
വളാഞ്ചേരിയില്‍ ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനര്‍ജനിയിലെ അധ്യാപികയ്‌ക്കെതിരെ 25കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിപ്പെട്ടപ്പോള്‍ അധിക്ഷേപിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, സ്ഥാപനത്തില്‍ നിന്ന് പൊള്ളലേറ്റിട്ടില്ലെന്ന് അധ്യാപികയും സ്ഥിരീകരിച്ചു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി വലിയകുന്നില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി എന്ന സ്ഥാപനത്തിനെതിരെയാണ് എടയൂര്‍ സ്വദേശിനിയായ 25കാരി പരാതി നല്‍കിയത്. കൈത്തണ്ടയില്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ പൊള്ളലേറ്റ മുറിവും ഉണ്ട്. ഇക്കഴിഞ്ഞ എട്ടാം തിയ്യതി പുനര്‍ജനിയില്‍ നിന്ന് യുവതി തിരികെ വീട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റതായി കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ആദ്യം പന്ത് തട്ടിയതാണെന്നും പിന്നീട് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ചതാണെന്നും പെണ്‍കുട്ടി മാതാവിനോട് പറഞ്ഞു.
ഇത് ചോദ്യം ചെയ്ത് സ്‌കൂളിലേക്ക് വിളിച്ചപ്പോള്‍ വീട്ടില്‍ നിന്ന് തന്നെ സംഭവിച്ചാതാകാം എന്നാണ് അധ്യാപകര്‍ യുവതിയുടെ മാതാവിനോട് പറഞ്ഞത്. പിന്നീട് സ്‌കൂളിലേക്ക് രക്ഷിതാക്കളുടെ യോഗത്തിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചതായും യുവതിയുടെ മാതാവ് പറഞ്ഞു.
ഇക്കാര്യത്തില്‍ പുനര്‍ജനിയിലെ അധ്യാപികയുമായി ബന്ധപ്പെട്ടപ്പോള്‍ ഒരിക്കലും സ്‌കൂളില്‍ നിന്ന് സംഭവിച്ചതല്ലെന്നും വളരെ സൂക്ഷ്മതയോടെയാണ് ഓരോ അന്തേവാസികളെയും പരിപാലിക്കുന്നതെന്നും പെണ്‍കുട്ടി തങ്ങളോട് മറ്റു രീതിയില്‍ സംഭവിച്ചെന്നാണ് പറഞ്ഞതെന്നും അധ്യാപിക വ്യക്തമാക്കി. ഭിന്നശേഷി സംഘടനയായ പരിവാര്‍, പുനര്‍ജനിയെ പൂട്ടിക്കാന്‍ ശ്രമിക്കുന്നതായും അധ്യാപിക ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ഭിന്നശേഷിക്കാരിയായതിനാല്‍ പലപ്പോഴും പെണ്‍കുട്ടി സംഭവം വിവരിക്കുന്നതില്‍ വൈരുധ്യം ഉണ്ടാകുന്നുണ്ട്.



