ഇന്ത്യക്കാര്‍ക്ക് ട്രംപിന്റെ അടുത്ത ‘പണി’; എച്ച് വണ്‍ ബി വിസ നിര്‍ത്തലാക്കും., എന്താണ് ഗോള്‍ഡന്‍ കാര്‍ഡ്

ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യക്കാരോട് പ്രതികാരത്തിനിറങ്ങിയ ട്രംപ് ഭരണകൂടം ഇന്ത്യക്കാര്‍ക്കെതിരെ അടുത്ത പ്രതികാര നടപടിയുമായി രംഗത്തെത്തുകയാണ്. ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണപ്രദമായിരുന്ന എച്ച് വണ്‍ ബി വിസ നിര്‍ത്തലാക്കാനുള്ള പുതിയ തീരുമാനമാണ് യു.എസില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് വെല്ലുവിളിയായി എത്തുന്നത്. ഇന്ത്യക്കാര്‍ക്ക് കടുത്ത തിരിച്ചടിയാകുന്നതാണ് കുടിയേറ്റ വിരുദ്ധ നീക്കം. ഏറെ ഇന്ത്യക്കാരും അമേരിക്കയിലേക്ക് ജോലി ആവശ്യാര്‍ത്ഥം കുടിയേറിയിരുന്നത് എച്ച് വണ്‍ ബി വീസയും ഗ്രീന്‍ കാര്‍ഡ് സംവിധാനത്തിലൂടെയുമായിരുന്നു. എന്നാല്‍, ഈ സംവിധാനം പരിഷ്‌കരിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം എടുത്തിരിക്കുന്നത്. യു.എസ് കൊമേഴ്സ് സെക്രട്ടറി ഹാവര്‍ഡ് ലട്നിക് ആണ് പുതിയ നീക്കം സംബന്ധിച്ച സൂചന നല്‍കിയത്. ഇതോടെ നിലവിലുള്ള എമിഗ്രേഷന്‍ സംവിധാനത്തില്‍ മാറ്റം വരും.

ഗ്രീന്‍ കാര്‍ഡ് സംവിധാനം ഉപേക്ഷിച്ച് പകരം ഗോള്‍ഡന്‍ കാര്‍ഡ് സംവിധാനം കൊണ്ടുവരാനാണ് നീക്കം. ഗോള്‍ഡന്‍ കാര്‍ഡ് എന്നത് കൊണ്ട് നിക്ഷേപം കൊണ്ടുവരുക എന്ന ഉദ്ദേശ്യം കൂടി ട്രംപ് സര്‍ക്കാരിനുണ്ട്. അതായത് അമേരിക്കയില്‍ 50 ലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ കഴിവുള്ള വിദേശികള്‍ക്കാണ് ഗോള്‍ഡന്‍ഡ കാര്‍ഡ് നല്‍കുക. ഇവര്‍ക്ക് സ്ഥിരം വീസയായിരിക്കും നല്‍കുക. ഇത്തരത്തില്‍ അഞ്ചുമില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാന്‍ കഴിവുള്ള രണ്ടരലക്ഷത്തോളം ആളുകള്‍ കാത്തിരിക്കുന്നുണ്ടെന്നാണ് ഹാവര്‍ഡ് ലട്‌നിക് പറയുന്നത്. ഇതുവഴി അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം എത്തിക്കുകയാണ് ലക്ഷ്യമെന്ന് കൂടി അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്. അതായത് ഒന്നേകാല്‍ ലക്ഷം കോടി ഡോളര്‍ ഇത്തരത്തില്‍ അമേരിക്കയില്‍ നിക്ഷേപമായി സമാഹരിക്കാന്‍ സാധിക്കുമെന്നും ലട്‌നിക് പറയുന്നു. ഇത്തരം നിക്ഷേപം നടത്തുന്നവര്‍ക്ക് ഭാവിയില്‍ അമേരിക്കന്‍ പൗരത്വത്തിനും സാധ്യതയുണ്ട്. ഗോള്‍ഡന്‍ കാര്‍ഡ് വഴി ഉയര്‍ന്ന വരുമാനമുള്ള അപേക്ഷകര്‍ക്ക് മാത്രം കുടിയേറ്റത്തിനു മുന്‍ഗണന നല്‍കുകയും യോഗ്യത അടിസ്ഥാനമാക്കിയുള്ള തൊഴിലാളികളുടെ പ്രവേശനം ഉറപ്പാക്കുകയുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

നിരവധി ഇന്ത്യന്‍ യുവാക്കളുടെ സ്വപനങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന തീരുമാനം കൂടിയാണ് അമേരിക്കയുടേത്. ഇന്ത്യയില്‍ നിന്നടക്കം കൂടുതല്‍ ആളുകള്‍ തൊഴില്‍ തേടി അമേരിക്കയിലെത്തുന്നത് എച്ച് വണ്‍ ബി വീസയും ഗ്രീന്‍ കാര്‍ഡും ഉപയോഗിച്ചായിരുന്നു. ഈ തൊഴില്‍ വീസ അടിസ്ഥാനമാക്കി അമേരിക്കയിലെത്തി മികച്ച ജീവിതമാര്‍ഗം ഉണ്ടാക്കിയ നിരവധി ഇന്ത്യക്കാരുമുണ്ട്. എച്ച് വണ്‍ ബി വീസയും ഗ്രീന്‍ കാര്‍ഡും കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നതും ഇന്ത്യക്കാരും ചൈനക്കാരുമായിരുന്നു. എന്നാല്‍, ഇത്തരത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യന്‍ യുവാക്കളുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കുന്നതാണ് ട്രംപിന്റെ പുതിയ കുടിയേറ്റ നയം. അമേരിക്കന്‍ ജോലികളില്‍ നിന്ന് ഇന്ത്യക്കാരെ വിലക്കുകയാണ് ലക്ഷ്യം. അമേരിക്കയിലെ ജോലികളില്‍ വിദേശികളെ നിറക്കാന്‍ അനുവദിക്കുന്ന തട്ടിപ്പാണ് എച്ച് വണ്‍ ബി വിസയെന്നും അമേരിക്കകാര്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കണമെന്നും പറഞ്ഞ ലട്‌നിക്, പിന്നീട് പറഞ്ഞ മറ്റൊരു കാര്യവും ഏറെ ശ്രദ്ധേയമാണ്. ക്വാളിറ്റിയുള്ള ആളുകളെ മാത്രം യു.എസിലേക്ക് ക്ഷണിക്കുകയാണ് ലക്ഷ്യമെന്നാണ് ലട്‌നിക് പറയുന്നത്.

ശരാശരി അമേരിക്കക്കാര്‍ 75000 ഡോളറാണ് ഒരു വര്‍ഷം സമ്പാദിക്കുന്നത്. എന്നാല്‍ ശരാശരി ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ ശരാശരി സമ്പാദിക്കുന്നത് പ്രതിവര്‍ഷം 66000 ഡോളറും. പിന്നെന്തിന് വിദേശികളെ തെരഞ്ഞെടുക്കണമെന്നാണ് ലട്‌നിക് ചോദിക്കുന്നത്. നിലവിലുള്ള ലോട്ടറി സംവിധാനം നിര്‍ത്തലാക്കി കൂടുതല്‍ ഉയര്‍ന്ന വേതനാധിഷ്ഠിതമായ എച്ച് വണ്‍ ബി വിസ സംവിധാനം നടപ്പിലാക്കാന്‍ താന്‍ നേരിട്ടിടപെട്ടിട്ടുണ്ടെന്ന് കൂടി ലട്‌നിക് പറയുകയുണ്ടായി.

സാങ്കേതിക മേഖലയിലും മറ്റ് സ്‌പെഷലൈസ്ഡ് ജോലികളിലും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഈ മാറ്റം വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. നേരത്തെ, എച്ച്-വണ്‍ ബി വീസകള്‍ക്കായി വര്‍ഷം തോറും നടത്തുന്ന നറുക്കെടുപ്പില്‍ എല്ലാ അപേക്ഷകര്‍ക്കും തുല്യ പരിഗണനയാണ് ലഭിച്ചിരുന്നത്. എന്നാല്‍, പുതിയ നിര്‍ദേശം അനുസരിച്ച്, തൊഴിലുടമകള്‍ വാഗ്ദാനം ചെയ്യുന്ന ശമ്പളത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനിമുതല്‍ അപേക്ഷകരെ പരിഗണിക്കുക. നിലവിലെ നറുക്കെടുപ്പ് സമ്പ്രദായത്തിന് പകരം വേതനാടിസ്ഥാനത്തിലുള്ള ഒരു പുതിയ തെരഞ്ഞെടുപ്പ് രീതിയാണ് ഇതുവഴി നടപ്പാക്കുന്നത്. നിലവിലുള്ള റാന്‍ഡം ലോട്ടറി സമ്പ്രദായം ഇതോടെ അവസാനിക്കും. ഇത് വീസ നേടുന്നതിനുള്ള സാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ തൊഴിലുടമകളെ സഹായിക്കുമെന്നാണ് പുതിയ നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

പുതിയ നിയമം നിലവില്‍ വന്നാല്‍, തുടക്കക്കാര്‍ക്കും താരതമ്യേന കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും എച്ച്-വണ്‍ ബി വീസ ലഭിക്കാന്‍ ബുദ്ധിമുട്ടായേക്കാം. നാല് വ്യത്യസ്ത വേതന തട്ടുകളായി അപേക്ഷകരെ തരംതിരിച്ച്, ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. ഇത് വഴി, മികച്ച കഴിവുകളുള്ള, ഉയര്‍ന്ന ശമ്പളത്തിന് അര്‍ഹരായ പ്രഫഷനലുകള്‍ക്ക് വീസ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്ന് ഗോള്‍ഡന്‍ കാര്‍ഡ് അനുകൂലികള്‍ പറയുന്നു. ഇതോടെ, വലിയ ശമ്പളം നല്‍കാന്‍ ശേഷിയുള്ള കമ്പനികള്‍ക്ക് കൂടുതല്‍ വീസകള്‍ ലഭിക്കും. സാങ്കേതിക മേഖലയിലെ ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ പലര്‍ക്കും ഇത് അവരുടെ റിക്രൂട്ട്‌മെന്റ് തന്ത്രങ്ങള്‍ മാറ്റിയെഴുതാനും കാരണമായേക്കുമെന്ന് വിലയിരുത്തലുണ്ട്.

മുന്‍പ് ജോ ബൈഡന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റമനുസരിച്ച് എച്ച് വണ്‍ ബി വിസ ചട്ടങ്ങളില്‍ ഇളവുവന്നിരുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് വിദഗ്ധ തൊഴിലാളികളെ എളുപ്പം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ മാറ്റം ഇന്ത്യക്കും ചൈനയ്ക്കും ഒരേപോലെ ഗുണംചെയ്തിരുന്നു. ബൈഡന്‍ നടപ്പാക്കിയ ഇളവ് സ്റ്റുഡന്റ് വിസയില്‍നിന്ന് തൊഴില്‍ വിസയിലേക്കുള്ള മാറ്റമുള്‍പ്പെടെ എളുപ്പമാക്കുകയും ചെയ്തു. പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ നിശ്ചിതകാലം ജോലിചെയ്യുന്നതിനുള്ള അനുമതിയാണ് എച്ച് വണ്‍ ബി വിസ അനുവദിക്കുന്നതിലൂടെ ലഭിക്കുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ തോതില്‍ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്.

 

Scroll to Top