
കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തലകറങ്ങി ട്രാക്കിലേക്ക് വീണ വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റു. അഴിയൂര്‍ സ്വദേശിനി റീഹയ്ക്കാണ് പരുക്കേറ്റത്. വിദ്യാര്‍ത്ഥിനിയെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിയുടെ പരുക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടി താഴെ വീണ ഉടന്‍ സഹയാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വൈകിയാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്.
പാവങ്ങാട് പുത്തൂര്‍ ഭാഗത്തു വച്ച് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. 19കാരിയായ റീഹ വാതിലിന് സമീപം നില്‍ക്കുന്നതിനിടെയാണ് തല കറങ്ങി താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവവരം.



