തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അണുബോംബ് കയ്യിലുണ്ടെന്ന് രാഹുൽ ​ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രം​ഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്റെ കയ്യില്‍ അണുബോംബുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുകയാണ്. വെറുതെ പറയുകയല്ല മാത്രമല്ല വ്യക്തമായ തെളിവുകളും ഉണ്ടെന്നാണ് രാഹുൽ ​ഗാന്ധി അറിയിക്കുന്നത്. താന്‍ ഈ അണുബോംബ് പൊട്ടിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാക്കിയുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കുവേണ്ടി വോട്ട് മോഷ്ടിക്കുകയാണ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പോടു കൂടി സംശയം വര്‍ധിച്ചു. അതിനുള്ള തെളിവ് ലഭിച്ചു. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഒരുകോടി വോട്ടര്‍മാര്‍ കൂടി. ഞങ്ങളുടെ കൈവശം അണുബോംബുണ്ട്. അത് പൊട്ടിച്ചാല്‍ പിന്നെ ഇന്ത്യയില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ തന്നെ കഴിയില്ലെന്നും രാഹുൽ ​ഗാന്ധി പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ക്രിക്കറ്റ് കളിക്കിടയിൽ ആളെ പറ്റിക്കുന്ന അമ്പയറെപ്പോലെയാണെന്നും 2017ലും 2022ലും ഗുജറാത്തിൽ കോൺഗ്രസിനെ തോൽപ്പിച്ചുവെന്നും രാഹുൽ ഗാന്ധി അടുത്തിടെ പറഞ്ഞിരുന്നു.
നേരത്തെ ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധിയടക്കമുള്ളവർ പ്രതിഷേധം അറിയിച്ചിരുന്നു, സുപ്രീംകോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു,
പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും ഹർജിയിൽ പറ‍ഞ്ഞിരുന്നു. പശ്ചിമ ബംഗാൾ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് നിർത്തലാക്കണമെന്നും ആവ‍ശ‍്യമുയർന്നിരുന്നു.

തിരിച്ചറിയലിനു വേണ്ടി ജനന സർട്ടിഫിക്കറ്റ് മാത്രം ആധാരമാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടികളും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കിയാൽ 3 കോടി ജനങ്ങൾക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കൂടിയാലോചനയൊന്നും കൂടാതെ തെരഞ്ഞെടുപ്പ്‌ കമീഷൻ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന പ്രഖ്യാപിച്ചതിനെതിരെ വിമർശനുമായി സുപ്രീം കോടതിയും രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വോട്ടർ പട്ടികയിലെ പരിഷ്‌കരണം എന്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചിരുന്നു.
പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷൻ അല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണെന്നും കോടതി വിമർശിച്ചിരുന്നു.

അതിനിടെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് പട്ടികയില്‍ 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. വോട്ടര്‍മാരില്‍ പലരും മരിക്കുകയോ സംസ്ഥാനം വിട്ടുപോകുകയോ കണ്ടെത്താന്‍ കഴിയാത്തവരോ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തവരോ ആണെന്നായിരുന്നു വിവരം.
കരട് പട്ടികയില്‍ പട്‌നയില്‍ നിന്നാണ് ഏറ്റവുമധികം വോട്ടര്‍മാരെ ഒഴിവായത്. 3.95 ലക്ഷം പേരാണ് പട്‌നയില്‍നിന്ന് പുറത്തായത്.
ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 7.9 കോടിയില്‍നിന്ന് 7.24 ആയി കുറഞ്ഞു. 243 നിയമസഭാ മണ്ഡലങ്ങളും 90,817 പോളിങ് സ്‌റ്റേഷനുകളുമാണ് പട്ടിക പുതുക്കലില്‍ ഉള്‍പ്പെടുന്നത്.

എന്നാൽ അതിഥി തൊഴിലാളികളായി ബംഗാളിൽ നിന്നും ബിഹാറിൽ നിന്നും നിരവധി പേർ ജോലി ചെയ്യുന്നുണ്ടെന്നും എന്നാൽ അതിൽ നിരവധിപേർക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുകളുണ്ടെന്നും ഇതിനെ മറികടക്കുന്നതിനായാണ് വോട്ടർ പട്ടിക പരിഷ്കരണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം.നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്‌കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിനെതിരെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ”മാച്ച് ഫിക്സ്ഡ്’ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാം നിശ്ചയിച്ചുറച്ചത് പോലെ മാത്രം നടക്കുമെന്നും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

”മാച്ച് ഫിക്സ്ഡ്’ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാം നിശ്ചയിച്ചുറച്ചത് പോലെ മാത്രം നടക്കുമെന്നും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

Scroll to Top