
വാഷിംഗ്ടണ്‍: യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് നൊബേല്‍ പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ പാകിസ്താന് യുദ്ധം അടക്കം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചു. ഏഴു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും, തനിക്ക് ഏഴു നൊബേല്‍ സമ്മാനം ലഭിക്കേണ്ടതാണെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു.
”ലോകവേദിയില്‍ മുന്‍പ് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ബഹുമാനത്തോടെയാണ് യുഎസ് ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. നമ്മള് സമാധാന കരാറുകള്‍ ഉണ്ടാക്കുകയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇന്ത്യ, പാക്കിസ്ഥാന്, തായ്ലന്ഡ്, കംബോഡിയ, അര്‍മേനിയ, അസര്ബൈജാന്, കൊസവോ, സെര്‍ബിയ, ഇസ്രയേല്‍, ഇറാന്, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ… നമ്മള് അവിടെയുള്ള യുദ്ധങ്ങളെല്ലാം തടഞ്ഞു. അതില്‍ 60% വ്യാപാരം മൂലമാണ് തടഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിച്ചാല്‍ നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് ചിലര്‍ പറഞ്ഞിരുന്നതായി ട്രംപ് പറഞ്ഞു. അവരോട് താന്‍ അവസാനിപ്പിച്ച 7 യുദ്ധങ്ങളുടെ കാര്യമാണ് പറയാനുള്ളത്. റഷ്യയുക്രെയ്ന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാമെന്നാണ് കരുതിയിരുന്നത്. റഷ്യന്‍ പ്രസിഡന്റുമായി നല്ല ബന്ധം ഉള്ളതിനാല്‍ അതിനു സാധിക്കുമെന്ന് കരുതി. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആ യുദ്ധവും അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.



