കന്യാസ്ത്രീകളുടെ അറസ്റ്റിൽ വെള്ളം കുടിച്ച് ബിജെപി, സഭയെ അനുനയിപ്പിക്കാൻ‍ നേതാക്കൾ രം​ഗത്ത്

കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ കത്തോലിക്കാ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ ബിജെപി വ്യാപകമായ നീക്കങ്ങളാണ് നടത്തുന്നത്. അനുനയത്തിന്റെ ഭാ​ഗമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ച വൈകീട്ട് കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിലുള്ള സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി സഭാതലവൻ മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കന്യാസ്ത്രീകൾക്ക് രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കുമെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഇടപെട്ടിട്ടുണ്ടെന്നുമാണ് സഭാ നേതാക്കളെ അദ്ദേഹം അറിയിച്ചത്. പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ച രാത്രി 8.45-ഓടെ കാക്കനാട്ട്‌ എത്തിയത്.

കന്യാസ്ത്രീകൾക്കുമേൽ ചുമത്തിയ നിർബന്ധിത മതപരിവർത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്ന നിലപാടായിരുന്നു ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടേത്. എന്നാൽ, കഴിഞ്ഞ ദിവസം അദ്ദേഹം മലക്കം മറിഞ്ഞ കാഴ്ചയാണ് കാണാനായത്. ഛത്തീസ്ഗഢിലും മറ്റും ‌നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ഗൗരവമുള്ള വിഷയങ്ങളായതിനാലാണ് അവ നിരോധിക്കുന്ന കർശനനിയമമുള്ളതെന്നാണ് കഴിഞ്ഞ ദിവസത്തെ നിലപാട്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ വൻ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി അനുനയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

വിഷയത്തിൽ ആകെ വിയർത്ത് നിൽക്കുകയാണ് ബിജെപി. പാർട്ടിയും സംഘപരിവാർ സംഘടനകളും സ്വീകരിച്ച വ്യത്യസ്തനിലപാടാണ് കേരള ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവരുമായി ഇടഞ്ഞാൽ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പാർട്ടിക്ക് നല്ല ബോധ്യവുമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ബിജെപിക്ക്‌ പാടുപെടേണ്ടിവരും.

സംഭവവവുമായ് ബന്ധപ്പെട്ട് എറണാകുളം–അങ്കമാലി അതിരൂപത അതിശക്തമായി പ്രതിഷേധിക്കുകയാണ്. അങ്കമാലിയിൽ നടന്ന പ്രതിഷേധപൊതുയോഗത്തിൽ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രൂക്ഷമായി അറസ്റ്റിനെതിരെ പ്രതികരിച്ചു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നാടകത്തിന് ഇനി തങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈദികരും കന്യാസ്ത്രീകളും സാധാരണ കൊടിയും പിടിച്ചു തെരുവിൽ ഇറങ്ങാറുള്ളവരല്ല, പക്ഷേ ഇറങ്ങിയത് സത്യമുള്ള കാര്യത്തിനാണെങ്കിൽ ലക്ഷ്യം നേടുന്നതു വരെ കാൽ പിന്നോട്ടെടുക്കാത്തവരാണ് ക്രൈസ്തവരെന്നും സർക്കാരിനെ ഓർമ്മിപ്പിക്കുകയാണ് അദ്ദേഹം.

ഒന്ന് ആലോചിച്ച് നോക്കൂ, ആരാരും തുണയില്ലാതെ തെരുവോരങ്ങളിൽ വലിച്ചെറിയപ്പെടുന്ന കുഷ്ഠരോഗികളെ സഹായിക്കാൻ ഇറങ്ങി തിരിച്ചവരാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദനയും. ദുരിതം അനുഭവിക്കുന്നവരുടെ ഗതികേടിനു പരിഹാരമായി കഴിഞ്ഞ നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സന്യാസിനീ സമൂഹത്തിൽ നിന്നുള്ളവരാണ് ഇരുവരും. ആരോരുമില്ലാത്തവരെ ചേർത്തു പിടിച്ച ആ രണ്ടു സന്യാസിനിമാരെയാണ് നിയമലംഘനത്തിലൂടെ തുറുങ്കിലടയ്ക്കാൻ സർക്കാർ കൂട്ടുനിന്നത്.

ഞങ്ങളെ ന്യൂനപക്ഷമാണെന്ന് കരുതി എഴുതിത്തള്ളേണ്ട. ഏതൊരു പക്ഷത്തേയും അതിജീവിക്കാൻ പോന്ന ക്രൂശിതന്റെ കരുത്ത് ആത്മാവിൽ ആവാഹിച്ചവരാണ് ഞങ്ങൾ എന്നത് ആരും വിസ്മരിക്കാതിരിക്കുന്നത് വളരെ നല്ലതായിരിക്കുമെന്നും കാലം മാപ്പു തരാത്ത കിരാതത്വമാണ് ഛത്തീസ്ഗഡ് സർക്കാർ െചയ്തതെന്ന് തിരിച്ചറിയണമെന്നും മാർ ജോസഫ് പാംപ്ലാനി ഓർമ്മിപ്പിച്ചു.

മതപരിവർത്തന നിയമത്തെ കുറിച്ചും അദ്ദേഹം ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
‘‘ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആ മതത്തെ പ്രചരിപ്പിക്കാനും അതിനായി നിലപാടെടുക്കാനും ഭരണഘടന അവകാശം തരുമ്പോൾ 11 സംസ്ഥാനങ്ങളിൽ പാസാക്കിയ നിയമത്തിൽ നിർബന്ധിത മതപരിവർത്തനങ്ങൾ നിരോധിച്ചു എന്നാണ് പറയുന്നത്. പക്ഷേ ഈ നിർബന്ധിത മതപരിവർത്തനത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത് ഏതാനും സാമൂഹിക വിരുദ്ധരും കാപാലികരുമായ സംഘടനക്കാരാണെന്ന് നാം ഭീതിയോടെ തിരിച്ചറിഞ്ഞ ദിവസങ്ങളാണിത്.

സിസ്റ്റർ പ്രീതി മേരി എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രിയപുത്രിയാണെങ്കിൽ സിസ്റ്റർ വന്ദന തലശേരി അതിരൂപതയുടെ മകളാണ്.
ഈ കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തി എന്ന് സാമൂഹിക വിരുദ്ധർ പറയുകയാണ് .പൊലീസുകാരെ നോക്കുകുത്തിയാക്കി അവർക്കെതിരെ ചില വകുപ്പുകൾ ചേർക്കണമെന്നും പറയുകയാണ് കന്യാസ്ത്രീമാർക്കൊപ്പം യാത്ര ചെയ്ത പാവപ്പെട്ട പെൺകുട്ടികളുടെ കരണത്തടിച്ച് ഭീഷണിപ്പെടുത്തി സിസ്റ്റർമാർക്ക് എതിരെ മൊഴി കൊടുക്കാനും നിർബന്ധിക്കുകയാണ്. ഈ രാജ്യത്ത് നിയമവാഴ്ചയുണ്ടോ എന്ന് ഗൗരവത്തിൽ ചിന്തിക്കേണ്ടതാണെന്നും മാർ ജോസഫ് പാംപ്ലാനി പറയുന്നു.

മതപരിവർത്തന നിരോധന നിയമം മനുഷ്യാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ഈ നിയമം പിൻവലിച്ചെങ്കിൽ മാത്രമേ ഈ രാജ്യം ഭരിക്കുന്ന ഭരണ കക്ഷിക്ക് രാജ്യത്തോടും മതേതരത്വത്തോടും ന്യൂനപക്ഷങ്ങളോടും കരുതലുള്ളൂ എന്ന് ഞങ്ങൾ വിശ്വസിക്കുകയുള്ളൂ. ആരെങ്കിലും കേക്കും ലഡുവും കൊണ്ടുവന്നതു കൊണ്ട് സുവിശേഷത്തിന്റെ ആദർശം മറന്നവരാണ് എന്ന് ഞങ്ങളെന്ന് ആരും തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. തെറ്റിനെ തെറ്റ് എന്നു വിളിക്കാനും തെമ്മാടിത്തത്തെ തെമ്മാടിത്തം എന്നു വിളിക്കാനുള്ള ആർജവത്വം ഞങ്ങളാർക്കും പണയം വച്ചിട്ടില്ല എന്ന് എല്ലാ നേതാക്കളും മനസിലാക്കിയിരിക്കുന്നത് നല്ലതാണെന്നും.’’ – മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

‘‘ആരേയും നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ക്രിസ്ത്യാനികൾ കൂട്ടനിൽക്കില്ല. 1947ൽ രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ 2.6 ശതമാനമായിരുന്നു ക്രൈസ്തവർ എങ്കിൽ ഈ വർഷത്തിൽ ക്രൈസ്തവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 2.4 ശതമാനമാണ്. നാടു മുഴുവൻ മതപരിവർത്തനം നടത്തുന്നു എന്ന് അധിക്ഷേപിക്കുന്ന സർക്കാർ തന്നെ പുറത്തുവിടുന്ന കണക്കുകൾ തുറന്ന് കാട്ടുന്നത് അത് കല്ലുവച്ച നുണയാണെന്നാണ്.

ബജ്‍രംഗ്ദളിന്റെ അഭിഭാഷകൻ വാദിച്ചത് ഇത് മനുഷ്യക്കടത്താണ്, എൻഐഎ കോടതിയിൽ പോകേണ്ട കേസാണ് എന്നാണ്. എന്നാൽ ഈ ഗവ. പ്ലീഡർ ബജ്‍രംഗ് ദളിന്റെ വാദത്തെ അനുകൂലിച്ച് സംസാരിച്ചപ്പോൾ നാം മനസിലാക്കുന്നത് ഇവർക്ക് രണ്ടു പേർക്കും ഒരേ സ്വരമാണ് എന്നാണ്.’’ –

ആരും വരയ്ക്കുന്നിടത്തു കൂടി നടക്കാനോ ചൂണ്ടിക്കാണിക്കുന്നിടത്ത് കല്ലെറിയാനോ ഈ സമുദായത്തിന് മനസില്ല. തങ്ങൾ ചെയ്യുന്നത് എന്തെന്ന് തങ്ങൾക്ക് നന്നായറിയമെന്നും ഉത്തരേന്ത്യയിലെ കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരായ പാവപ്പെട്ട മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താനാണ് തങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെങ്കിൽ, എൻഐഎ കോടതിയിൽ പോകേണ്ട കാര്യമാണെങ്കിൽ ഞങ്ങൾ ആ കുറ്റം സൂര്യനുള്ള കാലത്തോളം തുടരും. മണിപ്പുരിൽ സമാനമായ വിധത്തിലുള്ള പ്രശ്നങ്ങളുണ്ടായപ്പോള്‍ അത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണ്, സർക്കാരിന് ഇടപെടാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്. ഇത്തരത്തിൽ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയില്ലെങ്കിൽ രാജി വച്ച് പുറത്തു പോകുകയാണ് നല്ലതെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം വിഷയത്തിൽ പാർട്ടിയും സംഘപരിവാർ സംഘടനകളും സ്വീകരിച്ച വ്യത്യസ്തനിലപാട് ബിജെപിക്ക് തലവേദനയാകുകയാണ്. രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് മാറ്റം സമ്മർദ്ദങ്ങളുണ്ടെന്നതുമാകാം. ചില ഓർമ്മപ്പെടുത്തലുണ്ടെന്നു പറഞ്ഞ മുൻ പ്രസിഡന്റ് കെ. സുരേന്ദ്രനും വ്യത്യസ്ത നിലപാടെടുത്തു. ഹിന്ദുക്കളെ മതംമാറ്റുന്ന പ്രവർത്തനം ആരുനടത്തിയാലും എതിർക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ്‌ കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുള്ള അനീതിയാണെന്നും ഹിന്ദു ഐക്യവേദിയും തുറന്നടിച്ചു.

കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരിൽ സുരേഷ്‌ ഗോപി ഒരക്ഷരംമിണ്ടാതെ മാറിനിന്നപ്പോൾ, ജോർജ് കുര്യൻ ഛത്തീസ്ഗഢ് സർക്കാരല്ല കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതെന്നും യാത്രയ്ക്കിടെ ടിടിഇ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് ഇടപെട്ടതാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. നടപടികൾ പൂർത്തിയാക്കാതെയാണ് ജാമ്യാപേക്ഷ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അമിത് ഷായുടെ ഇടപെടലിൽ കന്യാസ്ത്രീകൾക്ക് ജാമ്യംകിട്ടിയാൽ ഏറ്റവും ആശ്വാസം കേരളത്തിലെ ബിജെപി നേതൃത്വത്തിനായിരിക്കും. ജാമ്യം ലഭിച്ചാലും തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവവോട്ടുകൾ ലക്ഷ്യം വെയ്ക്കുന്ന ബിജെപിക്ക്‌ ഇത്തവണ കൂടുതൽ അധ്വാനിക്കേണ്ടിവരും.

അതിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ബിജെപിക്കെതിരെ രൂക്ഷമായ വിമർശനമാണ് സിറോ മലബാർ സഭയും ഓർത്തഡോക്സ് സഭയും ഉന്നയിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.

ഛത്തീസ്ഗഡിൽ ദുർഗ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകാൻ എത്തിയ കണ്ണൂർ അങ്കമാലി സ്വദേശികളും ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്സ് സന്യാസിനി സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയും ആണ് ടിടിഇ തടഞ്ഞത്.

കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് പോവുകയാണെന്ന് പറഞ്ഞെങ്കിലും ബജ് രം​ഗ്ദൾ പ്രവർത്തകരെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. ആൾക്കൂട്ട വിചാരണക്കൊടുവിൽ കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനത്തിന് കൊണ്ടുപോവുകയാണെന്നായിരുന്നു ആരോപണം. തങ്ങൾ ക്രൈസ്തവരാണെന്നും പ്രായപൂർത്തിയായ തങ്ങൾക്ക് ജോലി പോകാൻ മാതാപിതാക്കളുടെ സമ്മതപത്രം ഉണ്ടെന്നും യുവതികൾ പറഞ്ഞെങ്കിലും ബജ് രം​ഗ്ദൾ നിർദ്ദേശം അനുസരിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും യുവതികളെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ജയിലിൽ കഴിയുകയാണ് കന്യാസ്ത്രീകൾ.

Scroll to Top