ഒരു പേരില്‍ എന്തിരിക്കുന്നു.? പലതുമുണ്ടെന്ന് ബിജെപി; എല്ലാത്തിന്റെയും പേരു മാറ്റുന്ന ബിജെപിക്ക് കര്‍ണാടകയില്‍ ഇരട്ടത്താപ്പ്..!

അങ്ങനെയിരിക്കുമ്പോള്‍ കര്‍ണാടകയില്‍ നിന്നൊരു വിവാദം പൊട്ടിപ്പുറപ്പെടുന്നു; കര്‍ണാടകയില്‍ അടുത്ത് തന്നെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ശിവജി നഗര്‍ മെട്രോ റെയില്‍ സ്‌റ്റേഷന്റെ പേര് മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചെന്ന്. സെന്റ് മേരീസ് എന്ന് പേര്് മാറ്റുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞത്രേ. വിവാദത്തിന് തിരികൊളുത്തി വിട്ടത് കര്‍ണാടകയിലെ ബിജെപിയാണ്. വൈകാതെ മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വവും മഹാരാഷ്ട്രാ ബിജെപി മുഖ്യമന്ത്രിയും വരെ വിവാദം ഏറ്റെടുത്ത് കത്തിക്കുന്നുണ്ട്. അന്വേഷിച്ചപ്പോള്‍ സംഗതി സത്യമാണ്. ശിവജി നഗര്‍ മെട്രോ റെയില്‍ സ്‌റ്റേഷന്റെ പേര് സെന്റ് മേരി എന്നാക്കുമെന്ന് സിദ്ദരാമയ്യ കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചു. പ്രഖ്യാപനം നടത്തിയത് സെന്റ് മേരീസ് ബസിലിക്കയുടെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതി കൂടി കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എന്തെങ്കിലും ഉണ്ടാകൂ. ഇനി അങ്ങനെയാണെങ്കില്‍ തന്നെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞതു പോലെ ഒരുപേര് മാറ്റുന്നതില്‍ എന്താണ് ഇത്ര പ്രശ്‌നം. ഒരു പേരിലെന്തിരിക്കുന്നു. അതുമാത്രമോ 2014-ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ ഏതെല്ലാം സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റി ഹിന്ദുത്വ വത്കരിച്ചിരിക്കുന്നു. ആ ബിജെപിയാണ് ഇപ്പോള്‍ ഈ പേര് മാറ്റത്തെ മതപരമായി ചിത്രീകരിക്കുന്നതെന്ന് കൂടി ഓര്‍ക്കണം.

എന്താണ് വിവാദത്തിന് ആധാരം,?
കര്‍ണാടകയിലെ നമ്മ മെട്രോ ഭാഗമായ പിങ്ക് ലൈന്‍ മെട്രോയുടെ ഭാഗമാണ് ശിവജി നഗര്‍ സ്‌റ്റേഷന്‍. അണ്ടര്‍ ഗ്രൗണ്ട് സ്‌റ്റേഷനായ ശിവജി നഗര്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്നേ ഉള്ളു. ഈ സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ മാത്രം മാറിയാണ് സെന്റ് മേരീസ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്. ബസിലിക്കയുടെ ആര്‍ച്ച് ബിഷപ്പ് റവ.പീറ്റര്‍ മച്ചാഡോ കഴിഞ്ഞവര്‍ഷവും ഇതേ ആവശ്യം ഉന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയെ സമീപിച്ചിരുന്നു. അന്നും എതിര്‍പ്പുമായി എത്തിയത് കര്‍ണാടക ബിജെപിയായിരുന്നു. ഇക്കുറി എതിര്‍പ്പിന്റെ ശക്തി കൂടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ വരെ എതിര്‍പ്പുമായെത്തി. ശിവജി മറാഠികളുടെ വീരപുത്രന്‍ ആയതിനാല്‍ തന്നെ മഹാരാഷ്ട്രയില്‍ നിന്നുള്ള എതിര്‍പ്പ് ഉയരുക സ്വാഭാവികം. പക്ഷേ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അതില്‍ ഒരല്‍പം വൈകാരിക കൂടി കലര്‍ത്തി മറാഠ പോരാളികളുടെ രാജാവായ ശിവജിയെ അപമാനിക്കുന്നത് കോണ്‍ഗ്രസ് ഒരു പാരമ്പര്യമാക്കിയിരിക്കുകയാണെന്നാണ് ഫട്‌നാവിസ് പറയുന്നത്. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പാര്‍ട്ടികളെ മതത്തിന്റെയും ചരിത്രത്തിന്റെയും പേര് പറഞ്ഞ് രണ്ടാക്കാനുള്ള ശ്രമം വരെ നടക്കുന്നുണ്ട്.

പേര് മാറ്റത്തെ എതിര്‍ക്കാന്‍ ബിജെപിക്ക് എന്താണ് യോഗ്യത.?

ഒരു സ്ഥലത്തെ റെയില്‍വേ സ്‌റ്റേഷന്റെ പേര് സ്വാഭാവികമായും ആ പ്രദേശത്തിന്റെയോ അവിടെയുള്ള ഏതെങ്കിലും അറിയപ്പെടുന്ന ഒരു സ്ഥാപനത്തിന്റെയോ അത് ദേവാലയമോ ഒരു ഗ്രൗണ്ടോ മറ്റെന്തെങ്കിലും സ്ഥാപനമോ ആകാം അതായിരിക്കും നല്‍കപ്പെടുന്നത്. നമ്മുടെ കേരളത്തിലെ കൊച്ചി മെട്രോയിലെ സ്ഥലപ്പേരുകള്‍ ശ്രദ്ധിച്ചാല്‍ അക്കാര്യം മനസ്സിലാകും. ഇവിടെ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ദേവാലയത്തിന്റെ പേര് നല്‍കാന്‍ ഒരു നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പിച്ചതേ ഉള്ളു. കേന്ദ്രം തീരുമാനിക്കാതെ നടപ്പാകില്ല എന്നറിയാഞ്ഞിട്ടല്ല. അപ്പോഴേക്കും മറാഠാ പ്രാദേശിക വികാരം വരെ ആളിക്കത്തിക്കാന്‍ തുടങ്ങി ബിജെപി. ഇനി ബിജെപിക്ക് എന്താണ് യോഗ്യത. 2014-ല്‍ നരേന്ദ്ര മോദി അധികാരം ഏറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ടുവര്‍ഷം മുന്‍പ് വരെ മാത്രം അതായത് ഒന്‍പത് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഡസണ്‍ കണക്കിന് സ്ഥലങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും ഗ്രൗണ്ടിന്റെ പേരുകള്‍ അടക്കം ഹിന്ദുത്വ അജണ്ടയും ഹിന്ദുത്വ പേരും വച്ച് മാറ്റി ചിത്രീകരിച്ചവരാണ്., ചരിത്രം വളച്ചൊടിച്ചവരാണ്., ചരിത്രത്തെ വികലമാക്കിയവരാണ് എതിര്‍ക്കുന്നതെന്ന് ഓര്‍ക്കണം. ഒരു മെട്രോ സ്‌റ്റേഷന്റെ പേര് സെന്റ് മേരി എന്നാക്കുന്നത് ക്രിസ്ത്യന്‍ പ്രീണനമാണെങ്കില്‍ അലഹാബാദ് പ്രയാഗ് രാജ് ആക്കിയതും രാജ്പഥ് കര്‍ത്തവ്യപഥ് ആക്കിയതും ഏത് പ്രീണനമായിരുന്നു എന്ന് ബിജെപി വ്യക്തമാക്കണം.

ഒരു പട്ടിക തന്നെ കാണിക്കാം., ബിജെപി പേര് മാറ്റി ചരിത്രം വികലമാക്കിയതിന്റെ പേര്,

ഉത്തര്‍പ്രദേശിലെ അലഹബാദ് പ്രയാഗ് രാജായത് 2019- ജനുവരിയിലെ കുംഭമേളയ്ക്ക് രണ്ടാഴ്ച മുന്‍പാണ്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അപേക്ഷ സമര്‍പിച്ച് രണ്ടുമാസത്തിനകം അപേക്ഷയില്‍ തീരുമാനമെടുത്ത് പേരും മാറ്റി മോദിജി. എന്തായിരുന്നു പേര് മാറ്റത്തിന് ആധാരം എന്നറിയണ്ടേ. ഹിന്ദു വേദങ്ങളിലും പുരാണങ്ങളിലും മഹാഭാരത രാമായണങ്ങളിലും പുരാതനകാലം മുതല്‍ അലഹാബാദിന്റെ പേര് പ്രയാഗ് രാജ് ആയിരുന്നത്രേ. തീര്‍ന്നില്ല, കാലങ്ങളായി ഫൈസാബാദായിരുന്ന ജില്ല അയോധ്യയായി. അയോധ്യ സിറ്റിയുയുമായി നഗരസഭാ അതിര്‍ത്തി പങ്കിടുന്നതിനാല്‍ അയോധ്യയുടെയും ഫൈസാബാദ് ജില്ലയുടെയും പേര് അയോധ്യ എന്നാക്കണമെന്ന് 2018-ലാണ് യുപി സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. പുരാണ ഇന്ത്യയില്‍ ശ്രീരാമന്റെ തലസ്ഥാനമായിരുന്നു ഫൈസാബാദെന്ന് ന്യായം. അതിനും കിട്ടി കേന്ദ്ര അംഗീകാരം.

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം, കേള്‍ക്കാത്ത ആരുമുണ്ടാകില്ലല്ലോ. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ മറക്കാത്ത ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം ഇന്ന് അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമാണ്. പേരുമാറ്റത്തിന്റെ കാരണം അറിയണ്ടേ., ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ചീഫും കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കുള്ള ആദരമായിട്ട് പേരുമാറ്റി. ഇന്ത്യയിലെ ക്രിക്കറ്റിന് ജെയ്റ്റ്‌ലി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണത്രേ പേരുമാറ്റം. യുപിയുടെ ഐക്കണ്‍ എന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു മുഗള്‍സാരായ് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍., 2017-ലാണ് യോഗി ആദിത്യനാഥ്, മുഗള്‍ സാരായ് ജംഗ്ഷന്റെ പേര് മാറ്റാന്‍ നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്., 2018 ആഗസ്ത് അഞ്ചിന് പേര് ദീന്‍ദയാല്‍ ഉപാധ്യായ് ജംഗ്ഷന്‍ എന്നു മാറി. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയ്ക്കുള്ള ആദരമാണേ്രത പേരുമാറ്റം. കൊള്ളാം സ്വന്തമായി ഒന്നിന്റെ പേരിലും ആദരിക്കാന്‍ ഇല്ലാത്തത് കൊണ്ട് രാജ്യത്തിന്റെ ചരിത്ര സ്മാരകങ്ങളുടെ ഒക്കെ പേര് മാറ്റി നല്‍കി ആദരിക്കുക.

ഇന്ത്യയുടെ അഭിമാനമാണ് രാജ്പഥ്. ഡല്‍ഹിയിലെ രാജ്പഥ് ഇന്നറിയപ്പെടുന്നത് കര്‍ത്തവ്യപഥ് എന്നാണ്. 2022 സെപ്തംബര്‍ എട്ടിനാണ് നരേന്ദ്രമോദി രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റിയത്. ചരിത്രപ്രസിദ്ധമായ ഗുഡ്ഗാവ് 2016 ഏപ്രില്‍ മുതല്‍ ഗുരുഗ്രാം ആണ്. ഇതെല്ലാം ചിലത് മാത്രം. നിരവധി പേരുമാറ്റ ശുപാര്‍ശകള്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തെലങ്കാനയുടെ തലസ്ഥാനം ഹൈദരാബാദ് എന്നതില്‍ നിന്ന് ഭാഗ്യനഗറാക്കണം എന്നതാണ് അതിലൊന്ന്. ഗുജറാത്ത് തലസ്ഥാനം അഹമ്മദാബാദ് കര്‍ണാവതി എന്നാക്കണമെന്ന് മറ്റൊന്ന്. ഡല്‍ഹിയില്‍ മുഗള്‍ കാലത്തെ മുഗള്‍ പേരുകളിലുള്ള 40 ഗ്രാമങ്ങളുടെ പലവ്യക്തികളുടെ പേരാക്കി മാറ്റണമെന്ന് അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോട് ആദേശ് ഗുപ്ത എന്ന ഡല്‍ഹി ബിജെപി നേതാവ് ആവശ്യപ്പെട്ടത് കഴിഞ്ഞമാസമാണ്. ഇന്ന് ഡല്‍ഹിയുടെ ഭരണം ബിജെപിയുടെ കയ്യിലാണെന്നും ഓര്‍ക്കണം. മാത്രമോ കോണ്‍ഗ്രസ് ഭരണകാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പിലാക്കിയ എത്രയെത്ര കേന്ദ്രപദ്ധതികളാണ് പേരുമാറ്റി മോദി സര്‍ക്കാര്‍ സ്വന്തം പദ്ധതിയാക്കി ക്രെഡിറ്റ് എടുത്തത്. മേക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള മോദിയുടെ കണ്ടുപിടുത്തങ്ങള്‍ അതിനുദാഹരണങ്ങളാണ്.

രാഷ്ട്രീയ പ്രീണനമാണത്രേ പേരുമാറ്റം.

ശിവാജി നഗര്‍ മെട്രോ സ്‌റ്റേഷന്റെ പേര് സെന്റ് മേരി എന്നാക്കുന്നത് ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാനാണത്രേ. അങ്ങനെയെങ്കില്‍ മുകളില്‍ പറഞ്ഞ പേരുമാറ്റം ഒക്കെ ആരെ പ്രീണിപ്പിക്കാനായിരുന്നു, ആര്‍എസ്എസിനെ., അല്ലേ. എന്തൊരു ഇരട്ടത്താപ്പാണെന്ന് നോക്കണേ ക്രിസ്ത്യാനികളുടെ കാര്യത്തില്‍ ബിജെപിയുടെ നിലപാട്. നാടിനും സംസ്ഥാനത്തിനും അനുസരിച്ച് അവരുടെ ക്രിസ്ത്യന്‍ പ്രേമത്തിലും മാറ്റം വരും. കേരളത്തിലെ ക്രിസ്ത്യാനികള്‍ ബിജെപിക്ക് തേനും ചക്കരയുമാണ്. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ നിലപാട് എന്താണെന്ന് മനസ്സിലായല്ലോ. ഒരു മെട്രോ സ്‌റ്റേഷന്റെ പേര് സെന്റ് മേരി എന്നാക്കിയപ്പോഴേക്കും അവരുടെ വികാരം പൊട്ടി ഒലിച്ചു. ഒന്നുകൂടി വടക്കോട്ട് പോയി നോക്കാം, മണിപ്പൂര്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തോട് ബിജെപിയുടെ നിലപാട് എന്താണ്., കേരളത്തില്‍ സ്വര്‍ണപ്പാത്രം കൊടുക്കുമ്പോള്‍ മണിപ്പൂരിലും ഝാര്‍ഖണ്ഡിലും എല്ലാം ഉള്ള പാത്രങ്ങള്‍ പോലും തച്ചുടച്ച് ക്രിസ്ത്യാനികളെ തല്ലിക്കൊല്ലും. ഈ ഇരട്ടത്താപ്പും കൊണ്ട് നടക്കുന്നവരാണ് പ്രീണനമെന്നും പറഞ്ഞു നടക്കുന്നത്. അങ്ങനെയെങ്കില്‍ സ്വര്‍ണപ്പാത്രം കൊടുക്കുന്നതിലെ പ്രീണനം എന്തായിരിക്കും., ബിജെപി വ്യക്തമാക്കട്ടെ.

Scroll to Top