
റഷ്യയിലെ എണ്ണ സംഭരണശാലയില്‍ യുക്രൈന് ആക്രമണത്തെത്തുടര്‍ന്ന് വന്‍ തീപ്പിടിത്തം. സോച്ചിയിലെ എണ്ണസംഭരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. യുക്രൈന് നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റീജണല്‍ ഗവര്‍ണര്‍ വെന്യാമിന്‍ കോന്ദ്രാതിയേവ് പറഞ്ഞു.
യുക്രൈന്റെ ഡ്രോണ്‍ എണ്ണ സംഭരണശാലയിലെ കൂറ്റന്‍ ഇന്ധനടാങ്കുകളിലൊന്നില്‍ പതിച്ചതായും ഇതാണ് തീപ്പിടിത്തത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണവിധേയമാക്കാനായി നൂറിലേറെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രംഗത്തുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തീപ്പിടിത്തത്തെ തുടര്‍ന്ന് സോച്ചിയിലെ വിമാനത്താവളത്തില്‍നിന്നുള്ള വിമാനസര്‍വീസുകളെല്ലാം താത്കാലികമായി നിര്‍ത്തിവെച്ചു.
റയാസാന്‍, പെന്‍സ തുടങ്ങിയ നഗരങ്ങള്‍ ലക്ഷ്യമിട്ടും യുക്രൈന് ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് റഷ്യയുടെ ആരോപണം. ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും റഷ്യന്‍ അധികൃതര്‍ പറഞ്ഞു.
സോച്ചിയിലെ തീപ്പിടിത്തത്തിൻ്റെ ദൃശ്യങ്ങളെന്ന് പറഞ്ഞ് ഒട്ടേറെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. യുക്രൈനിൽനിന്നുള്ള എക്സ് അക്കൗണ്ടുകളില്‍നിന്നാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് വാർത്താ ഏജൻസികൾ സ്ഥിരീകരണം നൽകിയിട്ടില്ല.



