
സര്‍വകലാശാല വിഷയത്തില്‍ വീണ്ടും സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര്. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നത്. ഡോ: സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും ഡോ: കെ ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായും നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ക്കു കത്തയച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നും നിയമനം റദ്ദാക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
ഇരു സര്‍വകലാശാലകളിലേക്കും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി.സി നിയമനത്തിനായി സര്‍ക്കാര്‍ പട്ടിക നല്‍കിയിരുന്നു. എന്നാല്‍ ഇതിലുള്ളവരെ പരിഗണിക്കാതെയാണ് ഗവര്‍ണര്‍ സിസാ തോമസിനെയും കെ.ശിവപ്രസാദിനെയും വീണ്ടും വി.സിമാരാക്കിയത്. ഇതു നിയമപരമല്ലെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സര്‍വകലാശാല ചട്ടങ്ങള്‍ പാലിച്ചു നിയമനം നടത്തണമെന്നാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്. സര്‍ക്കാര്‍ നല്കുന്ന പാനലില്‍നിന്നു നിയമനം നടത്തണമെന്നാണ് സര്‍വകലാശാല ചട്ടം. ഇതു ഗവര്‍ണര്‍ പൂര്‍ണമായി ലംഘിച്ചെന്നാണ് സര്‍ക്കാര്‍ വാദം. ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇരു സര്‍വകലാശാലകളിലും ഉടന്‍ തന്നെ സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.



