊല്ലപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ കൃത്യമായ ജാഗ്രതയുള്ളവരാണ് ഖായ് ഗാലയിലെ നിവാസികൾ. പാക് അധീന കശ്മീരിലെ പൂഞ്ച് ജില്ലയുടെ തലസ്ഥാനമായ റാവൽകോട്ടിലെ ഒരു ടൗണാണ് ഖായ് ഗാല. ഭീകരവാദ റിക്രൂട്ട്മെന്റിനെതിരായി പൊതു ബഹിഷ്കരണം ഇവിടെ നടക്കുന്നുണ്ട്. എന്നാൽപോലും പഹൽഗാമിലെ ഭീകരൻ ഇവിടെ നിന്നുള്ളയാളാണെന്നത് അവർ സമ്മതിക്കുന്നുമുണ്ട്. ലക്ഷ്കർ അനുയായി ആയിരുന്നു ഇയാളെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന സംഭവ വികാസങ്ങളും.
ഓപ്പറേഷൻ മഹാദേവിൽ പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്കർ കമാൻഡർ സുലൈമാൻ ഷായെ അടക്കമാണ് സൈന്യം വധിച്ചത്. ആക്രമണം നടത്തിയ ഭീകരർക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും ഇന്ത്യൻ സുരക്ഷാസേന അടച്ചിരുന്നു.
ഭീകരർ നീങ്ങാനിടയുള്ള എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പാത അടയ്ക്കുകയാണ് സേന ആദ്യം ചെയ്തത്. ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനായി ഭീകരർ ഉപയോഗിച്ച തുരങ്കങ്ങൾ സുരക്ഷാസേന കണ്ടെത്തുകയും അവ മൂടുകയും ചെയ്തു. ഇത് ഭീകരരുടെ യാത്രകളെ തടയുകയും രക്ഷപ്പെടാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തു. യാത്രചെയ്യുന്ന ഏര്യ കുറയുകയും ചെറുത്തുനിൽക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്തപ്പോൾ ഭീകരർ കുടുങ്ങുകയായിരുന്നു.
ദിവസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകൾക്ക് ശേഷമാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്ത സുലൈമാൻ ഷായെ സുരക്ഷാസേന വധിച്ചത്. ഭീകരവാദികളുടെ നീക്കങ്ങളേക്കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ജൂലായ് ആദ്യം തന്നെ ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു.
നേരിട്ടും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ഭീകരവാദികളുടെ സന്ദേശങ്ങൾ പിടിച്ചെടുത്തതോടെ ഇവരുടെ നീക്കങ്ങൾ വ്യക്തമായി. ഭീകരവാദികൾ ഉപയോഗിച്ച ചൈനീസ് നിർമിത അൾട്രാ ഹൈ ഫ്രീക്വൻസി റേഡിയോ ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങളാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചത്.സാധാരണ റേഡിയോ സന്ദേശങ്ങൾ പോലെ ഇവ ചോർത്തിയെടുക്കാനും പറ്റില്ല. എൻക്രിപ്റ്റഡ് ആയിട്ടാണ് ഒരു സിസ്റ്റത്തിൽനിന്ന് മറ്റൊന്നിലേക്ക് പോവുക. എന്നാൽ ഈ ഫ്രീക്വൻസിയിലുള്ള ആശയവിനിമയം നടന്നുവെന്നതിന്റെ ഇലക്ട്രോണിക് മാപ്പിങ് കണ്ടെത്താനാകും. അങ്ങനെയാണ് ഭികരവാദികൾ ദാചീഗാം വനമേഖലയിലുണ്ടെന്ന് കണ്ടെത്തിയത്.
ഈ വിവരങ്ങൾ പിന്തുടർന്ന സുരക്ഷാസേന ഭീകരവാദികൾ ലിദ്വാസിൽ മഹാദേവ കുന്നിന് സമീപം വനത്തിലൊളിച്ചുവെന്ന് വ്യക്തമായതോടെയാണ് ഓപ്പറേഷന് തുടക്കം കുറിച്ചത്. ഏതാണ്ട് 14 ദിവസത്തോളം ഈ ഭീകരവാദികൾക്ക് പിന്നാലെയായിരുന്നു സുരക്ഷാസേന.സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് സൈനിക നടപടി തുടങ്ങിയത്.
വധിച്ച ഭീകരവാദികളിൽ നിന്നും എകെ-47, യുഎസ് നിർമിത എം-4 കാർബൈൻ, റൈഫിളിൽനിന്ന് പ്രയോഗിക്കാവുന്ന 17 ഗ്രനേഡുകൾ, വെടിയുണ്ടകൾ, തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇത്രയും വലിയ ആയുധശേഖരം സൂചിപ്പിക്കുന്നത് ഇവർ മറ്റൊരു വലിയ ആക്രമണത്തിന്റെ തയ്യാറെടുപ്പിലായിരുന്നു എന്നാണ്.
കൊല്ലപ്പെട്ട സുലൈമാൻ ഷാ പാക് സൈന്യത്തിന്റെ കമാൻഡോ വിഭാഗമായ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ സേവനമനുഷ്ടിച്ചതിന് ശേഷമാണ് ലഷ്കറിന്റെ ഭാഗമായത്. 2023-ലാണ് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് എന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് 2024 ഒക്ടോബറിൽ സോനാമാർഗ് തുരങ്കനിർമാണ തൊഴിലാളികൾക്കെതിരായ ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ ഏഴ് തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ബാരാമുള്ളയിൽ പോലീസിന് നേരെയുണ്ടായ ആക്രമണത്തിലും സുലൈമാൻ ഷായ്ക്ക് വ്യക്തമായ പങ്കുണ്ട്. പഹൽഗാമുൾപ്പെടെയുള്ള ജമ്മുകശ്മീരിൽ ഉടനീളമുണ്ടായ ആറ് ഭീകരാക്രമണങ്ങളിലും സുലൈമാൻ ഷായ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നു. പഹൽഗാം ആക്രമണം കഴിഞ്ഞ് സുലൈമാൻ ഷായ്ക്ക് വേണ്ടി സംസ്ഥാനത്തെ വനമേഖലകളും ഗ്രാമങ്ങളിലെ വീടുകളുമടക്കം സുരക്ഷാ സേന അന്വേഷണം നടത്തിയിരുന്നു.



