
ചെന്നൈ∙ ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം പേരെ തമിഴ്നാട്ടിലെ വോട്ടർ പട്ടികയിൽ ചേർക്കുമെന്ന റിപ്പോർട്ടുകൾക്കിടെ വിഷയത്തിൽ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി. ഡിഎംകെയും കോൺഗ്രസും അടക്കമുള്ള കക്ഷികളാണ് എതിർപ്പുമായി രംഗത്ത് എത്തിയത്. ബിഹാറിൽ നിന്നുള്ള ‘സ്ഥിരം’ കുടിയേറ്റ തൊഴിലാളികൾ ആയതിനാൽ പുതിയതായി 6.5 ലക്ഷം പേരെ തമിഴ്നാട്ടിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെയാണ് ഇന്ത്യ മുന്നണി എതിർക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വോട്ടർമാരെ ഇറക്കുമതി ചെയ്യുന്നത് സ്വീകാര്യമല്ലെന്ന് മുൻ നിയമമന്ത്രി എസ്.രഗുപതി പറഞ്ഞു. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും എസ്.രഗുപതി വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ പാർട്ടി ശക്തമായി എതിർക്കുമെന്ന് വിസികെ പ്രസിഡന്റും ചിദംബരം എംപിയുമായ തിരുമാവളനും അറിയിച്ചു.
The SIR exercise is getting curiouser and curiouser
While 65 lakh voters are in danger of being disenfranchised in Bihar, reports of “adding” 6.5 lakh persons as voters in Tamil Nadu is alarming and patently illegal
Calling them “permanently migrated” is an insult to the…
— P. Chidambaram (@PChidambaram_IN) August 3, 2025
ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം പേരെ തമിഴ്നാട്ടിൽ വോട്ടർമാരായി ചേർക്കുമെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരവും സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. തമിഴ്നാട്ടിലെ വോട്ടർമാർക്ക് അവർക്ക് ഇഷ്ടമുള്ള ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ പുതിയ നീക്കം അതിനെതിരാണെന്നും പി.ചിദംബരം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ഇതിനെതിരെ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



