മധ്യപൂര്‍വ ദേശത്ത് സമാധാനത്തിന്റെ സൂര്യന്‍ ഉദിച്ചു; യുദ്ധങ്ങള്‍ അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്ന് ഡോണള്‍ഡ് ട്രംപ്; ഇസ്രായേല്‍ പാര്‍ലമെന്റില്‍ ട്രംപിന് കയ്യടിയും പ്രതിഷേധവും.

ടെല്‍ അവീവ്: മധ്യപൂര്‍വ ദേശത്ത് അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകള്‍ അവസാനിച്ച് സമാധാനത്തിന്റെ സൂര്യന്‍ ഉദിച്ചിരിക്കുകയാണെന്ന് യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. മധ്യപൂര്‍വദേശത്തിന്റെ ചരിത്രപരമായ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും യുദ്ധങ്ങള്‍ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ധീരരായ ആ 20 ബന്ദികളും അവരുടെ കുടുംബത്തോടൊപ്പം എത്തി. ഇത് യുദ്ധത്തിന്റെ മാത്രമല്ല, ഭീകരതയുടെയും അവസാനമാണ്. പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും നാളുകള്‍ ആണ് വരുന്നതെന്നും ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

രണ്ട് വര്‍ഷക്കാലം ധീരതയോടെ ഇസ്രയേലിനെ മുന്നോട്ട് നയിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ട്രംപ് അഭിനന്ദിച്ചു. ഇതൊരു എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും നിങ്ങള്‍ ആ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചെന്നും ട്രംപ് വ്യക്തമാക്കി. ഗാസ സമാധാന പദ്ധതിക്കും ബന്ദി കൈമാറ്റത്തിനും സഹായിച്ച നിരവധി പേരുണ്ട്. അവര്‍ക്കെല്ലാം ട്രംപ് നന്ദി അറിയിച്ചു. ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെ ട്രംപ് അഭിനന്ദിച്ചു. യുഎസ് രണ്ട് ലോകമഹായുദ്ധങ്ങള്‍ ജയിച്ചു. എട്ട് മാസത്തിനിടക്ക് എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചു. യുദ്ധങ്ങള്‍ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.

പാര്‍ലമെന്റില്‍ എത്തിയ ട്രംപിനെ എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് പാര്‍ലമെന്റംഗങ്ങള്‍ സ്വീകരിച്ചത്. അതിനിടെ, ട്രംപിന്റെ പ്രസംഗത്തിനിടെ ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സ്പീക്കറുടെ നിര്‍ദേശപ്രകാരം സുരക്ഷാ സേന പുറത്താക്കി. പാര്‍ലമെന്റില്‍ ട്രംപ് പ്രസംഗിക്കുന്നതിനിടെ എംപിമാര്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന എത്തി നെസെറ്റില്‍ നിന്ന് ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കി.

Scroll to Top