
ഹമാസിനെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം അന്തര്‍ദേശീയ തലത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇസ്രായേല്‍ ആക്രമണം നടത്താനുണ്ടായ സാഹചര്യവും അതിന്റെ ഭാഗമായി അന്തര്‍ദേശീയ തലത്തില്‍ നടക്കാനിടയുള്ള അതിന്റെ അലയൊലികളും ഇതേച്ചൊല്ലി ഇസ്രായേലിനെ അനുകൂലിക്കുന്ന അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ എടുത്ത നിലപാട്, ഒപ്പം പശ്ചിമേഷ്യയിലെ, പ്രത്യേകിച്ച് ഗള്‍ഫ് സഹകരണ മേഖലയിലെ പുതിയ നീക്കങ്ങള്‍ എല്ലാം ഇപ്പോള്‍ വലിയൊരു ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇസ്രായേല്‍ ആക്രമണത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ കൂടി പുറത്തുവരുന്നത്. ആക്രമണം നടത്തുന്നതിന് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് എതിരായിരുന്നെന്നും ഇത് അവഗണിച്ചാണ് ബെഞ്ചമിന്‍ നെതന്യാഹു ഏകപക്ഷീയമായി തീരുമാനമെടുത്ത് ആക്രമണം നടത്തിയതെന്നുമുള്ള ഒരു വെളിപ്പെടുത്തല്‍ കൂടി ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഒപ്പം അമേരിക്ക പൂര്‍ണമായും ഇസ്രായേലിനെ എതിര്‍ത്ത് രംഗത്തെത്തി. മറ്റു ലോകരാഷ്ട്രങ്ങള്‍ പൊതുവേ ഇസ്രായേലിനെ അംഗീകരിക്കാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ചുരുക്കത്തില്‍ ഇസ്രായേല്‍ ഈ ഒരു ആക്രമണത്തോടെ അന്താരാഷ്ട്ര സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്.
ഏതൊരു സാഹചര്യത്തിലും ഖത്തറില്‍ ആക്രമണം നടത്തുന്നതിനോട് മൊസാദിന് എതിര്‍പ്പുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം, ഗാസ വിഷയത്തില്‍ ഹമാസുമായുള്ള മധ്യസ്ഥതയ്ക്ക് നേതൃത്വം വഹിച്ചിരുന്നത് ഖത്തറാണ്. ഇപ്പോഴത്തെ സാഹചര്യമാകട്ടെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ക്കും ബന്ദി മോചനത്തിനും അനുകൂല നിലപാട് ഹമാസ് സ്വീകരിച്ചു വരുന്ന സമയവും. അതുകൊണ്ട് തന്നെ ആദ്യം വെടിനിര്‍ത്തല്‍, ബന്ദി മോചനം ഇവ യാഥാര്‍ത്ഥ്യമാകട്ടെ. അതിന് തുരങ്കം വയ്ക്കുന്ന ഒരു തീരുമാനവും ഇപ്പോള്‍ എടുക്കേണ്ടതില്ലെന്നായിരുന്നു മൊസാദ് എടുത്ത നിലപാട്. ലഭ്യമായ സോഴ്‌സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ആക്രമണപദ്ധതിയെ എതിര്‍ത്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് നേരിട്ട് ഒരു കരയാക്രമണം നടത്താനുള്ള നീക്കം ഉപേക്ഷിച്ച് 15 പോര്‍വിമാനങ്ങള്‍ അയച്ച് ദോഹയില്‍ ബോംബാക്രമണം നടത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഏകപക്ഷീയമായി ഒരു തീരുമാനമെടുത്തതെന്നാണ് വിവരം. മൊസാദിന്റെയോ ഐഡിഎഫിന്റെയോ പിന്തുണയില്ലാതെ നടന്ന ആക്രമണമായതിനാല്‍ തന്നെയാണ് ചൊവ്വാഴ്ചത്തെ നെതന്യാഹുവിന്റെ ആക്രമണ നീക്കം പാളിപ്പോയത്.
ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്ന കാര്യത്തില്‍ മധ്യസ്ഥത വഹിച്ചിരുന്ന ഖത്തറും മൊസാദും തമ്മില്‍ നല്ലൊരു ഉഭയകക്ഷിബന്ധം ഉണ്ടായിരുന്നു. സ്വാഭാവികമായും വെടിനിര്‍ത്തലിന് ഏറെക്കുറെ അടുത്തെത്തിയ ഈ മധ്യസ്ഥതയ്ക്ക് കോട്ടം വരുകയോ മൊസാദുമായി ഖത്തറിനുള്ള ബന്ധം തകരുകയോ ചെയ്യുമെന്ന് മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബാര്‍ണിയ ഭയന്നിരുന്നു. അതുകൊണ്ടാണ് ഖത്തറില്‍ പോയി ആക്രമിക്കാനുള്ള നീക്കത്തെ മൊസാദ് എതിര്‍ത്തത്. മാത്രമല്ല ബന്ദികളെ കൈമാറ്റം ചെയ്യാന്‍ ഹമാസ് തയ്യാറായിട്ടുണ്ട്. ആദ്യം ബന്ദികളെ സുരക്ഷിതമായി ഇസ്രായേലില്‍ എത്തിക്കണം. അതിനു ശേഷം മൂന്നോ നാലോ വര്‍ഷത്തിനകം ഹമാസിനെ പിടികൂടാനും സാധിക്കും. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചും മൊസാദിന് കൃത്യമായ ആസൂത്രണമുണ്ട്. അപ്പോള്‍ പിന്നെ ഇപ്പോള്‍ ഒരു ആക്രമണം എന്തിനെന്ന ചോദ്യമാണ് മൊസാദ് മുന്നോട്ട് വച്ചത്. അതുകൊണ്ട് തന്നെ ദോഹയില്‍ ഒത്തുകൂടിയ ഹമാസ് നേതാക്കളെ വധിക്കാന്‍ ഏജന്റുമാരെ അയയ്ക്കുകയെന്ന പദ്ധതിയെ മൊസാദ് എതിര്‍ത്തു. ബന്ദിമോചനം യാഥാര്‍ത്ഥ്യമാകാനുള്ള എല്ലാ സാധ്യതയും തുറന്നിരിക്കുന്ന അവസ്ഥയില്‍ അതിന് വിഘാതമാകുന്ന ഒരു നടപടിയെയും പിന്തുണയ്ക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാകാം ബന്ദി മോചന ചര്‍ച്ചകളുടെ ചുമതലയുള്ള മുതിര്‍ന്ന ഐഡിഎഫ് ഉദ്യോഗസ്ഥനായ നിറ്റ്സാന്‍ അലോണിനെ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആക്രമണം ചര്‍ച്ച ചെയ്യുന്ന യോഗത്തിലേക്ക് ഇസ്രായേല്‍ ക്ഷണിച്ചിരുന്നില്ല.
യു.എസ് മുന്നോട്ട് വച്ച ബന്ദിമോചനം അടക്കം ചര്‍ച്ച ചെയ്യുന്നതിനും വെടിനിര്‍ത്തലിന് രൂപം നല്‍കുന്നതിനുമാണ് ഹമാസ് ഖത്തറില്‍ ഒത്തുകൂടിയത്. ആ യോഗത്തിലേക്കായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണവും. സ്വാഭാവികമായും നയതന്ത്ര തലത്തില്‍ തങ്ങള്‍ക്ക് കൂടി നേട്ടമാകുന്ന ഒരു നീക്കത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഇസ്രായേലിന്റെ ആക്രമണത്തോട് യു.എസിനും യോജിക്കാനായില്ല. സംഘര്‍ഷം അവസാനിപ്പിച്ച് അതിന്റെ നേട്ടം സ്വന്തമാക്കാന്‍ കാത്തിരുന്ന ട്രംപിന് ഇസ്രായേല്‍ നീക്കം തിരിച്ചടിയായതിന്റെ സൂചനയാണ് ആക്രമണം നെതന്യാഹുവിന്റെ തീരുമാനമാണെന്ന് പ്രസ്താവന നടത്തി തന്റെ എതിര്‍പ്പ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചത്. ഈ നയതന്ത്ര നീക്കത്തിനപ്പുറം അടുത്ത കാലത്തായി ട്രംപ് ഭരണകൂടം ഗള്‍ഫ് രാഷ്ട്രങ്ങളുമായി ആരംഭിച്ച വ്യാപാര നിക്ഷേപ സഹകരണങ്ങള്‍ക്ക് മേല്‍ വീഴുന്ന കറുത്ത നിഴലാകുമോ ഇസ്രായേല്‍ ആക്രമണം എന്ന ആശങ്ക ട്രംപിനുണ്ട്. അമേരിക്കയുടെ സൈനിക താവളങ്ങള്‍ നിരവധി ഗള്‍ഫ് രാഷ്ട്രങ്ങളിലുണ്ട് എന്നതും ഗള്‍ഫ് രാഷ്ട്രങ്ങളുടെ അപ്രീതിക്ക് കാരണമാകാതെ നോക്കാന്‍ ട്രെംപിനെ പ്രേരിപ്പിച്ചു. അതിന്റെ തെളിവാണ് ആക്രമണം ഇനി ആവര്‍ത്തിക്കില്ലെന്ന് ഖത്തറിന് ട്രംപ് ഉറപ്പുനല്‍കിയതും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ താനിക്ക് ട്രംപ് അത്താഴ വിരുന്നൊരുക്കിയതും.
ചുരുക്കത്തില്‍ ഒരു കാരണം കൊണ്ടും വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് എത്തിയവരെ വധിക്കാന്‍ ശ്രമിച്ചതും ചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിച്ച ഖത്തറില്‍ ആക്രമണം നടത്തിയതും ഇസ്രയേലിന് ന്യായീകരിക്കാന്‍ സാധിക്കില്ല. ഇതാണ് ഇസ്രായേലിനെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെ ആക്രമിച്ച ഇസ്രായേലിന്റെ നീക്കം പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി അടക്കമുള്ള ഇ-3 രാഷ്ട്രങ്ങള്‍ പൊതുവേ ഇസ്രായേലിന്റെ അക്രമങ്ങളെ അടുത്ത കാലത്തായി എതിര്‍ത്തു വരുകയാണ്. ഖത്തറിലെ വ്യോമാക്രമണത്തിനു പിന്നാലെ ആക്രമണത്തെ അപലപിച്ച് ബ്രിട്ടണും ഫ്രാന്‍സും ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ അവതരിപ്പിക്കാന്‍ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ ഇസ്രായേലിന്റെ അടുത്ത സുഹൃത്തായ അമേരിക്ക പിന്തുണച്ചതും ഇസ്രായേല്‍ ഒറ്റപ്പെടുന്നതിന് തെളിവായി. സാധാരണഗതിയില്‍ ഇസ്രായേലിനെതിരായ ഏതൊരു നീക്കത്തെയും അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു പതിവെന്ന് ഓര്‍ക്കണം. ഏറ്റവും വലിയ ഒരു മാറ്റം ഇസ്രായേലിനെ തള്ളിപ്പറയാന്‍ ഇന്ത്യയും തയ്യാറായി എന്നതാണ്. പലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിച്ച് യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. മുന്‍കാലങ്ങളില്‍ യുഎന്‍ പൊതുസഭയില്‍ ഗാസ വിഷയം വോട്ടിനുവരുമ്പോള്‍ വിട്ടുനില്‍ക്കുന്ന സമീപനമായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാലു തവണ ഗാസ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നിരുന്നു.
ഗള്‍ഫ് മേഖലയാകെ ഇസ്രായേലിനെ ഒറ്റക്കെട്ടായി എതിര്‍ത്ത് രംഗത്ത് വരുന്നുണ്ട്. ഏത് ഗള്‍ഫ് രാഷ്ട്രത്തെയും ആക്രമിക്കുന്നത് മുഴുവന്‍ ജിസിസിയെ ആക്രമിക്കുന്നതിന് തുല്യമാണെന്ന പ്രസ്താവനയിലൂടെ യുഎഇ ശക്തമായ എതിര്‍പ്പ് അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തെ അറബ് പാര്‍ലമെന്റും ആഫ്രിക്കന്‍ പാര്‍ലമെന്റും അപലപിച്ചു. അറബ് ഇസ്ലാമിക് ഉച്ചകോടിയും ദോഹയില്‍ നടക്കുകയാണ്.
ചുരുക്കത്തില്‍ ഏകപക്ഷീയമായ തീരുമാനത്തിലൂടെ ഖത്തറിനെ ആക്രമിച്ച ഇസ്രായേല്‍ ശരിക്കും പരാജയപ്പെട്ടു. ലക്ഷ്യം വച്ച ഹമാസ് നേതാക്കളെ വധിക്കുന്നതില്‍ പരാജയപ്പെട്ടതിലൂടെ ദൗത്യം പാളിയതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുകയും ചെയ്തു. ഈ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെങ്കിലും ഒരു പുനര്‍വിചിന്തനത്തിന് ഇസ്രായേല്‍ തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.



