
ദില്ലി: അമേരിക്കൻ ചങ്ങാത്തത്തെച്ചൊല്ലിയുള്ള മോദി സർക്കാരിന്റെ അവകാശവാദങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ ചരക്കുകൾക്ക് മേൽ യു.എസിലെ ട്രംപ് ഭരണകൂടം ചുമത്തിയ 25 ശതമാനം തീരുവയും പിഴച്ചുങ്കവും. നേരത്തെ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തിരിച്ചടി.
അമേരിക്കൻ താത്പര്യങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ അടിയറവ് പറഞ്ഞെന്ന പ്രതിപക്ഷ ആരോപണം ഇതോടെ ശക്തമാവുകയാണ്. ബിജെ.പി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക, പ്രതിരോധ, വിദേശകാര്യനയങ്ങൾ തകർത്തെന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പറഞ്ഞു. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യാഴാഴ്ച ഇരുസഭകളിലും താരിഫ് നടപടിയെക്കുറിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രതികരണമാരാഞ്ഞ് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധമുയരുകയാണ്.
My statement in the Rajya Sabha on India-US Bilateral Trade. https://t.co/pwuBKo9S6h
— Piyush Goyal (@PiyushGoyal) July 31, 2025
ഇന്ത്യ-പാക് സംഘർഷകാലം മുതൽ ട്രംപ് നടത്തുന്ന പ്രസ്താവനകൾ ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദമാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ വാണിജ്യരംഗത്ത് ഇന്ത്യക്കുനേരേ പ്രയോഗിച്ച താരിഫ് ആയുധം അപ്രതീക്ഷിത നീക്കമായി. ഇന്ത്യക്ക് ഉയർന്ന താരിഫ് നിരക്ക് പ്രഖ്യാപിച്ച ട്രംപ് പാകിസ്താനുമായി കുറഞ്ഞ താരിഫിൽ കരാറിന് തീരുമാനിച്ചത് ഉഭയകക്ഷിബന്ധത്തിന് വെല്ലുവിളിയാകുകയാണ്. റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന് ഇന്ത്യക്കുമേൽ പിഴച്ചുങ്കം ചുമത്തുമെന്ന അമേരിക്കയുടെ പ്രഖ്യാപനം പഴയ ശീതയുദ്ധകാലത്തിന്റെ ഓർമ്മപ്പെടുത്തലായി മാറി.
ട്രംപ് ഉയർന്ന തീരുവ നിശ്ചയിച്ചതിനെതിരേ ഔദ്യോഗികതലത്തിൽ വിമർശനങ്ങളോ ആരോപണങ്ങളോ സർക്കാർ ഉന്നയിച്ചിട്ടില്ല. പകരം, സമസ്ത മേഖലകളിലും ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അഭിപ്രായപ്പെട്ട് പ്രസ്താവന കേന്ദ്രവാണിജ്യമന്ത്രാലയം പുറത്തിറക്കുകയാണ് ചെയ്തത്. ഇന്ത്യ ഒരു ഡെഡ് ഇക്കോണമിയാണെന്ന ട്രംപിന്റെ പരാമർശത്തിന് മറുപടിയെന്ന നിലയിൽ, ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തികശക്തിയായി വളരുമെന്ന് ഗോയൽ പറഞ്ഞു. ഏകപക്ഷീയമായി താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപിന്റെ നടപടി കേന്ദ്രസർക്കാരിനെ അമ്പരപ്പിലാക്കിയിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് ഇറക്കുമതി ഉത്പന്നങ്ങൾക്ക് 25ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ നടപടിയിൽ കയറ്റുമതി മേഖലയും ആശങ്കയിലാണ്. ഓഗസ്റ്റ് ഒന്നിന് പകരച്ചുങ്കം നടപ്പാകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇത് രാജ്യത്തുനിന്നുള്ള ആഭരണങ്ങൾ, വൈരക്കല്ലുകൾ, സമുദ്രോത്പന്നങ്ങൾ, കാർഷികോത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ജനറിക് മരുന്നുകൾ തുടങ്ങിയവയുടെ കയറ്റുമതിയെയാകും കൂടുതൽ ബാധിക്കുക. ലോകത്ത് ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യമെന്നാണ് ട്രംപ് ഇന്ത്യയെ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തുന്ന ഉത്പന്നങ്ങൾക്ക് ശരാശരി 17 ശതമാനമാണ് തീരുവ. ആഭ്യന്തര ഉത്പന്നങ്ങളുടെ സംരക്ഷണത്തിന് എല്ലാ രാജ്യങ്ങളും പിന്തുടരുന്ന രീതിയാണ് ഇന്ത്യയും പിന്തുടരുന്നത്.



