കേരളത്തില്‍ രണ്ടു കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്ക്; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍

കണ്ണൂര്‍: കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസ്സുകാരനും കാസര്‍ഗോഡ് സ്വദേശിയായ ആറ് വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്. ഈ മാസം രോഗം ബാധിച്ചു മരിക്കുന്ന നാലാമത്തെ ആളാണിത്. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്നു കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ടാങ്കുകള്‍ വൃത്തിയാക്കണം. ശുദ്ധീകരിക്കാത്ത കുളങ്ങളില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണു സാധാരണയായി രോഗബാധ ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒന്നരമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

Scroll to Top