
കഴിഞ്ഞയാഴ്ച ഖത്തറില്‍ ഒരു അപ്രതീക്ഷിത ആക്രമണം നടന്നിരുന്നു. ഹമാസിന്റെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആ ആക്രമണം പക്ഷേ ഒരിക്കലും പെട്ടെന്നുണ്ടായ ഒന്നായിരുന്നില്ല. മാസങ്ങളോളം ആസൂത്രണം ചെയ്തും നിരീക്ഷിച്ചും വരും വരായ്കകളെ കുറിച്ച് ആലോചിച്ചും ഭവിഷ്യത്ത് മനസ്സിലാക്കിയും തന്നെയാണ് ഇസ്രായേല്‍ കഴിഞ്ഞ ചൊവ്വാഴ്ച ഖത്തറില്‍ ബോംബിട്ടത്. ഹമാസിന്റെ മുഖ്യമധ്യസ്ഥനായ ഖലീല്‍ അല്‍ ഹയ്യയെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതെന്നും വ്യക്തം. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹമാസ് ഉന്നത നേതൃത്വം ദോഹയിലെത്തുമെന്ന് മുന്‍കൂട്ടി ഇസ്രായേല്‍ അറിഞ്ഞിരുന്നു. ഖത്തര്‍ അമേരിക്കയുടെ അടുത്ത സഖ്യരാഷ്ട്രമാണെന്നിരിക്കെ ആക്രമണ വിവരം അമേരിക്ക അറിയാതിരിക്കാന്‍ വളരെയധികം കരുതല്‍ ഇസ്രായേല്‍ സ്വീകരിച്ചിരുന്നു. പലകുറി ആലോചിച്ചുറപ്പിച്ച ശേഷം ആക്രമണം നടത്താന്‍ സജ്ജരായി, ആളെ ഉറപ്പാക്കാന്‍ പിന്നെയും ഒരു ദിവസം കാത്തിരുന്ന ശേഷം കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണം. തങ്ങളുമായി നേരിട്ട് ശത്രുതയൊന്നുമില്ലാത്ത ഒരു രാജ്യത്തിന്റെ പരമാധികാരത്തിലേക്കാണ് ഇസ്രായേല്‍ കടന്നു കയറിയതെന്ന് കൂടി ഓര്‍ക്കണം.
രണ്ടുമാസത്തിലധികം ആസുത്രണം ചെയ്ത ശേഷമായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഖത്തറില്‍ ഒരു ആക്രമണം നടന്നാല്‍ അത് ഏതെല്ലാം രീതിയില്‍ ബാധിക്കുമെന്ന് ഇസ്രായേലിന് നന്നായി അറിയാം. അമേരിക്കയുടെ സഖ്യരാഷ്ട്രമാണ് ഖത്തറെന്നും അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഉള്ളത് ഇവിടെയാണെന്നും അവര്‍ക്ക് അറിയാം. മാത്രമല്ല, ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നതും അടുത്തകാലത്തായി ഖത്തറാണ്. അങ്ങനെയെല്ലാം പിന്‍ചരിത്രമുള്ള, ഒരു പരമാധികാര രാഷ്ട്രത്തെയാണ് ആക്രമിക്കുന്നതെന്നും അത് അന്താരാഷ്ട്ര തലത്തിലുണ്ടാക്കാന്‍ പോകുന്ന ഇംപാക്ടും എല്ലാം മനസ്സിലാക്കി തന്നെയാണ് ഇസ്രായേല്‍ ദോഹയില്‍ ആക്രമണം നടത്തിയത്. അടുത്ത കാലത്തായി ഗാസയിലെ ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കുന്ന മധ്യസ്ഥ ചര്‍ച്ചകളുടെ കേന്ദ്രം ദോഹയാണ്. ഇസ്രായേലി ഉന്നത ഉദ്യോഗസ്ഥരടക്കം മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ദോഹയിലെത്താറുണ്ട്. ഖലീല്‍ അല്‍ ഹയ്യ അടക്കം ഹമാസ് നേതാക്കളുടെ പ്രധാന താവളവും ദോഹയാണ്. ഹയ്യയാകട്ടെ വര്‍ഷങ്ങളായി ദോഹയിലാണ് താമസവും. ഇതെല്ലാം മനസ്സിലാക്കി ഖലീല്‍ അല്‍ ഹയ്യയെ ഇല്ലാതാക്കുക എന്നതായിരുന്നു ഇസ്രായേല്‍ ലക്ഷ്യം.
ഖത്തറിനെ ആക്രമിക്കുന്ന വിവരം അമേരിക്ക അറിയാതിരിക്കാന്‍ ഇസ്രായേല്‍ എല്ലാ കരുതലും നടത്തിയിരുന്നു. കാരണം, അമേരിക്കയും ഖത്തറും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമണ വിവരം നേരത്തെ അറിഞ്ഞാല്‍ അമേരിക്ക അത് ഖത്തറിനെ അറിയിക്കുമെന്നുള്ള ബോധ്യം ഇസ്രായേലിനുണ്ട്. അത് ഒഴിവാക്കുന്നതിന് ആക്രമണം നടത്താനുള്ള തീരുമാനം ഏറ്റവും അവസാന നിമിഷത്തിലാണ് അമേരിക്കയെ ഇസ്രായേല്‍ അറിയിച്ചത്. എങ്ങനെയാണ് അമേരിക്കയെ ഇസ്രായേല്‍ വിവരം അറിയിച്ചതെന്ന് വ്യക്തതയില്ലെങ്കിലും അമേരിക്ക ഖത്തറിനെ വിവരം അറിയിച്ചിരുന്നു. പക്ഷേ അമേരിക്കയുടെ മുന്നറിയിപ്പ് കിട്ടുന്നതിനും 10 മിനിറ്റ് മുന്‍പ് ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു ഇസ്രായേല്‍. അതിനര്‍ത്ഥം ആക്രമണം നടത്തുന്നതിനും മിനിറ്റുകള്‍ക്ക് മുന്‍പ് മാത്രം വിവരം അറിയിക്കുന്നതു വഴി അമേരിക്ക ആക്രമണം തടയാതിരിക്കുക എന്നതായിരുന്നു ഇസ്രായേല്‍ ലക്ഷ്യം. തിങ്കളാഴ്ച പ്രാഥമികാനുമതി ലഭിച്ച ആക്രമണം പിന്നെയും ഒരുദിവസം വൈകിച്ചു. അല്‍ ഹയ്യ ദോഹയിലുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും ആളെ ഉറപ്പിക്കാനായിരുന്നു അത്.

ആക്രമണത്തെ രാഷ്ട്രഭീകരത എന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. അടുത്ത ദിവസം അറബ് ഇസ്ലാമിക് ഉച്ചകോടി നടക്കാനിരിക്കുകയാണ്. ഇസ്രായേലിന് ഏതു രീതിയില്‍ മറുപടി കൊടുക്കണമെന്ന് ഉച്ചകോടിയില്‍ ചര്‍ച്ചയുണ്ടാകും. രൂക്ഷമായ രീതിയിലായിരുന്നു ഖത്തറിന്റെ പ്രതികരണം. അപ്രതീക്ഷിതമായി ആക്രമണത്ത അപലപിച്ച് യു.എസും രംഗത്തെത്തുകയുണ്ടായി. ആക്രമണത്തിന്റെ ‘എല്ലാ കാര്യങ്ങളിലും തനിക്ക് വളരെ അതൃപ്തിയുണ്ട്’ എന്നാണ് ട്രംപ് പ്രതികരിച്ചത്. ഹമാസിന്റെതടവിലുള്ള ബന്ദികളുടെ പ്രതീക്ഷ തകര്‍ക്കുകയാണ് നെതന്യാഹു ചെയ്തതെന്നാണ ്ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍താനിയുടെ പ്രതികരണം. ഗാസയിലെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് ഖത്തറായിരുന്നു. ആ പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന സൂചനയാണ് ഈ വാക്കുകളിലൂടെ അല്‍താനി നല്‍കിയത്. എന്നാല്‍, ഗാസയിലെ സമാധാന ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണമായും പിന്‍മാറുമോ എന്ന് അല്‍ താനി വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിനപ്പുറവും ഗാസ സമാധാന ശ്രമങ്ങള്‍ക്ക് ഖത്തര്‍ മുന്‍കയ്യെടുക്കും എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
അടുത്ത ദിവസം ഇസ്രായേലിന് തിരിച്ചടി നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ അറബ് ഇസ്ലാമിക് ഉച്ചകോടി ആരംഭിക്കാനിരിക്കെ ഖത്തറിനെ അനുനയിപ്പിക്കാന്‍ അമേരിക്ക നീക്കം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ യു.എസിലുള്ള ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ താനിക്ക് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്നതു പോലൊരു ആക്രമണം ഇനി ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് ട്രംപ് നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉടന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ചെയ്യും.
ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിലൂടെ ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ വധിക്കുകയായിരുന്നു ഇസ്രായേലിന്റെ ശ്രമം. എന്നാല്‍, ലക്ഷ്യം കാണുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു. വര്‍ഷങ്ങളായി ഖത്തറില്‍ താമസമുള്ള ഖലീല്‍ അല്‍ഹയ്യയായിരുന്നു ഇസ്രായേലിന്റെ ഉന്നം. എന്നാല്‍, അല്‍ ഹയ്യയുടെ മകനടക്കം ആറു പേരാണ് കൊല്ലപ്പെട്ടത്. ലക്ഷ്യം നിറവേറുന്നതില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഗള്‍ഫ് മേഖലയിലേക്കും പശ്ചിമേഷ്യയിലാകെയും ഒരു സംഘര്‍ഷത്തിന്റെ പോര്‍മുഖം തുറക്കാനും ഈ ആക്രമണം വഴിമരുന്നിട്ടു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ, ഗാസയിലും വിദേശത്തുമുള്ള ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഇറാനില്‍ ഇസ്മായില്‍ ഹനിയയെയും ലെബനനില്‍ സാലിഹ് അല്‍ അറൂരിയെയും വധിച്ചത് പോലുള്ള ആക്രമണങ്ങളും ഓപ്പറേഷനുകളും ശത്രുരാജ്യങ്ങളില്‍ മാത്രമാണ് ഇസ്രയേല്‍ അതുവരെ നടത്തിയിരുന്നതും. എന്നാല്‍, വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക മധ്യസ്ഥ പങ്ക് വഹിക്കുന്ന ഖത്തറില്‍ ആക്രമണം നടത്തിയത് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കലാകും എന്നറിഞ്ഞു കൊണ്ട് തന്നെയാണ്. അതാണ് യുദ്ധം അവസാനിപ്പിക്കുന്നതിന്റെ തുടക്കം എന്ന ഇസ്രായേലിന്റെ പ്രസ്താവന. ആ പ്രസ്താവനയ്ക്ക് ഒരര്‍ത്ഥമേയുള്ള സമാധാന ശ്രമങ്ങള്‍ക്ക് ഇസ്രായേല്‍ ഇല്ല. ഹമാസിനെ ആക്രമിച്ച് ഇല്ലാതാക്കി പലസ്തീന്‍ രാഷ്ട്രം എന്ന സങ്കല്‍പം അവസാനിപ്പിച്ച് പൂര്‍ണമായും ഗാസയില്‍ അധിനിവേശം സ്ഥാപിക്കുക. യുദ്ധം തുടങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഇനി രണ്ടുമാസം മാത്രമാണ് ബാക്കിയുള്ളത് എന്നതും വസ്തുതയാണ്.



