ദിലീപിന് നടിയോട് പക; ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കി; മുന്‍പും അക്രമത്തിന് ശ്രമം; നടി ആക്രമിക്കപ്പെട്ട കേസ് നാള്‍വഴി ഇങ്ങനെ..!

സമാനതകളില്ലാത്ത ഒരു കേസാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ ഒരു സിനിമാനടി ബലാല്‍സംഗത്തിനിരയായി എന്നത്. കേരളത്തിലെന്നല്ല ഇന്ത്യയില്‍ പോലും ഇത്തരത്തില്‍ ഒരു കേസ് മുന്‍പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. അത്രത്തോളം ഭയാനകമായ അപൂര്‍വമായ ഒരുകേസാണത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി സ്വന്തം സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്യാനും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും ഒരു ഗുണ്ടയ്ക്ക് ക്വട്ടേഷന്‍ നല്‍കുക എന്നത് ഇന്ത്യയിലെങ്ങും അന്നുവരെ കേട്ടിട്ട് പോലുമില്ലാത്ത ഒരു ക്വട്ടേഷന്‍ രീതിയായിരുന്നു. ദിവസങ്ങള്‍ കൊണ്ട് ക്വട്ടേഷനില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ ഒന്നൊന്നായി പിടിയിലായപ്പോള്‍ പിെേന്നയും ഞെട്ടിയത് കേരള മനസ്സാക്ഷി കൂടെയായിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കമായിരുന്നു. ഉടഞ്ഞു വീണത് മലയാളി മനസ്സില്‍ വച്ച് ആരാധിച്ച ഒരു വലിയ ബിംബമായിരുന്നു. മലയാള സിനിമാ മേഖലയെ തന്നെ നടി ആക്രമിക്കപ്പെടുന്നതിനു മുന്‍പും ശേഷവും എന്ന് അടയാളപ്പെടുത്തപ്പെട്ട ഒരു കാലഘട്ടമാണ് ഇക്കഴിഞ്ഞ ഏഴുവര്‍ഷം എന്നത്.

ജനപ്രിയ നായകന്‍ എന്ന ലേബലില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയായിരുന്ന ദിലീപ്, തന്റെ സഹപ്രവര്‍ത്തകയായ ഒരു നായികനടിയെ ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തെന്നാണ് കേസിന്റെ കണ്ടെത്തല്‍. ഒന്നാംപ്രതിയായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാറിന് ഒന്നരക്കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയിരുന്നത്. 2017 ഫെബ്രുവരി 17നാണ് നടിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തത്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. സിനിമാ മേഖലയില്‍ തന്നെ ഞെട്ടലുണ്ടാക്കിയ ഈ സംഭവത്തിനു ശേഷം മലയാള സിനിമ തന്നെ രണ്ടുതട്ടിലായി തിരിഞ്ഞു. ആള്‍ബലം കൊണ്ടും സമ്പത്ത് കൊണ്ടും പലതാരങ്ങളും ദിലീപിനൊപ്പം നിന്നപ്പോള്‍ ദിലീപിനെതിരെയും ഒരു കോക്കസ് തന്നെ രൂപം കൊണ്ടു. നടിമാരുടെ മാത്രമായി വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്കും കാരണമായത് നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു.

കേസിന്റെ വിചാരണയ്ക്കിടെ അതിജീവിതയും അന്വേഷണസംഘവും കോടതിയെ അറിയിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. മാസങ്ങളോളം നീണ്ട ആസൂത്രണമാണ് നടിയെ ആക്രമിച്ച കേസിലേക്ക് എത്തിച്ചത് എന്നത് അന്വേഷണത്തിനിടെ പുറത്തുവന്ന വിവരങ്ങളാണ്. അഞ്ചുവര്‍ഷം മുന്‍പ് തന്നെ ദിലീപിന് തന്നോട് പകയുണ്ടായിരുന്നതായും ഇതാണ് പകപോക്കാന്‍ ക്വട്ടേഷന്‍ ഏല്‍പിക്കുന്നതിലേക്ക് എത്തിച്ചതെന്നും അതിജീവിത കോടതിക്ക് നല്‍കിയ മൊഴിയിലുണ്ട്. മുന്‍പും നടിയെ ആക്രമിക്കാനും ബലാല്‍സംഗം ചെയ്യാനും ശ്രമവും ആസൂത്രണവും പള്‍സര്‍ സുനി നടത്തിയിട്ടുണ്ട്. വിചാരണയിലെ വിവരങ്ങള്‍ എന്ന നിലയില്‍ പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് അതാണ്. ഗോവയില്‍ ഇതേ നടിയുടെ സിനിമ ചിത്രീകരണം നടക്കുന്ന സമയത്ത് അവിടെ വച്ച് കൃത്യം നടത്താനായിരുന്നു പദ്ധതി. ജനുവരി 3ന് നടി ഗോവയിലെത്തിയപ്പോള്‍ നടിയെ വിമാനത്താവളത്തില്‍ നിന്ന് പിക്ക് ചെയ്തത് സുനിയായിരുന്നു. അന്ന് ബലാല്‍സംഗം ചെയ്യാന്‍ കാറിനായി സെന്തില്‍കുമാര്‍ എന്നയാളെ സുനി ബന്ധപ്പെട്ടു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പക്ഷേ അന്നത് നടക്കാതെ പോയി. പിന്നീട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നടി റോഡ്മാര്‍ഗം കൊച്ചിയിലേക്ക് പോകുകയാണെങ്കില്‍ അതിനിടയില്‍ കൃത്യം നടത്താമെന്ന് പ്ലാന്‍ ചെയ്തു. എന്നാല്‍, അപ്രതീക്ഷിതമായി ജനുവരി 5ന് തന്നെ നടി മടങ്ങി. ഇതോടെ ഈ ശ്രമവും പരാജയപ്പെട്ടു. ഇതാണ് പിന്നീട് ഫെബ്രുവരി 17 വരെ നീണ്ടത്.

2012 മുതല്‍ നടന്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്ന് ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയില്‍ നല്‍കിയ മൊഴിയും പുറത്ത് വന്നിട്ടുണ്ട്. മഞ്ജുവുമായുളള വിവാഹബന്ധം തകര്‍ത്തത് നടിയാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു. 2012 ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് തന്നോടും നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നായിരുന്നു ദിലീപിന് നടിയില്‍ നിന്ന് അറിയേണ്ടിയിരുന്നത്. എന്നാല്‍, തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് നടി ദിലീപിന് മറുപടിയും നല്‍കിയിരുന്നു. ദിലീപിനെതിരെ നിന്നവരൊന്നും സിനിമയില്‍ രക്ഷപ്പെട്ടിട്ടില്ലെന്ന് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതെല്ലാം വിസ്താരവേളയില്‍ അതിജീവിതയായ നടി കോടതിക്ക് നല്‍കിയ മൊഴിയിലുള്ളതാണ്.

ഫെബ്രുവരി 17ന് നടന്ന സംഭവത്തിനു പിന്നാലെ ഫെബ്രുവരി 23 ആയപ്പോഴേക്കും പള്‍സര്‍ സുനി അടക്കം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെല്ലാം പിടിയിലായിരുന്നു. കൃത്യം നടന്ന് മൂന്നുമാസം തികയുന്ന ദിവസം തന്നെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പിക്കപ്പെട്ടിരുന്നു, ഒന്നാംപ്രതിയായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാറില്‍ നിന്ന് പിന്നീട് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതായി. ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി സൂചന നല്‍കി. ജൂണ്‍ 25ന് ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന് സുനിയുടെ സഹായികളെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം ദിലീപിനെയും സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയെയും ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ മൊഴിയെടുത്തതോടെ കേസില്‍ ദിലീപ് കുടുങ്ങുമെന്ന വലിയ അഭ്യൂഹങ്ങള്‍ പരന്നു. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞ് 2017 ജൂലൈ പത്തിന് ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചൈയ്തു. 11ന് ദിലീപ് റിമാന്‍ഡിലായി ആലുവ സബ് ജയിലിലുമായി.

വിചാരണാഘട്ടത്തിലൊന്നും സുനിയുമായുള്ള ബന്ധം സമ്മതിച്ചു തരാന്‍ ദിലീപ് തയ്യാറായിരുന്നില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ദിലീപിനെ പോലും അമ്പരപ്പിച്ചു കൊണ്ട് സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പള്‍സര്‍ സുനിക്കും ദിലീപിനും പരസ്പരം അറിയാമെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. ദിലീപിന്റെ ആവര്‍ത്തിച്ചുള്ള നിലപാട് തള്ളുന്നതാണ് പ്രതീഷിന്റെ വാക്കുകള്‍. ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ടെന്നുള്ള പ്രതീഷിന്റെ വാക്കുകള്‍ കേസില്‍ നിര്‍ണായകമാകും. തന്നെ കേസില്‍ പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിച്ചതെന്നും ദിലീപും വാദിച്ചിരുന്നു. പക്ഷേ, അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ഇടപെട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചെന്ന ഗുരുതരമായ കണ്ടെത്തലാണ് അന്വേഷണസംഘം നടത്തിയത്. താന്‍ കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്തുന്നതിന് ദിലീപിനെ പൂട്ടണം എന്ന പേരില്‍ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സൃഷ്ടിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. മഞ്ജു വാര്യരുടെയും, എഡിജിപി ബി.സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകള്‍ അടക്കം ഉള്‍പ്പെടുത്തിയായിരുന്നു ഗ്രൂപ്പ് നിര്‍മിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരസ്പരം ചാറ്റ് ചെയ്യുന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ദിലാപിന്റെ ഭാഗത്ത് നിന്നുണ്ടായതായി അന്വേഷണസംഘം കണ്ടെത്തി. കേസ് വഴി തെറ്റിക്കാന്‍ ദിിലീപ് വ്യാജ ആശുപത്രി രേഖയുണ്ടാക്കിയെന്നും അന്വേഷണം സംഘം കണ്ടെത്തി. 2017 ഫെബ്രുവരി പതിനാല് മുതല്‍ 21 വരെ താന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു എന്ന തരത്തില്‍ വ്യാജരേഖ സൃഷ്ടിച്ചു. 17നാണ് നടി ആക്രമിക്കപ്പെട്ടത് എന്നതിനാല്‍ താന്‍ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ലെന്ന് വരുത്താനായിരുന്നു ശ്രമെങ്കിലും വ്യാജരേഖ സൃഷ്ടിച്ചു എന്നല്ലാതെ ആശുപത്രി രേഖകളില്‍ ദിലീപിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇങ്ങനെ പലതരത്തില്‍ കേസിനെ വഴി തെറ്റിക്കാനും വിചാരണയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാനും ദിലീപ് ശ്രമിച്ചിരുന്നു.

കേസിന്റെ നാള്‍വഴി 2017 ഫെബ്രുവരി 17ന് രാത്രി 9 മണിയോടെയാണ് ഓടുന്ന കാറില്‍ യുവനടി അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാറായിരുന്നു പീഡനത്തിന് നേതൃത്വം നല്‍കിയത്. കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണി എന്ന ക്വട്ടേഷന്‍ സംഘാംഗം അന്നുതന്നെ പിടിയിലായിരുന്നു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് പള്‍സര്‍ സുനിയായിരുന്നു എന്ന് പിടിയിലായ മാര്‍ട്ടിനില്‍ നിന്ന് മനസ്സിലായതോടെ പൊലീസ് സംഘം സുനിക്കായി വലവിരിച്ചു. അതിനിടയില്‍ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച രണ്ടു കാറുകളും സംഘത്തിലുള്‍പെട്ട ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരും കോയമ്പത്തൂരില്‍ നിന്നും പിടിയിലായി. അടുത്ത ദിവസം കൊച്ചി തമ്മനം സ്വദേശി മണികണ്ഠനും പിടിയിലായി. സംഭവം നടന്ന് ഒരാഴ്ച തികയുന്ന ദിവസം പള്‍സര്‍ സുനിയും പിടിയിലായി. പൊലീസിനെ വെട്ടിച്ച് കീഴടങ്ങുക എന്ന ലക്ഷ്യവുമായി കോടതിമുറിക്കുള്ളിലേക്ക് ഓടിക്കയറിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിമുറിയില്‍ നിന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

അതിനു ശേഷവും ചെറുതും വലുതുമായ പല അറസ്റ്റുകളും നടന്നു. അതിനിടെ ആഗസ്ത് 15ന് അന്വേഷണോദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ കത്തയയ്ക്കുന്ന സ്ഥിതിയുണ്ടായി. നവംബര്‍ 22ന് ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണസംഘം അനുബന്ധ കുറ്റപത്രവും സമര്‍പിച്ചു. അതിക്രമം നടത്തുന്നതിനായി ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ കുറ്റം. കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും കോടതിയെ സമീപിച്ചു. അങ്ങനെ ഹൈക്കോടതിയുടെ ഉത്തരവോടെ വിചാരണ നടപടികള്‍ക്കായി അന്നത്തെ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് നിയമിക്കപ്പെട്ടു. 2020 ജനുവരി 30നാണ് വിചാരണ ആരംഭിച്ചത്. അടച്ചിട്ട കോടതിയില്‍ അക്രമിക്കപ്പെട്ട നടിയെയാണ് ആദ്യം വിസ്തരിച്ചത്. വിചാരണാ നടപടി നടക്കവേ വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി. അതിനിടെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2021 ഡിസംബര്‍ 17ന് ഈ ഹര്‍ജി ദിലീപ് പിന്‍വലിക്കുകയാണുണ്ടായത്.

ഇതിനിടയില്‍ കൊവിഡ് കാരണവും മറ്റു പല കാരണങ്ങളാലും വിചാരണ നീണ്ടുപോയിക്കൊണ്ടിരുന്നു. ദിലീപിനെതിരെ മൊഴി നല്‍കി ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശം ഉണ്ടായതും ഈ സമയത്തായിരുന്നു. 2023 ആഗസ്തിലാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ചൂണ്ടിക്കാട്ടി അതിവീജിതയായ നടി പേെിന്നയും ഹൈക്കോടതിയില്‍ എത്തിയത്. ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അതേമാസം തന്നെ വിചാരണ പൂര്‍ത്തിയാക്കാന്‍ അവസാനം എട്ട് മാസം കൂടി വിചാരണ കോടതി നീട്ടി ചോദിച്ചു.

അങ്ങനെ പലകുറി മാറ്റിയും നീട്ടിയും സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടായിരുന്നു. സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റുകളാണ് കേസിലുടനീളം കണ്ടത്. ദിലീപിന് എതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ചതും ആദ്യം ദിലീപിന് എതിരായി മൊഴി നല്‍കിയ ചില താരങ്ങള്‍ പിന്നീട് മൊഴി മാറ്റിയതും സത്യസന്ധമായ നടപടികള്‍ക്ക് വേണ്ടി അതിജീവിതയ്ക്ക് രാഷ്ട്രപതിയെ വരെ സമീപിക്കേണ്ടിവന്നതും നടി ആക്രമിക്കപ്പെട്ട കേസിനെ വലിയ രീതിയില്‍ ചര്‍ച്ചയാക്കി. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളെ ആധാരമാക്കി പുതിയ എഫ് ഐ ആര്‍ ഇട്ടതും ജനുവരി 10-ന് സ്വയം വെളിപ്പെടുത്തിക്കൊണ്ട് അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീണ്ടും നാടകീയമായ സംഭവങ്ങളുടെ ഘോഷയാത്രയിലേക്ക് നയിച്ചു. വിചാരണാവേളയില്‍ നാലരവര്‍ഷം കൊണ്ട് ആകെ 261 സാക്ഷികളെ വിസ്തരിക്കുകയും 1600 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

എട്ടര വര്‍ഷം നീണ്ട കേസ് സമൂഹത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു. സിനിമയിലെ സംഘടനാരംഗത്ത് പലയിടങ്ങളിലും അവസാനവാക്കായിരുന്ന ദിലീപിന് എല്ലായിടങ്ങളിലും സ്ഥാനം നഷ്ടപ്പെടുത്തിയത് ഈ കേസായിരുന്നു. അതില്‍ നിന്ന് പിന്നീടൊരു അതിജീവനം ദിലീപിന് സാധ്യമായിട്ടില്ല. ദിവസങ്ങളോളമുള്ള ജയില്‍വാസത്തിനൊടുവില്‍ പുറത്തിറങ്ങുമ്പോള്‍ ദിലീപിന് ആശ്വാസമായത് രാമലീലയുടെ പേരിനൊരു വിജയവും ഒപ്പം നിന്ന കുറച്ച് ആരാധകരും മാത്രമായിരുന്നു, ശേഷം കേരളം കണ്ടതും ഇന്നും കണ്ടുകൊണ്ടിരിക്കുന്നതും നായകനായ വില്ലന്റെ നിലനില്‍പിനായുള്ളപോരാട്ടമാണ്.

Scroll to Top