ജമാഅത്തെ ഇസ്ലാമിയുമായി എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് യുഡിഎഫ് വ്യക്തമാക്കട്ടെ

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും കൂട്ടത്തിലുണ്ടായിരുന്നു. അന്ന് അവരെ മുഖത്ത് നോക്കി വര്‍ഗ്ഗീയ വാദികളെന്ന് താന്‍ വിളിച്ചെന്നും എകെജി സെന്റെറിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ വാദികള്‍ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജമാഅത്തെ നേതാക്കളെ കണ്ടത്. കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് കണ്ടു, അവര്‍ പ്രശ്‌നക്കാര്‍ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ട്. ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

1992-ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ല്‍ ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിന് ചെയ്തത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാഅത്തെ ഇസ്ലാമി വര്‍ഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എല്‍ഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ എല്‍ഡിഎഫിന് ബന്ധമുണ്ടായത് ജമാത്തെ ഇസ്ലാമിയുമായി നേരിട്ടെന്നും എന്നാല്‍ യുഡിഎഫിന് വെല്‍ഫയര്‍ പാര്‍ട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ജമാഅത്തെ എല്‍ഡിഎഫ് ബന്ധം മറക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Scroll to Top