ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഭര്‍ത്താവ് തീകൊളുത്തി; കണ്ണൂരിലെ വൃദ്ധദമ്പതികളുടെ മരണകാരണം അവ്യക്തം; എന്നും കാണുന്നവരുടെ മരണത്തില്‍ നടുങ്ങി വിറങ്ങലിച്ച് ഗ്രാമം

ഏറെ സുപരിചിതരായ വൃദ്ധ ദമ്പതികളുടെ ദുരൂഹമരണം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് കണ്ണൂര്‍ അലവില്‍ ഗ്രാമം ഇപ്പോഴും മുക്തമായിട്ടില്ല. വലിപ്പച്ചെറുപ്പമില്ലാതെ നാട്ടുകാരോട് മുഴുവന്‍ സ്‌നേഹത്തില്‍ ഇടപെട്ടിരുന്ന വൃദ്ധദമ്പതികള്‍, എപ്പോഴും വീട്ടിനുള്ളിലും പുറത്തും പലവിധ ജോലികള്‍ ചെയ്ത് ഊര്‍ജ്ജസ്വലരായി നടന്നിരുന്നവര്‍ സ്വന്തം മകന്‍ നാട്ടിലെത്തുന്ന ദിവസം തന്നെ മരിച്ചതാണ് നാട്ടുകാരെ ഏറെ സങ്കടത്തിലാക്കുന്നതും ഞെട്ടിക്കുന്നതും. കണ്ണൂര്‍ അലവില്‍ അനന്തന്‍ റോഡില്‍ 75 വയസ്സുള്ള കല്ലാളത്തില്‍ പ്രേമരാജന്‍, 9 വയസ്സുള്ള എ.കെ.ശ്രീലേഖ എന്നിവരുടെ മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് അലവില്‍ ഗ്രാമം. മന്ത്രി എ.കെ.ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് ശ്രീലേഖ. ഇരുവരുടെയും ഇളയ മകന്‍ ഷിബിന്‍ പ്രേമരാജന്‍ വ്യാഴാഴ്ച ബ്ഹറൈനില്‍ നിന്ന് വീട്ടിലെത്താനിരിക്കുകയായിരുന്നു. ഷിബിന്‍ കണ്ണൂരില്‍ വിമാനമിറങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇരുവരും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പ്രേമരാജന്റെയും ശ്രീലേഖയുടെയും മകന്‍ ഷിബിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാന്‍ കാറെടുക്കാന്‍ എത്തിയ സരോഷ് ഏറെനേരം വിളിച്ചിട്ടും ഇരുവരും വാതില്‍ തുറന്നില്ല. ഫോണിലും കിട്ടാതായാതോടെ സരോഷ് നാട്ടുകാരെ വിവരമറിയിച്ചു. പിന്നീട് അയല്‍വാസികളുമായെത്തി വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുനില വീട്ടിലെ താഴെത്തെ കിടപ്പുമുറിയില്‍ കട്ടിലിന് താഴെ തറയില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍. ശ്രീലേഖയുടെ തല തകര്‍ന്ന് രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്നു. സമീപത്ത് തന്നെ ഒരു ഇരുമ്പ് ചുറ്റികയും ഗ്യാസ് സിലിണ്ടറും കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീകൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. പക്ഷേ എന്തിനു വേണ്ടി ഇരുവരും ഇത് ചെയ്‌തെന്നാണ് നാട്ടുകാര്‍ പരസ്പരം ചോദിക്കുന്നത്.

രണ്ടു മക്കളും വിദേശത്തായതിനാല്‍ പ്രേമരാജനും ഭാര്യ ശ്രീലേഖയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ ഷിബിന്‍ നാട്ടിലെത്തുന്ന വിവരം വിളിച്ചറിയിക്കുകയും കാറെടുക്കാന്‍ വര്‍ഷങ്ങളായി വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുന്ന സരോഷിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സരോഷ് വീട്ടിലെത്തി പലകുറി കോളിംഗ് ബെല്‍ അടിച്ചും വിളിച്ചും നോക്കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല,. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ സരോഷ് അയല്‍വാസികളെയും പൊലീസിലും വിവരമറിയിച്ചു. പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് വാതില്‍ ബലമായി തുറന്നു പരിശോധിച്ചപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. ഇതിനിടയില്‍ ഷിബിന്‍ വിമാനത്താവളത്തിലെത്തി സരോഷിനെ വിളിച്ചപ്പോള്‍ വിവരമറിഞ്ഞ് എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്‌സിയില്‍ നാട്ടിലെത്തുകയും ചെയ്തു. തുടര്‍ന്ന് വളപട്ടണം പൊലീസെത്തി നടത്തിയ മൃതദേഹ പരിശോധനയില്‍ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകള്‍ കണ്ടെത്തി. മുറിയില്‍ മണ്ണെണ്ണ മണവും ഉണ്ടായിരുന്നു. ഇതോടെ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. പക്ഷേ, കിടക്കയില്‍ ചുറ്റിക കൂടി കണ്ടെത്തിയതാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്ക് നീങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ അന്തിമനിഗമനത്തിലേക്ക് എത്താന്‍ സാധിക്കൂ എന്ന് പൊലീസ് പറയുന്നു.

മരിക്കുന്നതിനു തലേന്നു പോലും അയല്‍വാസികളുമായി ഫോണിലടക്കം ഇരുവരും സംസാരിച്ചിരുന്നെന്ന് പറയപ്പെടുന്നുണ്ട്. തലേന്ന് രാത്രി മുഴുവന്‍ വീട്ടിനകത്ത് വെൡച്ചവും കണ്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ ഇരുവരെയും ഫോണില്‍ കിട്ടിയിരുന്നില്ലെന്ന് അയല്‍വാസി സവാദ് പറയുന്നു. പിന്നീട് ഇവരെ വിളിച്ച് കിട്ടാതായതോടെ വൈകിട്ട് മരുമകള്‍ വിഞ്ജു, സവാദിന്റെ സഹോദരിയെ വിളിച്ചതനുസരിച്ച് ചെന്ന് നോക്കുമ്പോഴാണ് മറ്റുള്ളവര്‍ വീട് തുറക്കുന്നത് കണ്ടത്. ബുധനാഴ്ചയും ഇരുവരെയും പുറത്ത് കണ്ടിരുന്നില്ലെങ്കിലും തന്റെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും സവാദ് ഓര്‍ക്കുന്നു. ബുധനാഴ്ച രാത്രി വൈകിയും ഏറെനേരം വീട്ടില്‍ ലൈറ്റ് കണ്ടിരുന്നതായും സവാദ് പറയുന്നുണ്ട്. പ്രേമരാജനും ശ്രീലേഖയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുന്നിലെയും പുറകിലെയും വാതിലുകളും ജനാലകളും അടച്ച് കുറ്റിയിട്ട നിലയിലുമായിരുന്നു.

രണ്ടു മക്കളാണ് പ്രേമരാജന്‍ ശ്രീലേഖ ദമ്പതികള്‍ക്ക്. മൂത്തമകന്‍ പ്രബിത്ത് പ്രേമരാജന്‍ ഓസ്‌ട്രേലിയയിലാണ്. അടുത്തിടെയാണ് നാട്ടിലെത്തി അവധി കഴിഞ്ഞ് മടങ്ങിയത്. ഇളയമകന്‍ ഷിബിന്‍ പ്രേമരാജന്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്നു. ഷിബിന്‍ വിളിച്ചറിയിച്ചതനുസരിച്ച് രണ്ടുദിവസം മുന്‍പാണ് ഷിബിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാന്‍ സരോഷിനെ ഏല്‍പിച്ചതും. അപ്പോഴെല്ലാം ഇരുവരും ഏറെ സന്തോഷത്തിലുമായിരുന്നു. നേരത്തെ കണ്ണൂരിലെ സാവോയ് ഹോട്ടലില്‍ മാനേജരായി ജോലി ചെയ്തിരുന്ന പ്രേമരാജനോ ശ്രീലേഖയ്‌ക്കോ സാമ്പത്തിക പ്രയാസങ്ങളും അലട്ടിയിരുന്നില്ല. സാമ്പത്തികപ്രയാസങ്ങളൊന്നുമില്ലാത്ത, എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ഇരുവരുടെയും ദുരൂഹത നിറഞ്ഞ മരണം അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല ഇപ്പോഴും.

 

Scroll to Top