
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് സര്‍ക്കാര്‍ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് സംഗമം സംഘടിപ്പിക്കപ്പെട്ടത്. സംഗമവേദിയിലെ ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുത്. യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ കര്‍മ്മികത്വത്തില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകള്‍. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര്‍ പോലും സംഗമത്തിനെത്തിയില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകമാണ് സംഗമമെന്ന് അയ്യപ്പഭക്തര്‍ക്ക് ബോധ്യപ്പെട്ടെന്നും സതീശന്‍ വ്യക്തമാക്കി. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടപ്പോഴും അത് എ.ഐ ആണെന്നാണ് പറയുന്നത്. ജനങ്ങളുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്നതാണ് അത്. യോഗി ആദിത്യനാഥിനെ പോലെ വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നത് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഗമത്തില്‍ തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയന്‍ നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വിശ്വാസങ്ങളെ തകര്‍ക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും അതേ ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും വിഡി സതീശന്‍ പറഞ്ഞു.



