തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്തു; സിപിഐഎമ്മിന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം; മരിച്ചത് ആര്യനാട് പഞ്ചായത്ത് അംഗം ശ്രീജ; മരണത്തിനുത്തരവാദികള്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസും.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്യനാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് വാര്‍ഡ് അംഗം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ അംഗമായ എസ്.ശ്രീജയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 48 വയസ്സായിരുന്നു. ശ്രീജയുടെ മരണത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസും ശ്രീജയുടെ കുടുംബവും രംഗത്തെത്തി. സിപിഐഎമ്മിന്റെ മാനസിക പീഡനത്തില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസും ശ്രീജയുടെ കുടുംബവും ആരോപിച്ചു. അതേസമയം, സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ചിലര്‍ ശ്രീജയ്ക്കെതിരെ പരാതി നല്‍കിയിരുന്നതായും 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജയ്ക്കുണ്ടായിരുന്നതായും പറയപ്പെടുന്നു. ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയില്‍ ശ്രീജയ്ക്കെതിരെ പരാമര്‍ശമുണ്ടായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സിപിഐഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍ ആരോപണം ഉന്നയിച്ചതില്‍ മനംനൊന്താണ് ഷീജ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് ജയന്‍ ആരോപിച്ചു. ജയന്റെ വാക്കുകള്‍., ‘ഇന്നലെ രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു പറഞ്ഞു. കുഴപ്പമില്ല, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സിപിഎമ്മുകാര്‍ക്ക് ആര്‍ക്കും പണം കൊടുക്കാനില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തുനിന്നാണ് ശ്രീജ പണം കടം വാങ്ങിയത്. എന്നിട്ടും മോശമായ രീതിയിലാണ് അവര്‍ സംസാരിച്ചതെന്നും നാടു മുഴുവന്‍ പോസ്റ്റര്‍ ഒട്ടിച്ചെന്നും ഇതിലെല്ലാം ശ്രീജയ്ക്ക് വലിയ മനോവിഷമം ഉണ്ടായിരുന്നെന്നും ജയന്‍ പറഞ്ഞു.

ശ്രീജയുടേത് ആത്മഹത്യ അല്ലെന്നും സിപിഎം നടത്തിയ കൊലപാതകമാണെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ നിന്നാണ് ശ്രീജ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അവരെ വ്യക്തിപരമായി ആക്രമിക്കുക എന്നതായിരുന്നു കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മിന്റെ ലക്ഷ്യമെന്നും എംഎല്‍എ ജി.സ്റ്റീഫന്റെ നിര്‍ദേശാനുസരണമാണ് സിപിഎം നേതാക്കന്മാര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രീജയ്ക്കെതിരെ എല്ലായിടത്തും പോസ്റ്റര്‍ പതിപ്പിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Scroll to Top