ഇസ്രായേല്‍ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് വടക്കന്‍ യെമനിലെ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി.

ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടു. വടക്കന്‍ യെമന്‍ തലസ്ഥാനമായ സനയില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടത്. റഹാവിയുടെ കൂട്ടാളികളും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് യെമന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. വടക്കന്‍ യെമനിലെ രാഷ്ട്രീയ നേതാക്കളെയും സൈനിക മേധാവികളേയും ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അഹമ്മദ് അല്‍ റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് ആക്രമണം നടന്നത്. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സന ഉള്‍പ്പെടെയുള്ള വടക്കന്‍ യെമനിലെ സ്ഥലങ്ങള്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേല്‍ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂത്തികള്‍. വ്യോമാക്രമണത്തില്‍ ഹൂത്തി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍-അതിഫിയും ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍-കരീം അല്‍-ഗമാരിയും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Scroll to Top