കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് എന്ന് പോലീസ്. പ്രതിയുടെ ഉമ്മ ഷെമി പറഞ്ഞിട്ടാണ് അഫാന്‍ സ്വന്തം അനുജനെ പോലും കൊന്നതെന്നും ഷെമിയെ ഉടന്‍ അറസ്റ്റ് ചെയ്യും എന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മീഡിയകള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ഇത് തികച്ചും തെറ്റാണ്. ഇതോടൊപ്പം അഫാനെയും പിതാവ് റഹിമിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തെന്നും, റഹിം പൊലീസ് സ്റ്റേഷനിലെത്തി അഫാനെ കണ്ടെന്നുമുള്ള വാര്‍ത്തകളും തെറ്റാണന്ന് വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്.
അഫാനെയും പിതാവ് റഹിമിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ റഹീമിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പോലീസ് ഈ നീക്കം ഉപേക്ഷിച്ചത്. നാട്ടില്‍ എത്തിയ ശേഷം മകനെ നേരിട്ട് കാണേണ്ട എന്നുള്ള ഉറച്ച നിലപാടിലാണ് റഹീം. കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വകരുന്ന വ്യാജവാര്‍ത്തകള്‍ കണ്ട് പോലീസുകാര്‍ക്കു പോലും അമ്പരപ്പാണ്.
എങ്ങനെയാണ് ഒരു സോഴ്‌സും ഇല്ലാത്ത ഇത്തരം വ്യാജവാര്‍ത്തകള്‍ ഓണ്‍ലൈന്‍ മീഡിയകള്‍ പടച്ചുവിടുന്നത് എന്നാണ് അന്വേഷണ സംഘത്തിലുള്ള പോലീസുകാര്‍ പോലും ചോദിക്കുന്നത്… അഫാനെയും തന്നെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തെന്ന് പ്രചരിപ്പിച്ചതിതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റഹീം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നിട്ട് ഒരുമാസം പിന്നിടുന്നു. ഫെബ്രുവരി 24നാണ് അഫാന്‍ എന്ന 23കാരന്‍ തുടര്‍ച്ചയായി അഞ്ചുപേരെ കൊലപ്പെടുത്തുകയും സ്വന്തം മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായയാക്കുകയും ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അന്വേഷണം അന്തിമഘട്ടത്തിലാണ്. കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പാങ്ങോട് 91 വയസ്സുകാരിയായ സ്വന്തം വല്ല്യുമ്മയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്ന കേസിലായിരിക്കും പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. ബാക്കി കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതിനിടെ, ജയിലില്‍ കഴിയുന്ന പ്രതി അഫാന്‍ മാതാപിതാക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്നും പാപമാണന്നും ജയില്‍ ഉദ്യോഗസ്ഥരോട് അഫാന്‍ പറഞ്ഞതായാണ് വിവരം. അഫാന്‍ ജയിലില്‍ നല്ല നടപ്പാണെന്ന് വ്യക്തമാക്കി അധികൃതര്‍. ആത്മഹത്യ പ്രവണതയുള്ളതിനാല്‍ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു അഫാന്‍. എന്നാല്‍ നിലവില്‍ അഫാന് ആത്മഹത്യ പ്രവണതയില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ജയിലില്‍ യു ടി ബ്ലോക്കില്‍ കര്‍ശന നിരീക്ഷണത്തിലാണ് അഫാന്‍. അവസാനഘട്ട തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിയെ ജയിലില്‍ എത്തിച്ചത്.
അതേസമയം, അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് വലിയ സാമ്പത്തിക ബാദ്ധ്യതയ്ക്ക് പിന്നിലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കൈയില്‍ ഒരു രൂപ ഇല്ലാത്ത അവസ്ഥയിലായിരുന്നു അഫാനും ഉമ്മയും. മകന്റെയും ഭാര്യയുടെയും സാമ്പത്തിക ബാധ്യതയെക്കുറിച്ച് പിതാവ് റഹീമിന് അറിയില്ലായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.
കോവിഡിന് ശേഷം സാമ്പത്തിക പ്രയാസത്തിലായ പിതാവ് വിദേശത്തു നിന്ന് പണം അയക്കുന്നത് കുറഞ്ഞു. പക്ഷേ അഫാനും ഉമ്മ ഷമിയും സാമ്പത്തിക അച്ചടക്കമില്ലാത്ത ജീവിതം തുടര്‍ന്നു. കടം വാങ്ങിക്കൂട്ടി. കടം നികത്താന്‍ ബന്ധുക്കളെ ഉള്‍പ്പെടെ ചേര്‍ത്ത് ചിട്ടി നടത്തി. എന്നാല്‍, ചിട്ടി കിട്ടിയവര്‍ക്കും പണം കൊടുക്കാനായില്ല. നേരത്തേ കടം വാങ്ങിയ പണവും ചിട്ടിപ്പണവും കിട്ടാതെ വന്നതോടെ ബന്ധുക്കളുമായി വഴക്കിട്ടു. 35 ലക്ഷത്തിലധികം ബാധ്യത വന്നു. ഇതിനിടെയും ബാങ്ക് വായ്പ എടുത്ത് അഫാന്‍ രണ്ടര ലക്ഷം രൂപ വിലവരുന്ന ബൈക്കും വാങ്ങി.
കൊലപാതകദിവസം കടം വാങ്ങിയവരില്‍ ചിലര്‍ ഉച്ചക്ക് വീട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. അരലക്ഷം രൂപയോളം അന്ന് തിരിച്ച് കൊടുക്കേണ്ടിയിരുന്നു. അനിയന്‍ അഫ്‌സാനെ രാവിലെ സ്‌കൂളില്‍ അയച്ചശേഷം അന്ന് അഫാന്‍ തന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയില്‍ നിന്ന് 200 രൂപ വായ്പ വാങ്ങി നൂറ് രൂപക്ക് ബൈക്കില്‍ പെട്രോള്‍ അടിച്ച് ഉമ്മയോടൊപ്പം കിളിമാനൂര്‍ തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയി പണം കടം ചോദിച്ചെങ്കിലും കിട്ടിയില്ല.
തിരിച്ച് വരുമ്പോള്‍ ബാക്കി നൂറു രൂപ ഉപയോഗിച്ച് ഉമ്മയോടൊപ്പം ആഹാരം കഴിച്ചു. കടം പെരുകി വീട്ട് ചെലവിനുപോലും വകയില്ലാതായിരുന്നു. ഈ സാഹചര്യത്തില്‍ ബന്ധുക്കളും കൈവിട്ടതായി ഇരുവര്‍ക്കും തോന്നി. എല്ലാവരും ചേര്‍ന്ന് ആത്മഹത്യ ചെയ്യാമെന്ന് നേരത്തേ തീരുമാനിച്ചിരുന്നതിനാല്‍ കടക്കാര്‍ പണം ചോദിച്ച് എത്തുന്നതിന് മുമ്പ് കൊലചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അഫാന്‍ നല്‍കിയിരിക്കുന്ന മൊഴി.