ശത്രുക്കളെ ചാരമാക്കാന്‍ ഇസ്രായേലിന്റെ ഹൈ പവര്‍ ലേസര്‍ ഇന്റര്‍സെപ്റ്റര്‍; എന്താണ് അയേണ്‍ ഡോമിനെ വെല്ലുന്ന അയേണ്‍ ബീം..!


ലോക യുദ്ധചരിത്രത്തിലാദ്യമായി ഉഗ്രശേഷിയുള്ള ലേസര്‍ ഇന്റര്‍സെപ്റ്റര്‍ സാങ്കേതികവിദ്യ വിന്യസിച്ചിരിക്കുകയാണ് ഇസ്രായേല്‍,. തങ്ങളുടെ രാജ്യത്തിനു നേര്‍ക്കുള്ള ഏതുതരം ആക്രമണത്തെയും ചെറുക്കാന്‍ ശേഷിയുള്ളതെന്ന് വിശേഷിപ്പിക്കുന്ന ലേസര്‍ പവര്‍ ഇന്റര്‍ സെപ്റ്ററുകളാണ് ഇസ്രായേല്‍ അവതരിപ്പിച്ചത്. അയേണ്‍ ബീം എന്നു പേരിട്ടിരിക്കുന്ന അയേണ്‍ ബീം, നേരത്തെ തന്നെ ഇസ്രായേലിന്റെ പക്കലുള്ള അയേണ്‍ ഡോമുകളുടെ അത്യാധുനിക പതിപ്പാണ്. ഇസ്രായേലിന്റെ സൈനിക പ്രതിരോധ ശേഷി ഇരട്ടിയാക്കും അയേണ്‍ ബീം എന്നാണ് ഇസ്രായേല്‍ കരുതുന്നത്. അയേണ്‍ ബീമില്‍ ഉപയോഗിച്ചിട്ടുള്ള ലേസര്‍ സാങ്കേതികവിദ്യ, ഏതുതരം വ്യോമാക്രമണങ്ങളെയു ചെറുക്കാന്‍ പര്യാപ്തമാകുമെന്നാണ് കരുതുന്നത്. ലേസര്‍ ഇന്റര്‍സെപ്റ്റര്‍ സംവിധാനം ഏറ്റവും ഫലപ്രദവും യുദ്ധത്തില്‍ വിജയകരമായി പരീക്ഷിച്ചതാണെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു.

എന്താണ് അയേണ്‍ ബീം.?

നിലവില്‍ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനത്തിന്റെ നെടുംതൂണ്‍ എന്നു പറയുന്നത് അയേണ്‍ ഡോം, ഡേവിഡ് സ്ലിംഗ്, ആരോ സിസ്റ്റം എന്നിവയാണ്. ഇവയ്ക്ക് കൂടുതല്‍ ശക്തിപകരുന്ന ഒന്നാണെന്നാണ് ഇസ്രായേല്‍ അയേണ്‍ ബീമിനെ കുറിച്ച് അവകാശപ്പെടുന്നത്. സാധാരണഗതിയില്‍ ചെറിയ ഹ്രസ്വദൂര റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, ഡ്രോണുകള്‍, താണുപറക്കുന്ന വിമാനങ്ങള്‍ എന്നിവെയയാണ് അയേണ്‍ ബീം ലക്ഷ്യമിടുക. ഇത് അയേണ്‍ ഡോം പോലുള്ള ഇന്റര്‍സെപ്റ്ററുകളുടെ ജോലിഭാരം കുറയ്ക്കുകയും ചെയ്യും. ശത്രുക്കള്‍ കണ്ണകലത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ചുട്ടു ചാമ്പലാക്കാന്‍ അയണ്‍ ബീമിന് നിമിഷനേരം മതി. ശത്രുക്കളെ സാമ്പത്തികമായി തകര്‍ക്കുന്നതിനൊപ്പം തന്നെ ജനങ്ങളുടെ ജീവനുകള്‍ സംരക്ഷിക്കാനും അയേണ്‍ ബീമിന് സാധിക്കുമെന്ന് ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറയുന്നു.

ആധുനിക യുദ്ധരീതികളെ എന്നെന്നേക്കുമായി മാറ്റിമറിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അയണ്‍ ബീം ലേസര്‍ സിസ്റ്റം ഈയാഴ്ച തുടക്കത്തിലാണ് റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് പുറത്തിറക്കിയത്. ഹിസ്ബുള്ളയുമായി ഇസ്രായേല്‍ നടത്തിയ യുദ്ധസമയത്ത് തന്നെ അയണ്‍ ബീം പുറത്തിറക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നതാണ്. അധികച്ചെലവില്ലാതെ തന്നെ ശത്രുക്കളെ തുരത്താം എന്നതാണ് അയണ്‍ ബീമിന്റെ മറ്റൊരു പ്രത്യേകത. പരമ്പരാഗത മിസൈല്‍വേധ സംവിധാനങ്ങള്‍ക്ക് 60000 ഡോളര്‍ മുതലാണ് ചെലവ്. എന്നാല്‍ അയണ്‍ ബീം ലേസര്‍ സാങ്കേതിക വിദ്യയ്ക്ക് ഷോട്ടിന് കേവലം രണ്ടുഡോളര്‍ മാത്രമാണ് ചെലവ് വരുക എന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. ഇതുവഴി ഇസ്രയേലിന് സാമ്പത്തിക നഷ്ടം വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ അഭിപ്രായം.

പ്രവര്‍ത്തനരീതി എങ്ങനെ.?

100 കിലോവാട്ട് ശേഷിയുള്ള ഹൈ എനര്‍ജി ലേസര്‍ സംവിധാനമാണ് അയേണ്‍ ബീമുകളില്‍ ഉപയോഗിക്കുന്നത്. ഫൈബര്‍ ലേസറുകള്‍ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ലേസര്‍ ബീമുകള്‍ ഉപയോഗിച്ചാണ് അയേണ്‍ ബീം ശത്രുക്കളുടെ അക്രമങ്ങളെ ചെറുക്കുക. ശത്രു സാന്നിധ്യം കണ്ടെത്തിയാലുടന്‍ അയേണ്‍ ബീമുകള്‍ അലേര്‍ട്ടാവും. ഒപ്പം അവയെ ട്രാക്ക് ചെയ്യുകയും കൃത്യമായ ലക്ഷ്യത്തോടെ ആക്രമണം നടത്തി ശത്രുക്കളെ നശിപ്പിക്കുകയും ചെയ്യും. ശത്രുസാന്നിധ്യം, കണ്ടെത്തിയാല്‍ ഒരു ഫൈബര്‍ ലേസറില്‍ നിന്ന് നൂറുകണക്കിന് ബീമുകളാണ് ശത്രുക്കള്‍ അയക്കുന്ന റോക്കറ്റുകളോ മോര്‍ട്ടാറുകളോ ഡ്രോണുകളോ ലക്ഷ്യമാക്കി അയേണ്‍ ബീമില്‍ നിന്ന് പുറപ്പെടുന്നത്. അങ്ങനെ ശത്രുക്കളുടെ ആക്രമണത്തെ ഫലപ്രദമായി കുറഞ്ഞ ചിലവില്‍ നേരിടാന്‍ ഇസ്രായേലിന് സാധിക്കും. ഇത് ശത്രുക്കള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുകയും ചെയ്യും.

അതേസമയം, കരയാക്രമണം ആരംഭിച്ച ഗാസ രക്തരൂഷിതമായി തുടരുകയാണ്. ഇസ്രായേലിന്റെ അതിക്രൂര കര വ്യോമ ആക്രമണങ്ങളുടെ മരണപ്പെയ്ത്ത് തുടരുന്ന ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമാകുകയാണ് ഓരോ ദിവസവും. ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ തടസ്സപ്പെടുക കൂടി ചെയ്തതോടെ പുറംലോകവുമായി ഇവര്‍ക്കുള്ള സകല ബന്ധവും അറ്റു. ഗാസ സിറ്റി ഉള്‍പടെ വടക്കന്‍ ഗാസ മരണത്തിന്റെ താഴ് വരയായി മാറിയിരിക്കുകയാണ്. കരയുദ്ധം ആരംഭിച്ച് മൂന്നാംദിവസം കൂടുതല്‍ യുദ്ധടാങ്കുകള്‍ ഗാസയുടെ മണ്ണിലെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് വടക്കന്‍ഗാസയിലുടനീളം മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. ഇതോടെ സഹായമഭ്യര്‍ഥിക്കാനോ ആശയവിനിമയത്തിനോ പോലും ഇവര്‍ക്ക് സാധിക്കുന്നില്ല.

ഗാസ സിറ്റിയുടെ കിഴക്കന്‍മേഖല നേരത്തേ സൈന്യം അധീശപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സിറ്റിയുടെ ഹൃദയഭാഗത്തേക്കും പടിഞ്ഞാറന്‍ മേഖലകളിലേക്കു കൂടി സൈനിക വിന്യാസം ഇസ്രായേല്‍ വ്യാപിപ്പിച്ചു വരുകയാണ്. ഗാസ സിറ്റി പിടിച്ചടക്കുക എന്നത് മാത്രമാണ് ഇസ്രായേല്‍ ലക്ഷ്യം. അതിനായി വംശഹത്യ അതിക്രൂരമായ രീതിയില്‍ നടപ്പാക്കുകയാണ് അവര്‍. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ക്കെതിരെ പുറം തിരിഞ്ഞിരുന്നാണ് ഇസ്രായേലിന്റെ സൈനിക നടപടി. ടെല്‍ അല്‍ ഹവായിലും ശൈഖ് റദ്‌വാനിലും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നു. സിറ്റിയിലെ പത്തുലക്ഷംപേരെയും നിര്‍ബന്ധിച്ച് കുടിയിറക്കിയശേഷം ഹമാസുകാരുമായി നേരിട്ടേറ്റുമുട്ടുകയാണ് സൈന്യത്തിന്റെ ലക്ഷ്യം.

 

ഹമാസിന്റെ ശക്തികേന്ദ്രമായ ഗാസാസിറ്റിയില്‍ 3000-4000 ഹമാസുകാരുണ്ടെന്നാണ് ആരോപണം. ബുധനാഴ്ച മാത്രമുണ്ടായ ആക്രമണങ്ങളില്‍ സിറ്റിയില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ പോഷകാഹാരക്കുറവിനാലും നാലുമരണമുണ്ടായി. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനും ഉപരോധം പിന്‍വലിപ്പിച്ച് പ്രദേശത്തെ പട്ടിണിയില്‍നിന്ന് രക്ഷിക്കാനും ലക്ഷ്യമിട്ട് പലസ്തീനെ പിന്തുണയ്ക്കുന്ന സ്വതന്ത്രചിന്തകരായ ലോകത്തെ എല്ലാമനുഷ്യരും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഗോളതലത്തില്‍ പ്രതിഷേധിക്കണമെന്ന് ഹമാസ് ആഹ്വാനംചെയ്തു. കഴിഞ്ഞ നവംബര്‍മുതല്‍ വെടിനിര്‍ത്തല്‍ നിലവിലുള്ള ലെബനന്റെ തെക്കന്‍മേഖലയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ഇവിടത്തെ മൂന്നുമേഖലകളിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിരുന്നു. 2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തില്‍ ഗാസയില്‍ ആകെ മരണം 65,141 ആയിട്ടുണ്ട്. പട്ടിണി മരണങ്ങള്‍ വേറെയും.

അതിരൂക്ഷമായ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എങ്ങോട്ട് പോകുമെന്നറിയാതെ കേഴുന്ന പലസ്തീനികളുടെ ചിത്രം ചങ്ക് പിളര്‍ക്കുന്നവയാണ്. ജനിച്ച മണ്ണും നാടും വിട്ട് ഭീതിതമായ പലായനത്തിന് നിര്‍ബന്ധിക്കപ്പെട്ടവര്‍. നാട് വിട്ടു പോകുന്നതിലും ഭേദം മരണമാണെന്നാണ് അവരുടെ പക്ഷം. നെഞ്ച് പിളരുന്ന കാഴ്ചകളല്ലാതെ മറ്റൊന്നും അവിടെ ഇല്ല. ഗാസ സിറ്റി വിട്ടാലും ജനങ്ങള്‍ ഞെരുങ്ങിക്കഴിയുന്ന, അടിസ്ഥാന സൗകര്യമോ ഭക്ഷണമോ പോലും കിട്ടാത്ത തെക്കന്‍ ഗാസയിലേക്ക് പോകാനുള്ളത് എന്നത് അവരുടെ ദുരിതം ഇരട്ടിപ്പിക്കുന്നു.

Scroll to Top