
പൊലീസില്‍ സംഘപരിവാര്‍ വത്കരണം ഉണ്ടെന്ന ശക്തമായ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് അത്തരം പശ്ചാത്തലമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എഡിജിപി എം.ആര് അജിത് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്ന ആരോപണം ഉയരുന്നത്. അജിത് കുമാറിനെതിരെ കടുത്ത നടപടി എടുക്കാതെ താക്കീത് നല്കി കേസ് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പുനഃപരിശോധിച്ച നിലവിലെ ഡിജിപി റവാഡ ചന്ദ്രശേഖര്‍ പുതിയ ശുപാര്‍ശയും നല്‍കിയതായാണ് അറിയുന്നത്. അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റിയതനാല് സസ്പെന്ഷന് പോലുള്ള കടുത്ത നടപടി വേണ്ടെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പുതിയ ശുപാര്‍ശ ഉള്പെടുത്തിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് നിലവിലെ ഡിജിപി റവാഡ ചന്ദ്രശേഖര്‍ നല്‍കിയിട്ടുമുണ്ട്, അതനുസരിച്ച് അജിത് കുമാറിനെതിരായ നടപടി തത്കാലം താക്കീത് നല്കി അന്വേഷണം അവസാനിപ്പിക്കുന്നിടത്ത് എത്തും. തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത്കുമാറിനെതിരം അങ്ങനെയെങ്കില്‍ കടുത്ത നടപടി ഉണ്ടാകില്ല.
തൃശ്ശൂര്‍ പൂരം കലക്കിയതില്‍ അജിത് കുമാറിന് പങ്കുണ്ടെന്നും ഇത് ബിജെപിയെ സഹായിക്കാനായിരുന്നെന്നും കടുത്ത ആരോപണമാണ് അജിത്കുമാറിനെതിരെ ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ടും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും മുന്‍ ഡിജിപി ദര്‍വേഷ് സാഹേബ് സമര്‍പിച്ച രണ്ടു റിപ്പോര്‍ട്ടുകളാണ് മടക്കിയത്. അതായത് ഇത്തരത്തിലൊരു നടപടി അധികം കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി തന്നെ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ഹിതകരമല്ലെന്ന പേരില്‍ സര്‍ക്കാര്‍ മടക്കി അയയ്ക്കുന്നത്. എന്നിട്ട് ഇതേ റിപ്പോര്‍ട്ടില്‍ പുതിയ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിടുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഇതുവഴി സര്‍ക്കാര്‍ എന്ത് സന്ദേശമാകും പൊതുജനങ്ങള്‍ക്ക് നല്കാന് ഉദ്ദേശിക്കുന്നത്. ഗുരുതരമായ ആരോപണം നേരിടുന്ന ഒരുദ്യോഗസ്ഥന്, അതും സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ ഉദ്യോഗസ്ഥന് അയാളെ തന്നെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇറങ്ങുന്നതിന്റെ അന്തപ്പുര രഹസ്യമാണ് മനസ്സിലാകാത്തത്.

കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ബിജപിക്ക് സീറ്റ് വാങ്ങിക്കൊടുത്തെന്ന ആരോപണം അജിത്കുമാറിനെതിരെ തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ഉയരുന്നുണ്ട്. തൃശ്ശൂര്‍ പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയാണെന്നും അതിന് നേതൃത്വം കൊടുത്തത് അജിത്കുമാറാണെന്നും പൊതുവേ പ്രതിപക്ഷം ആരോപിക്കുന്നുണ്ടായിരുന്നു. അതിനു മുന്‍പ് ആര്‍എസ്എസ് നേതാവ് ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ വിവാദമായി. അത്തരത്തില്‍ സംഘപരിവാറുമായും തീവ്ര വലതുപക്ഷവുമായും ബന്ധമുണ്ടെന്ന് ആരോപണം ഉയരുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന് വരുന്നത് സിപിഐഎമ്മിന്റെ നൈതികതയ്ക്ക് എത്രത്തോളം ചേര്‍ന്നതാണെന്ന ധാര്‍മികതയുടെ ഒരു വശം കൂടി വിഷയത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. പക്ഷം ചേരാന്‍ പാടില്ലാത്ത പൊലീസുകാര്‍ പക്ഷം ചേരുന്നതിന്റെ ധാര്‍മികതയും ഇവിടെ ചോദ്യം ചെയ്യപ്പെടും. അതിനൊക്കെ മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
കേരളത്തിലെ ആഭ്യന്തരം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും തന്റെ ആ സ്വന്തം വകുപ്പില്‍ പിണറായിക്ക് വലിയ നിയന്ത്രണം ഒന്നുമില്ലെന്ന ആക്ഷേപം നേരത്തെ ഉയരുന്നുണ്ട്. അതിന് നിദാനമാണ് പല സംഘപരിവാര്‍ നേതാക്കളും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും പിണറായി വിജയന്റെ പൊലീസ് കേസ് എടുത്തില്ലെന്നത്. എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് പുറത്തു പോയ പി.വി അന്‍വര്‍ പുറത്തുപോകുന്നതിനും ഏറെ മുന്‍പേ ആരോപിച്ചിരുന്ന ഒരു കാര്യവും ഇതാണ്. അജിത്കുമാറിന്റെ സംഘപരിവാര്‍ ബന്ധം, മലപ്പുറം പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിന്റെ സംഘപരിവാര്‍ ബന്ധം, ഇവയെല്ലാം അന്‍വര്‍ അന്നു തന്നെ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയതാണ്. അന്ന് അന്‍വറിനെ ആക്രമിക്കാന്‍ മുന്നില്‍ നിന്ന സിപിഐഎം അണികള്‍ എന്ത് നിലപാടാണ് സമൂഹത്തിന് മുന്നില്‍ വെക്കുന്നതെന്ന് ചോദിച്ചാല്‍ എക്സൈസിലേക്ക് അജിത്കുമാറിനെ മാറ്റിയില്ലേ പിന്നെന്താ എന്ന മറുചോദ്യം ഉയരും. എക്സൈസിലേക്ക് അജിത്കുമാറിനെ മാറ്റിയെങ്കിലും ഇതൊന്നും അജിത് കുമാറിനെ സംരക്ഷിക്കാനുള്ള നടപടിക്ക് ന്യായീകരണമാകുന്നില്ല.
സംഘപരിവാറുമായും ബിജെപിയുമായും സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണം ശരിവയ്ക്കുകയല്ലേ അജിത് കുമാറിനെ പോലുള്ളവരെ സഹായിക്കുന്ന നിലപാടുകള്‍ എന്ന് ആരെങ്കിലും സംശയം ഉന്നയിച്ചാല്‍ തെറ്റൊന്നും പറയാനാകില്ല. പൊലീസ് കൂടുതലായി സംഘപരിവാര്‍ വത്കരിക്ക്പെടുന്നു എന്നുള്ളത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഉയരുന്ന വിമര്‍ശനമാണ്. ഈ സാഹചര്യത്തില്‍ സംഘപരിവാറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനെ വീണ്ടും വീണ്ടും സംരക്ഷിക്കുന്നത് വഴി എന്താണ് സര്‍ക്കാര്‍ നല്കുന്ന സന്ദേശമെന്നാണ് പൊതുസമൂഹം ചോദിക്കുന്നത്. സിപിഎം ബിജെപി ബാന്ധവം ശക്തിപ്പെടുത്തുകയാണോ ഇതെന്നും സംശയം ഉയരുന്നുണ്ട്.

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ ആവശ്യപ്രകാരമാണ് മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പുനഃപരിശോധിച്ചത്. പുതിയ ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. അതിനിടെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആര് അജിത് കുമാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ തെളിവില്ലെന്നും വസ്തുതകള്‍ വിലയിരുത്താതെയാണ് ക്ലീന്‍ ചിറ്റ് റദ്ദാക്കിയതെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. അജിത് കുമാറിനെതിരെ ഉയര്‍ന്ന പരാതികള്‍ തള്ളി ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ടായിരുന്നു പ്രത്യേക വിജിലന്‍സ് കോടതി നേരത്തെ റദ്ദാക്കിയത്. റിപ്പോര്‍ട്ട് നന്നായി വായിച്ചു പോലും നോക്കാതെയും അതിലെ വിവരങ്ങള്‍ മനസ്സിലാക്കാതെയുമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത് എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ളാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു എഡിജിപിക്കെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ചത്. അജിത് കുമാര്‍ തിരുവനന്തപുരത്ത് കവടിയാറില്‍ വലിയൊരു കൊട്ടാരം പണിയുന്നുണ്ടെന്നും കവടിയാറില്‍ 15000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് അജിത് കുമാര്‍ പണിയുന്നതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.



