പൊലീസുകാരി മുന്നിലോടി വഴിയൊരുക്കിയ ആംബുലന്‍സ് ഓടിയത് രോഗി ഇല്ലാതെ; അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്., ആംബുലന്‍സും ഡ്രൈവറും കസ്റ്റഡിയില്‍.

തൃശ്ശൂര്‍: ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കി പൊലീസുകാരി മുന്നിലോടിയത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ വന്‍ ട്വിസ്റ്റാണ് ഉണ്ടായിട്ടുള്ളത്. രോഗി ഇല്ലാതെയാണ് ആംബുലന്‍സ് ഓടിയതെന്ന് അന്വേഷണിത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെയും ആംബുലന്‍സും മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വലതുവശത്ത് നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത് സംബന്ധിച്ച് എംവിഡി നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വലത് വശത്ത് നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പ്രചരിച്ച വീഡിയോയില്‍ നിന്ന് വ്യക്തമായിരുന്നു. അങ്ങനെയെങ്കില്‍ അത് ഡ്രൈവര്‍ക്ക് മാത്രമേ സാധിക്കൂ എന്ന അനുമാനത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. അതേസമയം, സൈറണ്‍ ഇട്ടിട്ടുണ്ടായിരുന്നില്ലെന്നും രോഗിയില്ലെന്ന് പറയാന്‍ സാവകാശം ലഭിച്ചില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ ഫൈസല്‍ പറഞ്ഞു. ഒറിജിനല്‍ വീഡിയോ തന്റെ പക്കലുണ്ടെന്നും ഫൈസല്‍ അവകാശപ്പെടുന്നു. ആരാണ് ഇത്തരത്തില്‍ വഴിയൊരുക്കിയതെന്നു പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വലിയരീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നെന്നും റഫൈസല്‍ പറഞ്ഞു.

തൃശ്ശൂര്‍ സിറ്റി വനിത പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപര്‍ണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലന്‍സിന് മുന്നിലോടി വഴിയൊരുക്കിയത്. രോഗി അത്യാസന്ന നിലയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപെടലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.

Scroll to Top