
ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ തീരുവ വര്‍ധനവ് നിലവില്‍ വന്നതോടെ ഇന്ത്യയുടെയും കേരളത്തിന്റെയും സമുദ്രോത്പന്ന മേഖലയിലും വസ്ത്ര മേഖലയിലും അടക്കം ഉണ്ടായിട്ടുള്ളത് കടുത്ത പ്രതിസന്ധിയാണ്. സമുദ്രോത്പന്ന കയറ്റുമതി നിലച്ചിരിക്കുകയാണെന്ന് തന്നെ പറയാം. ഒപ്പം തുണിത്തര നിര്‍മാണ മേഖലയില്‍ ഭീമമായ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. തീരുവ ചുമത്തിയതും അമേരിക്കന്‍ വിപണി നിലച്ചതും മറ്റ് ആഗോള വിപണികളും സംശയത്തോടെയാണ് ഇന്ത്യന്‍ ഉത്പന്നങ്ങളെ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ നഷ്ടസാധ്യത കണക്കിലെടുത്ത് ചൈന അടക്കമുള്ള ആഗോള വിപണികളും പിന്മാറ്റത്തിന്റെ പാതയിലാണ്. ഇതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാണ്. അതേസമയം, അമേരിക്കയുടെ തീരുവ ഭീഷണിയെ മറികടക്കാന്‍ ആകുന്നതെല്ലാം ഇന്ത്യ ചെയ്യുന്നുണ്ട്. അമേരിക്ക പിന്മാറുന്നതോടെ മറ്റു ലോക വിപണികളില്‍ ചുവടുറപ്പിക്കാനുള്ള സാധ്യതകളും ഇന്ത്യ തേടുന്നുണ്ട്. യു.കെ അടക്കമുള്ള രാഷ്ട്രങ്ങളുമായി ഇക്കാര്യത്തില്‍ ഇന്ത്യ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.
സമുദ്രോത്പന്ന മേഖലയിലാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നത്. ബുധനാഴ്ച മുതല്‍ അമേരിക്കയുടെ 50 ശതമാനം തീരുവ വര്‍ധനവ് നിലവില്‍ വന്നതോടെ മുന്‍പ് അമേരിക്കന്‍ കമ്പനികള്‍ നല്കിയ സമുദ്രോത്പന്ന കയറ്റുമതി കരാറുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. അമേരിക്കന്‍ ഓര്‍ഡറുകള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികള്‍ ശേഖരിച്ചു വച്ചത്. ആറുമാസം മുന്‍പു തന്നെ അമേരിക്കന്‍ ഓര്‍ഡറുകള്‍ കേരളത്തിലെ കമ്പനികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഈ ഓര്‍ഡറുകളെല്ലാം അതാത് കമ്പനികള്‍ തന്നെ മരവിപ്പിച്ചതിനാല്‍ കോടിക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് കെട്ടിക്കിടക്കുന്നത്.
ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ ഏറ്റവും വലിയ വിപണി അമേരിക്കയായിരുന്നു. പ്രത്യേകിച്ച് ചെമ്മീന്‍ കയറ്റുമതിയില്‍. അമേരിക്കയിലേക്കു മാത്രം പ്രതിവര്‍ഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയക്കപ്പെട്ടിരുന്നത്. ഈ വര്‍ഷം ഇതിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് കപ്പലില്‍ പോയിട്ടുള്ളത്. അയയ്ക്കാന്‍ ബാക്കിയുള്ളവയില്‍ അധികവും ചെമ്മീനാണ്. അടുത്ത ആറു മാസത്തേക്ക് കയറ്റി അയയ്ക്കാനുള്ളവ കമ്പനികളുടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് അറിവ്. എന്നാല്‍, അമേരിക്കയുടെ തീരുവ വര്‍ധനവ് നിലവില്‍ വന്നതോടെ കേരളത്തിലടക്കം ശേഖരിച്ചു വച്ചിട്ടുള്ള സമുദ്രോത്പന്നങ്ങളുടെ മൂല്യം 50 ശതാനം കുറഞ്ഞെന്നാണ് കണക്കുകൂട്ടല്‍. അമേരിക്കന്‍ ഓര്‍ഡറുകള്‍ മുന്നില്‍ കണ്ട് കോടികളാണ് കയറ്റുമതി കമ്പനികള്‍ ചെലവാക്കിയത്. അമേരിക്കന്‍ വാതിലുകളടഞ്ഞതോടെ ഈ നിക്ഷേപം പാഴാകുമെന്ന സ്ഥിതിയായിട്ടുണ്ട്.
അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ വരുന്ന ഇടിവ് മറ്റു ആഗോള വിപണികളിലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വില ഇടിക്കും. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി വിപണി അടഞ്ഞതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്ന് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കണക്കുകൂട്ടുന്നു. ചൈനയും വിയറ്റ്നാമും തായ്ലാന്ഡും നേരത്തേ നല്കിയ ഓര്‍ഡറുകളില്‍നിന്ന് പിന്മാറുന്നതായി വിവരമുണ്ട്. തത്കാലം ചരക്ക് വേണ്ടെന്ന നിലപാടിലേക്ക് ഈ രാജ്യങ്ങള്‍ എത്തിയിട്ടുണ്ട്. വില കുറയാനുള്ള സാധ്യത മുന്നില്‍കണ്ട് അതിനായി കാത്തിരിക്കുകയാണ് ഈ രാജ്യങ്ങള്‍.
ഒപ്പം തുണിത്തരങ്ങളുടെ വിപണിയിലും ഭീമമായ ഇടിവ് വരാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയായിരിക്കും ഏറ്റവുമധികം പ്രതിസന്ധിയിലാകുന്നത്. കാരണം, ആദ്യമേ തുണിത്തരങ്ങളുടെ കയറ്റുമതിക്ക് 9 ശതമാനം സ്പെഷ്യല്‍ തീരുവ നിലനില്‍ക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഇപ്പോഴത്തെ 50 ശതമാനം തീരുവ കൂടി ചുമത്തുന്നത്. ഇതോടെ തുണിത്തരങ്ങളുടെ തീരുവ വര്‍ധിക്കുന്നത് 59 ശതമാനമായിട്ടാണ്. ഇതോടെ തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ക്ലസ്റ്ററാണ് വലിയ പ്രതിസന്ധിയിലാകുന്നത്. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏതാണ്ട് 3,000 കോടി രൂപയുടെ കുറവുവരുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് വിലയിരുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അതായത് 2024-25ല്‍ 44,747 കോടി രൂപ വിലമതിക്കുന്ന വസ്ത്രങ്ങള്‍ തിരുപ്പൂരില്‍ നിന്ന മാത്രം കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 2023-ല്‍ നടന്ന കയറ്റുമതിയേക്കാള്‍ മികച്ച ലാഭം ഈ വര്ഷത്തിലുണ്ടായിരുന്നു. 2023-24ല്‍ കയറ്റുമതി വരുമാനം 33,400 കോടി രൂപയായിരുന്നു. ഈവര്‍ഷവും ഗണ്യമായ വര്‍ധനവ് പ്രതീക്ഷി്ച്ചിരുന്നപ്പോഴാണ് ഇരുട്ടടിയായി അമേരിക്കയുടെ തീരുവ വര്‍ധന എത്തുന്നത്.
ഇന്ത്യയുടെ നിറ്റ് വെയര്‍ തലസ്ഥാനമെന്ന് വിശേഷണമുള്ള തിരുപ്പൂരില്‍ നിന്ന് ഏറ്റവുമധികം വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കാണ്. 35 ശതമാനമായിരുന്നു കയറ്റുമതി. പിഴച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതു മുതല്‍ തന്നെ അമേരിക്കന്‍ വ്യാപാരികള്‍ തിരുപ്പൂരില്‍ നിന്നുള്ള ഓര്‍ഡറുകള്‍ മരവിപ്പിച്ചിരുന്നു. ഓര്‍ഡര്‍ പ്രകാരം വസ്ത്രങ്ങള്‍ തയ്യാറാക്കി കയറ്റുമതിഘട്ടത്തിലെത്തിയതിനാല്‍ ഇത് വലിയ നഷ്ടമുണ്ടാക്കും. തീരുവ വര്‍ധനവ് നിലവില്‍ വന്നതോടെ തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ ടെക്സ്റ്റൈല്‍ നിര്‍മാണ യൂണിറ്റുകള്‍ ചൊവ്വാഴ്ച ഉത്പാദനം നിര്‍ത്തിയതായി ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്ഗനൈസേഷന് അറിയിച്ചിട്ടുണ്ട്. കോടിക്കണക്കിനു രൂപ മുതല്‍ മുടക്കിയ കയറ്റുമതി വ്യാപാരികള്‍ക്ക് തീരുവ വര്‍ധനവ് ഭീമമായ നഷ്ടമുണ്ടാക്കും. അതുകൊണ്ട് സമുദ്രോത്പന്ന കയറ്റുമതി സംഘടന സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തന ചെലവിന്റെ 30 ശതമാനമെങ്കിലും വായ്പയായി അനുവദിക്കണമെന്നാണ് ആവശ്യം. കോവിഡ് കാലത്ത് ഇതുപോലെ പല മേഖലയിലും സര്‍ക്കാര്‍ സഹായം നല്കിയിരുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, നിലവിലെ പ്രതിസന്ധിയെ ഏത് വിധേനയും മറികടക്കാന്‍ ഇന്ത്യ വാണിജ്യ മന്ത്രാലയം ഇടപെടല്‍ നടത്തുന്നുണ്ട്. അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാര്‍ നടപ്പില്‍വരുന്നതോടെ ഈ പ്രതിസന്ധി ഒരളവുവരെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. യുകെയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍ അമേരിക്ക സൃഷ്ടിക്കുന്ന ആഘാതം നല്ലൊരളവ് വരെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തലുണ്ട്. ബ്രിട്ടന്, ഓസ്ട്രേലിയ, യുഎഇ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഇന്ത്യക്ക് വ്യാപാര ഉടമ്പടിയുണ്ട്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക്, പ്രത്യേകിച്ച് വസ്ത്രമേഖലയിലുള്ളവര്ക്ക് കൂടുതല്‍ അവസരം നല്‍കാമെന്ന് ഈ രാജ്യങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. മറ്റുരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെക്കുറിച്ച് ആലോചിക്കാന്‍ തീരുവ ബാധിക്കുന്ന മേഖലയിലെ കയറ്റുമതിക്കാരുമായി രണ്ടുമൂന്നുദിവസത്തിനകം വാണിജ്യമന്ത്രാലയം ചര്‍ച്ചനടത്തും. 2025-26ലെ ബജറ്റില്‍ പ്രഖ്യാപിച്ച ‘കയറ്റുമതി പ്രോത്സാഹനദൗത്യം’ രൂപവത്കരിക്കാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
അതേസമയം, തീരുവ ഉയര്‍ത്തല്‍ കയറ്റുമതിക്ക് ഉടന്‍ വലിയ ആഘാതമുണ്ടാക്കില്ലെങ്കിലും ഭാവിയില്‍ പ്രതിസന്ധിയുണ്ടായേക്കാമെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ കയറ്റുമതി പല രാജ്യങ്ങളിലേക്കായതിനാല്‍ യുഎസിന്റെ ഉയര്‍ന്നതീരുവ കയറ്റുമതിക്കാരെ ബാധിക്കില്ലെന്നാണ് നിഗമനം. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ നാലുമാസങ്ങളില്‍ യുഎസിലേക്കുള്ള കയറ്റുമതിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 21.64 ശതമാനം വര്‍ധനയുണ്ടായി. ഈ പ്രവണത തുടര്‍ന്നാല്‍, കഴിഞ്ഞവര്‍ഷത്തെ അത്രയും തുകയുടെ കയറ്റുമതി ഇത്തവണയും നടക്കുമെന്നാണ് പ്രതീക്ഷ.



