സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട് കേസില്‍ മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് നല്‍കിയതെന്ന് വീണ വിജയന്‍. സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ വിജയന്‍ മൊഴി നല്‍കിയെന്നായിരുന്നു ചില മാധ്യമങ്ങള്‍ ഇന്ന് വാര്‍ത്ത നല്‍കിയത്. വീണയ്ക്ക് പുറമെ എക്‌സാലോജിക് ജീവനക്കാരും സിഎംആര്‍എല്‍ ഐടി മേധാവിയും ഇത്തരത്തില്‍ എസ്എഫ്‌ഐഒക്ക് മൊഴി നല്‍കി എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് വീണ വിജയന്‍ പറഞ്ഞു. ”സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് ഞാന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ്. ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും ഞാന്‍ നല്‍കിയിട്ടില്ല.
ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സി എം ആര്‍ എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു”, വീണ വിജയന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.