സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി 108 ആംബുലന്‍സ് നടത്തിപ്പ് അഴിമതി; ആരൊക്കെ കമ്മീഷന്‍ പറ്റിയെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല., മുഖ്യമന്ത്രിയും കെ.കെ ഷൈലജയും മറുപടി പറയേണ്ടി വരും.


പിണറായി സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് ഇന്നലെ രമേശ് ചെന്നിത്തല ഉന്നയിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 108 ആംബുലന്‍സ് നടത്തിപ്പിന് കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതി നടന്നെന്നാണ് രേഖകള്‍ സഹിതം രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. സംസ്ഥാന ഖജനാവിന് ചുരുങ്ങിയത് 250 കോടി രൂപയുടെ നഷ്ടമെങ്കിലും കഴിഞ്ഞ തവണ ആംബുലന്‍സ് നടത്തിപ്പിന് കരാര്‍ നല്‍കിയതില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. അഴിമതി തെൡഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറും ചേര്‍ന്ന് തീവെട്ടക്കൊള്ള നടത്തിയെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു. 2019-2024 കാലത്തേക്കുള്ള കരാറും 2025-30 കാലത്തേക്കുള്ള കരാറും, രണ്ട് കരാറുകള്‍ തമ്മിലുള്ള തുകയിലെ ഏറ്റക്കുറച്ചിലുകള്‍ ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല അഴിമതിയാണ് അന്ന് നടന്നതെന്ന് സ്ഥാപിക്കുന്നത്. ഈ കമ്മീഷന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

2019-ലും 2025ലും ഒരേ കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. സെക്കന്ദരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആര്‍ഐ എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, 2019-ല്‍ ഇതേ കമ്പനി ക്വാട്ട് ചെയ്ത തുകയേക്കാള്‍ കുറവാണ് ഇത്തവണ ക്വാട്ട് ചെയ്തതെന്നാണ് ചെന്നിത്തലയുടെ കണ്ടെത്തല്‍. 2019-ലേതിനേക്കാള്‍ ആംബുലന്‍സുകളുടെ എണ്ണവും ചെലവും കൂടിയപ്പോഴും അന്നത്തേതിനേക്കാള്‍ പകുതിതുകയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുത്തതിലൂടെ അന്ന് നടന്നത് അഴിമതിയാണെന്നും ഇതുവഴി 250 കോടിയിലേറെ രൂപയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നെന്നും ചെന്നിത്തല ഉറപ്പിച്ചു പറയുന്നു. 2019-ല്‍ 315 ആംബുലന്‍സുകളുടെ നടത്തിപ്പിന് ജിവികെ ഇഎംആര്‍ഐ എന്ന കമ്പനി കരാറെടുത്തത് 517 കോടി രൂപയ്ക്കായിരുന്നു. പിന്നീടത് ഒരു ആംബുലന്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 316 ആംബുലന്‍സായി. 2025-ല്‍ എത്തുമ്പോള്‍ ആംബുലന്‍സുകളുടെ എണ്ണം വര്‍ധിച്ചു. 316 എന്നത് 335 ആയി. അതില്‍ തന്നെ അത്യാധുനിക സംവിധാനങ്ങളുള്ള, 14 അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും 6 നിയോനേറ്റല്‍ ആംബുലന്‍സുകളും അടക്കം ആംബുലന്‍സുകളുടെ എണ്ണം വര്‍ധിച്ചപ്പോഴും കരാര്‍ തുക 293 കോടി രൂപ മാത്രം. അഞ്ചുവര്‍ഷം കൊണ്ട് ചിലവ് വളരെയധികം വര്‍ധിച്ചു. ആംബുലന്‍സുകളുടെ എണ്ണവും. അങ്ങനെയെങ്കില്‍ അന്ന് മറ്റു കമ്പനികളെ ഒഴിവാക്കി ജിവികെക്ക് മാത്രമായി കരാര്‍ നല്‍കിയത് എങ്ങനെ? അന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് ജിവികെക്ക് കരാര്‍ നല്‍കിയത് ആരുടെ താത്പര്യപ്രകാരം? അന്നത്തെ കമ്മീഷന്‍ ഗുണഭോക്താക്കള്‍ ആരൊക്കെ എന്നീ ചോദ്യങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ട് വയ്ക്കുന്നത്.

തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്നതെന്ന് രേഖകള്‍ ഉദ്ദരിച്ച് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു. സകല മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് 2019ല്‍ ജിവികെ ഇഎംആര്‍ഐ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നാണ് ചെന്നിത്തല പറയുന്നത്. ബഹുരാഷ്ട്ര കമ്പനിയായ ജിവികെ ഗ്രൂപ്പിന്റെ ഭാഗമാണ് ജിവികെ ഇഎംആര്‍ഐ. ആദ്യം ടെന്‍ഡര്‍ നല്‍കിയ രണ്ടു കമ്പനികളില്‍ ഒന്നിനെ അയോഗ്യരാക്കിയ ശേഷം ടെന്‍ഡര്‍ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെന്‍ഡറില്‍ ജിവികെ മാത്രമായിരുന്നു പങ്കെടുത്തത്. എന്നിട്ടും അവരുടെ ടെന്‍ഡര്‍ അംഗീകരിക്കാന്‍ പ്രത്യേക കാബിനറ്റ് നടപടി എടുത്തെന്ന് കൂടി രമേശ് ചെന്നിത്തല ആരോപിക്കുന്നു. എന്തിന് വേണ്ടിയായിരുന്നു ഈ പ്രത്യേക മന്ത്രിസഭായോഗം എന്നാണ് ചെന്നിത്തലയുടെ ചോദ്യം. അതും യാതൊരു പരിശോധനകളും ഇല്ലാതെ അന്നത്തെ ടെന്‍ഡര്‍ തുക അംഗീകരിച്ചത് ആരുടെ താല്‍പര്യം സംരക്ഷിക്കാനായിരുന്നു എന്നും അദ്ദേഹം ചോദിക്കുന്നു.

2025ലെത്തുമ്പോഴും ഇതേ കമ്പനി ടെന്‍ഡര്‍ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ടെന്‍ഡര്‍ നല്‍കിയ കമ്പനികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ജിവികെ കമ്പനി നല്‍കിയ കരാര്‍ തുകയും കുറഞ്ഞു. ഇക്കുറി ടെന്‍ഡര്‍ പ്രക്രിയയില്‍ മറ്റു കമ്പനികളും പങ്കെടുത്ത് മത്സരം വന്നതോടെ 14 അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും 6 നിയോനേറ്റല്‍ ആംബുലന്‍സുകളും അടക്കം 19 ആംബുലന്‍സുകള്‍ അധികമുണ്ടായിട്ടും ഈ കമ്പനി ക്വാട്ട് ചെയ്തത് 293 കോടി മാത്രം. ഇത്തവണ കുറഞ്ഞ തുകയ്ക്ക് കരാറിലേര്‍പ്പെടാന്‍ കമ്പനികള്‍ മുമ്പോട്ട് വന്നപ്പോള്‍ ജിവികെയെ സഹായിക്കാന്‍ ഒത്തുകളി നടന്നെന്നാണ് ആക്ഷേപം. കരാര്‍ തുക വിനിയോഗിച്ച് തീരുമ്പോള്‍ ജീവനക്കാരെ ഇറക്കി സമരം ചെയ്ത് കൂടുതല്‍ തുക അനുവദിപ്പിക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്. ഇന്ധനവിലയും സ്‌പെയര്‍ പാര്‍ട്‌സ് വിലയും അടക്കം വര്‍ധിച്ചപ്പോഴും ഇത്ര കുറഞ്ഞ തുക ക്വാട്ട് ചെയ്യാന്‍ സാധിച്ചെങ്കില്‍ അന്ന് നടന്നത് വൃക്തമായ അഴിമതിയായിരിക്കുമെന്നാണ് ചെന്നിത്തലയുടെ വാദം.

ചെന്നിത്തലയുടെ പ്രധാന വാദങ്ങള്‍ ഇവയാണ്. അഞ്ചുവര്‍ഷം കൊണ്ട് ഇന്ധനവിലയിലും സ്പെയര്‍പാര്‍ട്‌സ് വിലയിലും 30 ശതമാനത്തോളം വര്‍ധനവും കൂടുതല്‍ ആംബുലന്‍സുകളും ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനം തുക കുറച്ചാണ് ഇപ്പോള്‍ ക്വാട്ട് ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ വന്‍തുക നല്‍കിയതെന്തിനാണെന്ന് മറുപടി പറയണം. അതിന് മുഖ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും ബാധ്യസ്ഥരുമാണ്. അന്ന് കൂടിയ തുകയ്ക്ക് ക്വട്ടേഷന്‍ നല്‍കുക വഴി കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടിയുടെ എങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഈ കമ്മീഷന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കണം. ഒരു പദ്ധതിയുടെ നടത്തിപ്പിന്റെ അത്രയും തന്നെ തുക കമ്മിഷന്‍ അടിക്കുന്ന പ്രവര്‍ത്തനമാണ് ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും നടത്തുന്നത്. തൊട്ടതിലെല്ലാം അഴിമതി കാണിക്കുന്ന ഈ കമ്മിഷന്‍ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. ജീവന്‍ രക്ഷാ സംവിധാനം നിലച്ചാല്‍ ജനരോഷത്തിന്റെ പേരു പറഞ്ഞ് പിന്നെയും തുക അനുവദിക്കാനാകും. ഇതും അഴിമതിക്ക് കളമൊരുക്കുകയാണ്. മുന്‍കാലങ്ങളില്‍ ഇങ്ങനെ നിരവധി സമരങ്ങള്‍ നടന്ന കാര്യവും തുക അനുവദിച്ച കാര്യവും ചൂണ്ടിക്കാട്ടിയാണ് ഈ വാദം. ആംബുലന്‍സ് സര്‍വീസ് നിലവില്‍ നടത്തുന്ന ജിവികെ ഇഎംആര്‍ഐ കമ്പനിക്ക് സര്‍ക്കാര്‍ 120 കോടി കുടിശിക നല്കാനുണ്ട്. ആംബുലന്‍സില്‍ നഴ്‌സ് ഉണ്ടാകില്ലെന്നതുള്‍പ്പെടെ പുതിയ കരാര്‍ വ്യവസ്ഥകളുടെ മറപിടിച്ച് ജീവനക്കാരെ വെട്ടിക്കുറച്ചും ശമ്പളം കുറച്ചും കൂടുതല്‍ ലാഭമെടുക്കാന്‍ കമ്പനി ഒരുക്കം നടത്തുന്നതായും വിവരമുണ്ട്.

എന്തായാലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വലിയ ഒരു വെളിപ്പെടുത്തലാണ് രമേശ് ചെന്നിത്തല നടത്തിയിരിക്കുന്നത്. ഇതിന് ആധികാരികമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരുമാണ്. അത്തരത്തില്‍ വ്യക്തമായ ഒരു മറുപടി സര്‍ക്കാര്‍ നല്‍കുമോ അതോ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം വഴിതിരിച്ചു വിടാനുള്ള ശ്രമമെന്ന് പറഞ്ഞ് സ്ഥിരം ഗിമ്മിക്കുകളിലൂടെ സര്‍ക്കാര്‍ ഒളിച്ചു കളിച്ച് പ്രതിരോധിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

Scroll to Top