കന്യാസ്ത്രീകളുടെ അറസ്റ്റ്; ഡൽഹിയിൽ നിര്‍ണ്ണായക കൂടിക്കാഴ്ച, ജാമ്യത്തെ എതിർത്ത് ഛത്തീസ്ഗഡ് സർക്കാർ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ വിഷയത്തിൽ ഡൽഹിയിൽ നിര്‍ണ്ണായക കൂടിക്കാഴ്ച. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ പാര്‍ലമെന്‍റിലേക്ക് വിളിപ്പിച്ച് അമിത് ഷാ ചര്‍ച്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെയും ഡൽഹിയിലേക്ക് വിളിപ്പിച്ചു. അതിനിടെ, പ്രതിപക്ഷത്തിന്‍റെ വലിയ ബഹളത്തിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും തള്ളി.

അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് വിവരം. കേസിൽ ബിലാസ്പുരിലെ എൻഐഎ കോടതി വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തതായാണ് റിപ്പോർട്ടുകൾ. ഹർജിയിൽ ഇന്നു വാദം പൂർത്തിയായി. ഉത്തരവ് റിസർവ് ചെയ്ത് വച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.

സംസ്ഥാനസർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് വിപരീതമായാണ് പ്രോസിക്യൂഷൻ കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതിയെ സർക്കാർ അറിയിച്ചു. കഴിഞ്ഞയാഴ്ച അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസും പ്രീതി മേരിയും ദുർഗ് സെൻട്രൽ ജയിലിലാണ്.

Scroll to Top